24 December Tuesday
പ്രദര്‍ശന വിപണന മേള ആരംഭിച്ചു

ഓണമിതാ കോട്ടക്കുന്നില്‍

സ്വന്തം ലേഖകന്‍Updated: Wednesday Sep 11, 2024
 
 
മലപ്പുറം
വരൂ നമുക്ക് കോട്ടക്കുന്ന് കയറാം. ഇത്തവണ ഉത്രാടപ്പാച്ചിൽ ഇവിടെയാക്കാം. കാഴ്ചകൾ കണ്ട് നടക്കുന്നതിനൊപ്പം കൈനിറയെ സാധനങ്ങൾ വാങ്ങാം. "ഓണോത്സവം' ആഘോഷമാക്കാം. ചെറുകിട സംരംഭകരുടെ ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്താനും സാധാരണക്കാർക്ക് അവശ്യവസ്തുക്കൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കാനും സൗകര്യമൊരുക്കിയിരിക്കുകയാണ് വ്യവസായ വകുപ്പ്. 
ജില്ലാ വ്യവസായകേന്ദ്രം നേതൃത്വത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ, നബാർഡ് എന്നിവയുമായി സഹകരിച്ച് നടത്തുന്ന വ്യവസായ ഉൽപ്പന്ന പ്രദർശന വിപണന മേള "ഓണോത്സവം' കോട്ടക്കുന്നിൽ ആരംഭിച്ചു. 
ജില്ലയിലെ വിവിധ ഭാ​ഗങ്ങളിൽനിന്നുള്ള സംരംഭകരുടെ ഉൽപ്പന്നങ്ങൾ ഇവിടെ ലഭിക്കും. ഭക്ഷ്യവസ്തുക്കൾ, അലങ്കാരവസ്തുക്കൾ, കരകൗശല ഉൽപ്പന്നങ്ങൾ, ഇലക്‌ട്രോണിക്സ് ഉപകരണങ്ങൾ, വസ്ത്രങ്ങൾ, മിഠായികൾ, കൈത്തറി ഉൽപ്പന്നങ്ങൾ  എന്നിവയെല്ലാം ഇവിടെ ലഭിക്കും. സംരംഭകരിൽനിന്ന് നേരിട്ട് വാങ്ങുന്നതിനാൽ വിലക്കുറവുണ്ടാകുമെന്നും തീർച്ച. കൈത്തറി ഉൽപ്പന്നങ്ങൾക്ക് 20 ശതമാനം റിബേറ്റും കയർ ഉൽപ്പന്നങ്ങൾക്ക് 30–-50 ശതമാനം റിബേറ്റും ലഭിക്കും. ജില്ലാ വ്യവസായ കേന്ദ്രം നേതൃത്വത്തിൽ 50 സ്റ്റാളുകളുണ്ട്. 
നബാർഡ്, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിലാണ് മറ്റുള്ള സ്റ്റാളുകൾ. ഇതിനുപുറമെ കുടുംബശ്രീയുടെ ഭക്ഷ്യമേളയുമുണ്ട്. ഏഴ് സ്റ്റാളുകളിലായി രുചിവൈവിധ്യമാണ് കുടുംബശ്രീ പ്രവർത്തകർ തീർക്കുന്നത്. ശനിയാഴ്ചവരെ നടക്കുന്ന മേളയിലേക്ക് പ്രവേശനം സൗജന്യമാണ്. 
മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  എം കെ റഫീഖ ഉദ്ഘാടനംചെയ്തു. ആദ്യ വില്‍പ്പനയും നിര്‍വ​ഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ആര്‍ ദിനേശ് അധ്യക്ഷനായി. നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ മുഹമ്മദ് റിയാസ്, കെഎസ്എസ്ഐഎ ജില്ലാ പ്രസിഡന്റ്  എ പി അബ്ദുള്‍കരീം, ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍മാരായ പി സ്മിത, സി കെ മുജീബ് റഹ്‍മാന്‍, ജില്ലാ വ്യവസായകേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാര്‍  പി ടി മുഹമ്മദ് ഹനീഫ എന്നിവര്‍ സംസാരിച്ചു. 
എ അബ്ദുള്‍ ലത്തീഫ് സ്വാഗതവും ഉപജില്ലാ വ്യവസായ ഓഫീസര്‍ എം  സ്വരാജ് നന്ദിയും പറഞ്ഞു. മേളയിലെ ആദ്യ വില്‍പ്പനയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ നിർവഹിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top