എടക്കര
ചാലിയാർ തീരത്തെ സൂചിപ്പാറയിൽ തിരച്ചിൽ നിർത്തിയടത്തുനിന്നുതന്നെ പുനരാരംഭിച്ചു. കാന്തൻപാറയിൽനിന്ന് രണ്ട് ശരീര ഭാഗങ്ങൾ ലഭിച്ചു. വയനാട് ഉരുൾപൊട്ടലിൽ അകപ്പെട്ടവരെ അന്വേഷിച്ചുള്ള എമർജൻസി റെസ്‌ക്യു ഫോഴ്സിന്റെ തിരച്ചിൽ കഴിഞ്ഞ ദിവസം മുണ്ടേരമുതൽ സൂചിപ്പാറയ്‌ക്കുതാഴെ കാന്തൻപാറവരെ നടന്നിരുന്നു. അന്ന് നിർത്തിവച്ച ദൗത്യമാണ് ഞായർ രാവിലെ പുനരാരംഭിച്ചത്.
കാന്തൻപാറമുതൽ സൂചിപ്പാറ വെള്ളച്ചാട്ടത്തിനുമുകളിലേക്കാണ് തിരച്ചിൽ നടത്തിയത്. ദൗത്യത്തിനായി തെരഞ്ഞെടുത്ത 32 എമർജൻസി റസ്ക്യൂ ഫോഴ്സ് പ്രവർത്തകരും വഴികാട്ടാൻ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരുമുണ്ട്. വയനാട് ജില്ലാദുരന്ത നിവാരണ വകുപ്പിന്റെ അനുമതിയോടെയാണ് സംഘം അതിർത്തിയിൽ എത്തിയത്.
തിരച്ചിലിനായി എമർജൻസി റസ്‌ക്യു ഫോഴ്സ് നിലമ്പൂർ, എടവണ്ണ, തിരുവാലി, മലപ്പുറം, വാഴക്കാട് യൂണിറ്റുകളിൽനിന്നുമായി 32 അംഗ സംഘം വെളുപ്പിന് നിലമ്പൂരിൽനിന്ന് നാല് വാഹനങ്ങളിലായി പുറപ്പെട്ട് രാവിലെ എട്ടിന് വയനാട് മേപ്പാടിക്കടുത്തുള്ള റിപ്പൺ എസ്റ്റേറ്റ് ആനക്കാപ്പിൽനിന്നും കാന്തൻ പാറയിലേക്ക് എത്തിച്ചേരുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. സഹായത്തിനായി നാട്ടുകാരായ യുവാക്കളും ഒപ്പമുണ്ട്.
ഞായർ വൈകിട്ട് അഞ്ചിന് സംഘം തിരിച്ചിറങ്ങി. ലഭിച്ച ശരീര ഭാഗങ്ങൾ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറിയാണ് ടീം മടങ്ങിയത്. എയർ ലിഫ്റ്റിലൂടെ ശരീര ഭാഗങ്ങൾ വയനാട് എത്തിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..