തിരൂർ
വലിയ പറപ്പൂർ ജിഎംഎൽപി സ്‌കൂളിന്റെ മതിൽ തകര്‍ന്നതിന് പാവം വാഴയ്ക്കും പയറിനും തിരുന്നാവായ പഞ്ചായത്തിന്റെ പഴി. സംഭവത്തിൽ അഴിമതിയില്ലെന്ന് സ്ഥാപിക്കാനാണ് വിചിത്ര കണ്ടെത്തൽ. മതിൽ പണിത് മാസങ്ങൾകൊണ്ട് തകർന്നതോടെ നാട്ടുകാർ വിജിലൻസിനെ സമീപിച്ചിരുന്നു. അഴിമതിയിൽ പഞ്ചായത്ത് അധികൃതർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതോടെ ഉദ്യോഗസ്ഥരും സ്ഥിരംസമിതി അധ്യക്ഷ സീനത്ത് ജമാലും സ്കൂളിലേക്കെത്തി. രക്ഷിതാക്കളുടെ പ്രതിഷേധത്തിനിടെ മതിൽ ഞങ്ങൾ താങ്ങിനിർത്തണോയെന്ന ഉദ്യോഗസ്ഥന്റെ ചോദ്യം പ്രകോപനമായതോടെ ഇവരുടെ കാര്‍ തടഞ്ഞു. ഇതോടെ ഉദ്യോഗസ്ഥർ ചുറ്റുമതിലിന്റെ അരികിൽ പോയി പയറും വാഴയും സമീപത്ത് കൃഷിചെയ്തതാണ് മതിൽ പൊളിയാൻ കാരണമെന്ന് പ്രതികരിക്കുകയായിരുന്നത്രേ. പാഠ്യപദ്ധതികളുടെയും ഉച്ചഭക്ഷണ പദ്ധതിയുടെയും ഭാഗമായി നട്ടുപിടിച്ച പയർ കൃഷിയുടെ വേരുകൾ ഇറങ്ങി മതിൽ പൊളിയുമെന്ന വാദം രക്ഷിതാക്കളെ പ്രകോപിതരാക്കി. ആറ് ലക്ഷം രൂപ ചെലവിട്ട് നിർമിച്ച മതിൽ തകർന്നതിന്റെ ഉത്തരവാദി സ്ഥിരം സമിതി അധ്യക്ഷയാണെന്ന് നാട്ടുകാർ ആരോപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..