26 December Thursday
പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ്

നജീബ് കാന്തപുരത്തിന്റെ 
വിജയം ശരിവച്ചു

സ്വന്തം ലേഖികUpdated: Friday Aug 9, 2024
കൊച്ചി
പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി നജീബ് കാന്തപുരത്തിന്റെ വിജയം ചോദ്യംചെയ്ത്‌ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി കെ പി എം മുസ്തഫ നൽകിയ ഹർജി ഹെെക്കോടതി തള്ളി.  348 തപാൽവോട്ടുകൾ എണ്ണാതെ മാറ്റിവച്ചതിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ്‌ മുസ്തഫ ഹർജി നൽകിയിരുന്നത്‌. 38 വോട്ടിനായിരുന്നു യുഡിഎഫ്‌ വിജയം.  
ഉദ്യോഗസ്ഥരുടെ സാക്ഷ്യപ്പെടുത്തലും ഒപ്പും ഇല്ലെന്നുകാണിച്ച്‌ തപാൽ ബാലറ്റുകൾ എണ്ണാതിരുന്നതും  തെരഞ്ഞെടുപ്പ് കമീഷൻ പുറത്തിറക്കിയ നിർദേശങ്ങൾ ലംഘിക്കപ്പെട്ടതുമാണ്‌ ഹർജിയിൽ ഉന്നയിച്ചിരുന്നത്‌.
 348 വോട്ടുകൾ പരിശോധിച്ചതിൽ  തെരഞ്ഞെടുപ്പുകമീഷന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച്‌  രേഖപ്പെടുത്തിയ 32 തപാൽ വോട്ടുകൾ എണ്ണാതിരുന്നതിൽ വീഴ്ചയുണ്ടെന്ന്‌ കോടതി നിരീക്ഷിച്ചു. നജീബിന്റെ ഭൂരിപക്ഷം 38 ആയതിനാൽ ഇവ വീണ്ടും എണ്ണുന്നതിൽ അർഥമില്ലെന്നും കോടതി പറഞ്ഞു. 
2021 ഏപ്രിൽ ആറിന് നടന്ന തെരഞ്ഞെടുപ്പിൽ കോവിഡിന്റെ സാഹചര്യത്തിൽ 80നുമുകളിൽ പ്രായമുള്ളവരുടെ വോട്ടുകൾ വീടുകളിലെത്തി ചെയ്യിച്ചിരുന്നു. ഇത്തരത്തിലുള്ള 348 വോട്ടുകൾ,  ക്രമനമ്പറും ഒപ്പും ഇല്ലെന്നുപറഞ്ഞാണ് എണ്ണാതെ മാറ്റിവച്ചത്. ഇവ എണ്ണണമെന്ന് എൽഡിഎഫ് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും വരണാധികാരി അനുവദിച്ചില്ല. തുടർന്നാണ് ഹെെക്കോടതിയെ സമീപിച്ചത്. ഇവയിൽ മുന്നൂറോളം വോട്ടുകൾ തനിക്ക്‌ ലഭിക്കേണ്ടതാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
കേസ്‌ നടപടികൾക്കിടെ തെരഞ്ഞെടുപ്പുരേഖകളടങ്ങിയ പെട്ടി കാണാതായിരുന്നു. ഇത് മലപ്പുറം സഹകരണ ജോയിന്റ് രജിസ്‌ട്രാറുടെ ഓഫീസിൽ കണ്ടെത്തി. നജീബ്‌ കാന്തപുരം നൽകിയ തടസ്സഹര്‍ജി സുപ്രീംകോടതി തള്ളുയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top