18 September Wednesday
ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് വൈകി

റെയിൽവേക്ക്‌ കുട്ടിക്കളി; 
യാത്രക്കാർ പെരുവഴിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024

നിലമ്പൂരിലേക്കുള്ള കണക്ഷന്‍ ട്രെയിന്‍ നഷ്ടപ്പെട്ടതോടെ ഷൊര്‍ണൂര്‍ സ്റ്റേഷന്‍ മാസ്റ്ററെ ഉപരോധിക്കുന്ന ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവിലെ യാത്രക്കാര്‍

 
മലപ്പുറം
ആലപ്പുഴ –- കണ്ണൂർ എക്സിക്യൂട്ടീവ് വൈകിയെത്തിയതിനാൽ നിലമ്പൂരിലേക്ക് കണക്ഷൻ ട്രെയിൻ കിട്ടാതെ പെരുവഴിയിലായി നൂറിലേറെ യാത്രക്കാർ. തിങ്കളാഴ്ച രാത്രി ഷൊർണൂർ ജങ്ഷൻ സ്റ്റേഷനിലെത്തിയ നിലമ്പൂരിലേക്കുള്ള യാത്രക്കാരാണ് ദുരിതത്തിലായത്. ഷൊർണൂർ – നിലമ്പൂർ പാതയിലെ യാത്രക്കാരോടുള്ള അവ​ഗണനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സ്ത്രീകളെയും കുട്ടികളെയും ദുരിതത്തിലാക്കി വീണ്ടും റെയിൽവേയുടെ അനാസ്ഥ.
രാത്രി 7.47നാണ് ആലപ്പുഴ –- കണ്ണൂർ എക്സിക്യൂട്ടീവ് ഷൊർണൂർ സ്റ്റേഷനിലെത്തേണ്ടത്. നിലമ്പൂർ ഭാഗത്തേക്കുള്ള അവസാന ട്രെയിനായ ഷൊർണൂർ – നിലമ്പൂർ റോഡ് സ്‌പെഷ്യൽ എക്സ്പ്രസ് രാത്രി 8.10നാണ് പുറപ്പെടേണ്ടത്. 
എക്സിക്യൂട്ടീവിൽ വന്നിറങ്ങുന്ന നിലമ്പൂരിലേക്കുള്ളവർ ഈ ട്രെയിനാണ് ആശ്രയിച്ചിരുന്നത്. എന്നാൽ, തിങ്കളാഴ്ച 34 മിനിറ്റ് വൈകി 8.21നാണ് കണ്ണൂർ എക്സിക്യൂട്ടീവ് ഷൊർണൂരിലെത്തിയത്. ഈ ട്രെയിനിൽ നിലമ്പൂരിലേക്കുള്ള നിരവധി യാത്രക്കാരുണ്ടാകുമെന്നറിഞ്ഞിട്ടും നിലമ്പൂർ എക്സ്പ്രസ് പിടിച്ചിടാത്ത അധികൃതരുടെ നടപടിയും പ്രതിഷേധത്തിനിടയാക്കി. 
പുലർച്ചെ 3.50ന്റെ നിലമ്പൂർ രാജധാനി എക്സ്പ്രസ് മാത്രമാണ് ഇവർക്കുള്ള അടുത്ത ട്രെയിൻ. സംഭവത്തിൽ യാത്രക്കാർ ഷൊർണൂർ സ്റ്റേഷൻ മാസ്റ്ററെ ഉപരോധിച്ചു. മലപ്പുറത്തേക്കുള്ള കെഎസ്ആർടിസി ബസിൽ കയറിയാണ് ചിലരെങ്കിലും നാടുപിടിച്ചത്. ഷൊർണൂർ – നിലമ്പൂർ എക്സ്പ്രസിന്റെ സമയം കണ്ണൂർ എക്സിക്യൂട്ടീവിന്റെ സമയത്തിനനുസരിച്ച് പുനഃക്രമീകരിക്കണമെന്ന യാത്രക്കാരുടെ കാലങ്ങളായുള്ള ആവശ്യം ഇതുവരെ റെയിൽവേ പരിഗണിച്ചിട്ടില്ല. 
കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് വൈകുന്നതിനാല്‍ മുമ്പും സമാനസംഭവമുണ്ടായിട്ടുണ്ട്. വന്ദേഭാരത് എക്സപ്രസിനായും ഇത് പിടിച്ചിടാറുണ്ട്.
എന്നാല്‍, രാത്രി ഏഴിന് ഷൊര്‍ണൂരിലെത്തിയ നിലമ്പൂര്‍ എക്സ്പ്രസില്‍ കോയമ്പത്തൂരില്‍നിന്നെത്തിയ യാത്രക്കാരടക്കമുണ്ടായിരുന്നെന്നും ഒരുമണിക്കൂറിനുശേഷമാണ് പുറപ്പെട്ടതെന്നും റെയില്‍വേ അധികൃതര്‍ പ്രതികരിച്ചു. 
മലപ്പുറം, പെരിന്തല്‍മണ്ണ, മേലാറ്റൂര്‍, അങ്ങാടിപ്പുറം, നിലമ്പൂര്‍, എടക്കര തുടങ്ങി ജില്ലയിലെ വിവിധ ഭാ​ഗങ്ങളിലേക്കുള്ളവര്‍ ആശ്രയിക്കുന്നതാണ് ഷൊര്‍ണൂര്‍ –- നിലമ്പൂര്‍ പാത.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top