കോട്ടക്കൽ
കോട്ടക്കൽ ആര്യവൈദ്യശാലയുടെ ആയുർവേദ സെമിനാർ (ആസ്സ് @ 61) ഞായറാഴ്ച കോട്ടക്കൽ ചാരിറ്റബിൾ ആശുപത്രിയിൽ നടക്കും. ആശുപത്രി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് സെമിനാർ. രക്തചംക്രമണത്തിന്റെ അഭാവത്താൽ അസ്ഥികൾക്കുണ്ടാകുന്ന ജീർണത (അവാസ്‌കുലാർ നെക്രോസിസ്) വിഷയത്തിലുള്ള സെമിനാർ രാവിലെ ഒമ്പതിന് കേന്ദ്ര ആയുഷ് സെക്രട്ടറി ഡോ. രാജേഷ് കൊട്ടേച ഉദ്ഘാടനംചെയ്യും. ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റി ഡോ. പി എം വാരിയർ അധ്യക്ഷനാകും. സംസ്ഥാന വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തും. ഡോ. പ്രവീൺ ബാലകൃഷ്ണന്റെ ‘ന്യൂ ട്രെൻഡ്‌സ് ഇൻ പഞ്ചകർമ ടെക്നിക്സ്' പുസ്തകം പ്രകാശിപ്പിക്കും.
ടെക്നിക്കൽ സെഷനിൽ കോഴിക്കോട് മെയ്‌ത്ര ആശുപത്രിയിലെ ആർത്രോപ്ലാസ്റ്റി/ ആർത്രോസ്കോപ്പി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ സമീറലി പറവത്ത് മുഖ്യപ്രബന്ധം അവതരിപ്പിക്കും. അവാസ്‌കുലാർ നെക്രോസിസിന്റെ ആയുർവേദാധിഷ്ഠിത ചികിത്സാ സമീപനത്തെക്കുറിച്ച് മൂവാറ്റുപുഴ വെട്ടുകാട്ടിൽ ആയുർവേദ ആശുപത്രിയിലെ ഓർത്തോപീഡിക്സ്/ പ്രോക്ടോളജി ചീഫ് കൺസൾട്ടന്റ് ജിക്കു ഏലിയാസ് ബെന്നിയും ചികിത്സാനുഭവങ്ങളെക്കുറിച്ച് കോട്ടക്കൽ ആര്യവൈദ്യശാലാ എഎച്ച് ആൻഡ് ആർസി ചീഫ് മെഡിക്കൽ ഓഫീസർ നിശാന്ത് നാരായണും പ്രഭാഷണം നടത്തും. ഒല്ലൂർ വൈദ്യരത്നം ആയുർവേദ കോളേജിലെ റിട്ട. പ്രൊഫസർ ടി ശ്രീകുമാർ മോഡറേറ്ററാകും.
ആയുർവേദ വിദ്യാർഥികൾക്ക് ആര്യവൈദ്യശാല നൽകിവരുന്ന വിവിധ പുരസ്‌കാരങ്ങൾ, സെമിനാറിന്റെ ഭാഗമായി നടത്തുന്ന ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ എന്നിവ വിതരണംചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..