എടക്കര
വയനാട്ടിലെ ഉരുൾപൊട്ടലിൽ അവശേഷിക്കുന്ന എന്തെങ്കിലുമുണ്ടെങ്കിൽ കണ്ടെത്താൻ ചാലിയാറിൽ രണ്ട് ദിവസം ഊർജിത തിരച്ചിൽ നടത്തും. ഞായറാഴ്ച പോത്തുകല്ല് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. തിങ്കളാഴ്ച വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ചൊവ്വാഴ്ച സന്നദ്ധ സംഘടനകളും അവസാനഘട്ട തിരച്ചിലിന് നേതൃത്വം നൽകും. തിങ്കൾ രാവിലെ ഏഴിന് മുണ്ടേരി ചാലിയാർ പുഴയുടെ തീരത്തെ മാളകത്ത് കേന്ദ്രീകരിക്കും.
ഇരുട്ടുകുത്തിമുതൽ കുമ്പളപ്പാറവരെ ട്രാക്‌ടറിൽ സഞ്ചരിച്ച് വയനാട് അതിർത്തിയോട് ചേർന്ന പരപ്പൻപാറവരെയാണ് തിരച്ചിൽ. പൊലീസ്, വനം വകുപ്പ്, ഫയർ ഫോഴ്സ്, എൻഡിആർഎഫ്, തണ്ടർബോൾട്ട് ടീമുകൾ പങ്കെടുക്കും.
വനം വകുപ്പ് തീരത്തടിഞ്ഞ മരങ്ങൾ മുറിച്ചുമാറ്റി തിരച്ചിൽ നടത്തും. സന്നദ്ധ സംഘടനാ അംഗങ്ങൾ പേരും വിലാസവും നൽകി അണിനിരക്കും. ഇരുട്ടുകുത്തിമുതലാണ് ചൊവ്വാഴ്ച തിരച്ചിൽ.
പുഴയുടെ തുരുത്തുകളിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിക്കും. എല്ലാവർക്കും ലഘുഭക്ഷണ കിറ്റ് നൽകും. കൈയുറ, മാസ്ക്, സാനിറ്റൈസർ എന്നിവ ആരോഗ്യ വകുപ്പ്, റവന്യു ഉദ്യോഗസ്ഥർ തയ്യാറാക്കും. യോഗത്തിൽ ജില്ലാ പൊലീസ് മേധാവി എസ് ശശിധരൻ, ഡിവൈഎസ്‌പി പി കെ സന്തോഷ്, പോത്തുകല്ല് ഇന്‍സ്പെക്ടര്‍ ദീപക് കുമാർ, പോത്തുകല്ല് പഞ്ചായത്ത് പ്രസിഡന്റ് വിദ്യ രാജൻ, നിലമ്പൂർ ബിഡിഒ എ ജെ സന്തോഷ്, ഫോറസ്‌റ്റ് റെയ്ഞ്ചർ ബോബി കുമാർ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷെറോണ റോയി, വില്ലേജ് ഓഫീസർ പി കെ വിനോദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി ജോൺ, അംഗങ്ങളായ മുസ്തഫ പാക്കട, തങ്ക കൃഷ്ണൻ, എം എ തോമസ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..