മലപ്പുറം
ചേച്ചീ എന്തുണ്ട് കഴിക്കാൻ....? "ചിക്കൻ പൊട്ടിത്തെറിച്ചതും ചിക്കൻ ചീറിപ്പാഞ്ഞതും.. വേണമെങ്കിൽ ഒരു കരിഞ്ചീരക കോഴിയെടുക്കാം..'
കോട്ടക്കുന്നിൽ നടക്കുന്ന വ്യവസായ ഉൽപ്പന്ന പ്രദർശന വിപണന മേളയുടെ ഭാഗമായി ഒരുക്കിയ കുടുംബശ്രീ ഭക്ഷ്യമേളയിലെ വിഭവങ്ങൾ കേട്ടാൽ ഒരുപക്ഷേ "ഫുൾ വയലൻസ്' ആണല്ലോയെന്ന് തോന്നിപ്പോകും. എന്നാൽ, സ്നേഹത്തോടെ വിളമ്പുന്ന വിഭവങ്ങൾ രുചിച്ചാൽ മനസ്സുനിറയും.
പൊന്മള ജനതാ കഫേയുടെയും മലപ്പുറം അറേബ്യൻ കഫേയുടെയും നേതൃത്വത്തിലുള്ള സ്റ്റാളിലാണ് ഇതുപോലെ വ്യത്യസ്ത വിഭവങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
മണവാളൻ കോഴി, കുഞ്ഞിത്തലയണ, നെയ് പത്തൽ എന്നിവയും ലഭിക്കും. പേര് കേള്‍ക്കുമ്പോള്‍തന്നെ രുചിച്ചുനോക്കാന്‍ കൗതുകമുണരും. കെ നുസ്രത്ത്, സി കെ ഖൈറുന്നീസ, നൂര്‍ജഹാന്‍, ടി ഖദീജ എന്നിവരാണ് നടത്തിപ്പുകാര്‍.
ഏഴ് സ്റ്റാളുകളിലായി വിവിധ സിഡിഎസുകളിലെ പ്രവര്‍ത്തകരാണ് ഭക്ഷ്യമേള നടത്തുന്നത്. ചായ, എണ്ണക്കടികള്‍, പഴങ്ങള്‍, പായസം, തേങ്ങാച്ചോര്‍, പാനിപൂരി, ബേല്‍പൂരി, ചോക്ലേറ്റ് പൂരി എന്നിവയും സ്റ്റാളിലുണ്ട്. കൂപ്പണ്‍ എടുത്തുവേണം ഭക്ഷണം കഴിക്കാന്‍.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..