പെരിന്തൽമണ്ണ
നിര്‍ധന രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിന് ഇ എം എസ് ചാരിറ്റബിൾ മെഡിക്കൽ ട്രസ്റ്റ് നേതൃത്വത്തില്‍ "സ്നേഹസ്പർശം' ചികിത്സാ പദ്ധതി ആരംഭിച്ചു. പെരിന്തൽമണ്ണ ഇ എം എസ് സഹകരണ ആശുപത്രിയിൽ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും ട്രസ്റ്റ് ചെയർമാനുമായ എ വിജയരാഘവന്‍ ഉദ്ഘാടനംചെയ്തു.
ഇ എം എസ് സഹകരണ ആശുപത്രിയിൽ കിടത്തിച്ചികിത്സയ്ക്കെത്തുന്ന പാവപ്പെട്ട രോഗികൾക്ക് അത്യാവശ്യഘട്ടങ്ങളില്‍ ചികിത്സാ ധനസഹായം നൽകുന്നതാണ് പദ്ധതി. ട്രസ്റ്റിലേക്കുള്ള ഇ എം എസ് ആശുപത്രി ജീവനക്കാരുടെ വിഹിതം യൂണിയൻ ഏരിയാ ഭാരവാഹികളില്‍നിന്ന് എ വിജയരാഘവന്‍ ഏറ്റുവാങ്ങി.
ഇ എം എസ് സഹകരണ ആശുപത്രി ചെയർമാൻ വി പി അനിൽ അധ്യക്ഷനായി. മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, ആശുപത്രി മുൻ ചെയർമാൻ ഡോ. എ മുഹമ്മദ്, ഇ എം എസ് ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഇ രാജേഷ്, ട്രസ്റ്റിയും ആശുപത്രി വൈസ് ചെയർമാനുമായ ഡോ. വി യു സീതി, ആശുപത്രി ഡയറക്ടർ ഇ ജയൻ, ട്രസ്റ്റി ടി കെ കരുണാകരൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. കെ മോഹൻദാസ്, ആശുപത്രി ജനറൽ മാനേജർ എം അബ്ദുനാസിർ, യുവജന ബോർഡ് ജില്ലാ കോ ഓർഡിനേറ്റർ കെ ശ്യാംപ്രസാദ്, കെസിഇയു ഏരിയാ സെക്രട്ടറി ഐ ശ്രീധരൻ എന്നിവർ സംസാരിച്ചു.
ട്രസ്റ്റ് ഓണററി സെക്രട്ടറി വി രമേശൻ സ്വാഗതവും ട്രസ്റ്റ് ഓഫീസർ ഇൻ ചാർജ് സി ഗോവിന്ദൻകുട്ടി നന്ദിയും പറഞ്ഞു.
ആരോഗ്യമേഖലയിലെ സഹകരണ ബദല്‍
അഭിമാനകരം: എ വിജയരാഘവന്‍
മലപ്പുറം
ചികിത്സാ സംവിധാനം ആധുനികവല്‍ക്കരിക്കുമ്പോഴും ചികിത്സാ ചെലവ് ഉയരുന്ന സാഹചര്യത്തില്‍ സഹകരണ ആശുപത്രികള്‍ സൃഷ്ടിക്കുന്ന ബദൽ കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് അഭിമാനമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍ പറഞ്ഞു. ഇ എം എസ് ചാരിറ്റബിൾ മെഡിക്കൽ ട്രസ്റ്റ് നേതൃത്വത്തില്‍ "സ്നേഹസ്പർശം' ചികിത്സാ പദ്ധതി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കുറഞ്ഞ നിരക്കിൽ ചികിത്സ നൽകാന്‍ ഇ എം എസ് ആശുപത്രിക്ക് കഴിഞ്ഞു. നിർധന രോഗികളെ സഹായിക്കാനുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും എ വിജയരാഘവന്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..