എടക്കര
"ഏറെക്കാലത്തെ കാത്തിരിപ്പാണ്. ഒടുവിൽ കഴിഞ്ഞ ജനുവരിയിൽ ഞങ്ങളും ഭൂമിയുടെ അവകാശികളായി. ഈ സർക്കാരാണ് ഞങ്ങളെ പരിഗണിച്ചത്. ഒരുതരി മണ്ണ് സ്വന്തമായില്ലാത്ത നൂറുകണക്കിന് പേരുടെ സ്വപ്‌നമാണ് യാഥാർഥ്യമായത്. ഒപ്പംനിന്നവരെ ഒരുകാലത്തും മറക്കില്ല'–- ചുങ്കത്തറ പഞ്ചായത്തിലെ കുന്നത്ത് ആദിവാസി നഗറിലെ ലീലയുടെ വാക്കുകളിൽ ആത്മവിശ്വാസം നിറഞ്ഞു.
എൽഡിഎഫ് സർക്കാർ മലപ്പുറം ജില്ലയിൽ 570 ആദിവാസി കുടുംബങ്ങൾക്കാണ് കഴിഞ്ഞ ജനുവരിയിൽമാത്രം പട്ടയം നൽകിയത്. 71.28 ഹെക്ടർ ഭൂമിയാണ് ഒന്നാംഘട്ടം ജില്ലയിൽ വിതരണംചെയ്തത്. ചുങ്കത്തറ പഞ്ചായത്തിലെ നെല്ലിപ്പൊയിൽ കൊടീരി ബീറ്റിൽ 376 ഗുണഭോക്താക്കൾക്ക് 40 സെന്റ് വീതമാണ് വിതരണംചെയ്‌തത്. ചാലിയാർ പഞ്ചായത്തിലെ അത്തിക്കൽ ബീറ്റിൽ 20 സെന്റ് വീതം 63 ഗുണഭോക്താക്കൾക്കും നിലമ്പൂർ മുനിസിപ്പാലിറ്റിയിലെ തൃക്കൈക്കുത്ത് ബീറ്റിൽ 10 സെന്റ് വീതം 131 ഗുണഭോക്താക്കൾക്കും നൽകി.
നഗരസഭാ പരിധിയിൽ 10 സെന്റും പഞ്ചായത്ത് പരിധിയിൽ 20 സെന്റ് വീതവും ഉൾപ്രദേശങ്ങളിൽ 40 സെന്റ് വീതവും ഭൂമിയാണ് നൽകിയത്. ഗുണഭോക്താക്കൾ തങ്ങളുടെ താൽപ്പര്യത്തിന് അനുസരിച്ചാണ് ഭൂമി തെരഞ്ഞെടുത്തത്. 570 കുടുംബങ്ങൾക്കും ലൈഫ് പദ്ധതിയിൽ ആറുലക്ഷംവീതം നൽകി വീട് നിർമാണത്തിനുള്ള പ്രാരംഭ നടപടി ആരംഭിച്ചു.
രണ്ടാംഘട്ട ഭൂമി വിതരണത്തിനുള്ള നടപടികളും സർക്കാർ ആരംഭിച്ചു. അഞ്ഞൂറോളം അപേക്ഷകളാണ് രണ്ടാംഘട്ടത്തിൽ ലഭിച്ചത്. ഇവർക്ക് ചാലിയാർ കണ്ണംകുണ്ട്, ചുങ്കത്തറ നെല്ലിപൊയിൽ പ്രദേശങ്ങളിലാണ് ഭൂമി നൽകുക. വിതരണം പൂർത്തിയായ എല്ലാ ഭൂമിയിലേക്കും റോഡ്, കുടിവെള്ളം, വൈദ്യുതി എത്തിക്കാനുള്ള നടപടിയും വിവിധ വകുപ്പുകൾ സ്വീകരിച്ചുവരികയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..