09 September Monday

ഹൃദയത്തിലാണ്‌ നൈറ്റിംഗേൽ

വെബ് ഡെസ്‌ക്‌Updated: Friday May 12, 2023

ടി റൂബി സജ്ന ( നഴ്സിങ് ഓഫീസർ, എംഎസ്‌പി ആശുപത്രി, മലപ്പുറം)

 അൽപ്പനേരത്തേക്ക്  ആളിക്കത്തി ഉരുകിത്തീർന്ന മെഴുകുതിരിയായിരുന്നില്ല; ഇന്നും ലോകത്തിന്റെ നെറുകയിൽ അമർന്ന് കത്തുന്ന അഗ്നിപർവതംതന്നെയാണ്‌ ഫ്ലോറൻസ് നൈറ്റിംഗേൽ.  

ആ പേരിന് പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. മഹായുദ്ധങ്ങളുടെ പേരിൽ അറിയപ്പെടുന്ന നിരവധി പേരെ കേട്ടിട്ടുണ്ടെങ്കിലും ഒരു പോരാളിയുടെ പേരിൽ ഓർമിക്കപ്പെടുന്ന യുദ്ധം 1853ലെ ക്രീമിയൻ യുദ്ധമാകും. അന്നത്തെ സേനാപതികളെയും യുദ്ധതന്ത്രജ്ഞൻമാരെയും ലോകം മറന്നുതുടങ്ങിയെങ്കിലും കരുണയുടെ ഉറവവറ്റാത്തവർ ഹൃദയത്തിൽ കൊത്തിവച്ച പേരുണ്ട് –- ഫ്ലോറൻസ് നൈറ്റിംഗേൽ.  
18–-ാം നൂറ്റാണ്ടിന്റെ മധ്യാഹ്നത്തിൽ, റഷ്യയും ബ്രിട്ടനുമായുള്ള യുദ്ധമുഖത്തേക്ക് 38 നഴ്സുമാരോടൊപ്പം കടന്നുചെന്ന്‌ മരണത്തോട് മല്ലടിച്ചുകിടന്ന ആയിരക്കണക്കിന് ജവാൻമാരെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയും പകർച്ചവ്യാധി പിടിപെട്ട ജവാൻമാരെ ഭയമേതുമില്ലാതെ പരിചരിച്ചതുമായ ധീരപോരാളിയാണ്‌ അവർ. അവരുടെ ജന്മദിനമാണ്‌ മെയ്‌ 12. വിശക്കുന്നവന്റെ മുന്നിൽ ഭക്ഷണമായും വേദനിക്കുന്നവന്റെ മുന്നിൽ മരുന്നായും ഞങ്ങളെ നിയോഗിച്ച ആ ധീരപോരാളിയുടെ ഓർമദിനത്തിൽ ഏവർക്കും ഹൃദയത്തിൽനിന്ന്‌ ആശംസകൾ....
നഴ്സിങ്‌ തൊഴിൽമാത്രമെന്ന് ചിന്തിക്കുന്നവരാണേറെയും. അതിനാൽ നഴ്സിങ് സമൂഹം ഓരോ മനുഷ്യനുവേണ്ടിയും ചെയ്യുന്ന ആത്മാര്‍ഥവും ജീവകാരുണ്യപരവുമായ സേവനങ്ങൾ വേണ്ടത്ര അംഗീകരിക്കാൻ പൊതുസമൂഹം തയ്യാറാകുന്നില്ല. ലോകം വിറങ്ങലിച്ചുനിന്ന കോവിഡ് കാലത്തും മലയാളിയെ ഭീതിയിലാക്കിയ നിപാ കാലത്തും  ജീവൻ പണയപ്പെടുത്തി നഴ്സുമാർ നടത്തിയ ധീരവും സൂക്ഷ്മതയുള്ളതുമായ സേവനങ്ങളെ ചെറുതായി കാണാനാവില്ല. അതൊരു വലിയ പോരാട്ടമായിരുന്നു.   
ഒട്ടുമിക്ക രാജ്യങ്ങളും നഴ്സിങ് സേവനങ്ങളെ പവിത്രവും അനുഗൃഹീതവുമായ സേവനമായി കണ്ട്‌ അവർക്ക് അർഹിക്കുന്ന പ്രതിഫലം നൽകി ആദരിക്കുമ്പോഴും ഇന്ത്യയിൽ പലയിടത്തും  സമാനതകളില്ലാത്ത യാതനയാണ്‌. 
ഇതര സംസ്ഥാനങ്ങളിലും സ്വകാര്യ ആശുപത്രികളിലും വിശ്രമമില്ലാതെ സേവനമനുഷ്ഠിക്കുന്നവർ തൊഴിൽപരമായ പീഡനങ്ങൾ അനുഭവിക്കുന്നു. അതിനാൽ പുതുതലമുറ നഴ്സുമാരുടെ പ്രാഗത്ഭ്യം ഇപ്പോൾ ഇവിടെ ലഭിക്കാതെ പോകുന്നു. നഴ്സിങ്‌ മേഖലയ്ക്ക് അർഹമായ പരിഗണന നൽകാൻ സമൂഹത്തിന്‌ കഴിയുന്നുണ്ടോ എന്ന്‌ പരിശോധിക്കണം. ഈ നഴ്‌സസ്‌ ദിനത്തിലെ ‘ഔർ നഴ്സസ് - ഔർ ഫ്യൂച്ചർ" എന്ന മുദ്രാവാക്യം പ്രസക്തമാകുന്നത്‌ ഇവിടെയാണ്‌.   
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top