പൊന്നാനി > അസൗകര്യങ്ങളാൽ വീർപ്പ് മുട്ടിയിരുന്ന പൊന്നാനി താലൂക്ക് ആശുപത്രിയുടെ മുഖഛായ മാറുന്നു. ആയിരങ്ങൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാക്കി ഉയർത്തുന്നതിനുള്ള ശ്രമം നഗരസഭയും സ്പീക്കർ പി ശ്രീരാമകൃഷ്ണനും ആരംഭിച്ചതോടെയാണ‌് ഈ മാറ്റം. 1967ൽ മന്ത്രി ആയിരിക്കെ ഇ കെ ഇമ്പിച്ചിബാവയുടെ പരിശ്രമത്തെ തുടർന്ന് രൂപംകൊണ്ട ആശുപത്രി ഇന്ന് ആരോഗ്യമേഖലയിൽ പൊന്നാനിയുടെ അഭിമാനമാണ‌്. ഒരു വർഷംകൊണ്ട്ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ആശുപത്രിയിൽ നടക്കുന്നത്. ഇതിൽ നഗരസഭയുടെ തനത് ഫണ്ടിൽനിന്ന് 70 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളും ബാക്കി എൻഎച്ച്എം, എച്ച്എംസി, ആർഎസ്ബിവൈ പ്ലാൻ ഫണ്ട് പദ്ധതി തുകകൾ ഉപയോഗിച്ചുമാണ് .
താലൂക്കാശുപത്രിയുടെ ശോച്യാവസ്ഥക്ക് പരിഹാരം കാണാൻ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ ഇടപെടലിനെ തുടർന്ന് മെട്രോമാൻ ഇ ശ്രീധരൻ ആശുപത്രി സന്ദർശിക്കുകയും മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും ചെയ‌്തിരുന്നു. തിരക്കും സൗകര്യവും കണക്കാക്കി പുതിയ ഒപി ടിക്കറ്റ് കൗണ്ടർ നിർമാണം, ആംബുലൻസ് ഷെഡിന്റെ നിർമാണം, ഇൻസിനറേറ്റർ ഏരിയ കോമ്പൗണ്ട് വാൾ നിർമാണം, തുണി അലക്കുന്നതിനുള്ള പുതിയ സ്ഥലം, ആശുപത്രി കെട്ടിടങ്ങളുടെ പെയിന്റിംങ് എന്നിവയല്ലാം പൂർത്തിയായി. പുതിയ ഒപി കെട്ടിടത്തിന്റെയും കംപ്യൂട്ടറൈസ്ഡ് ഒപി കൗണ്ടർ ടോക്കൺ സിസ്റ്റത്തിന്റെയും നിർമാണം അവസാന ഘട്ടത്തിലാണ‌്. കൂടാതെ പവർ ലോൺട്രി, ഇരിപ്പിട സൗകര്യം, പൂന്തോട്ടം, സ്ത്രീകളുടെ സർജിക്കൽ വാർഡ് നവീകരണം, ലേബർ വാർഡിന്റെയും ലേബർ റൂമിന്റെയും നവീകരണം എന്നിവയും പൂർത്തിയായി. ഡിഎംആർസിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു നിർമാണം. പുതിയ സെപ്റ്റിക് ടാങ്കുകളുടെ നിർമാണമടക്കമുള്ള പദ്ധതികൾ അടുത്ത ഘട്ടത്തിൽ നടപ്പാക്കും.
തിരദേശ വികസനത്തിനായി കിഫ്ബിയിൽനിന്ന് 900 കോടി അനുവദിച്ചതിൽ പൊന്നാനി താലൂക്കാശുപത്രിയും ഇടം നേടിയതോടെ ആരോഗ്യമേഖലയിൽ വലിയ മുന്നേറ്റത്തിനാണ് പൊന്നാനി തയ്യാറെടുക്കുന്നത്. കൂടാത, പാലോളി മുഹമ്മദ്കുട്ടി മന്ത്രി ആയിരിക്കെ തുടക്കംകുറിച്ച മാതൃ ശിശു ആശുപത്രിയുടെ നിർമാണം പൂർത്തിയായതോടെ അമ്മമാരുടെയും കുട്ടികളുടെയും പരിശോധന പുതിയ ഹോസ്പിറ്റലിലേക്ക് മാറിയതോടെ തിരക്ക് കുറയ‌്ക്കാനും വലിയ രീതിയിലുള്ള സേവനം ലഭ്യമാക്കാനും സാധിച്ചു. ആറ് മാസത്തിനുള്ളിൽ പ്രസവം അടക്കമുള്ള സേവനം മാതൃ ശിശു ആശുപത്രിയിൽ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് നഗരസഭ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..