മലപ്പുറം
ഉപതെരഞ്ഞെടുപ്പിൽ മൂന്നിടത്ത് യുഡിഎഫും ഒരിടത്ത് എൽഡിഎഫും വിജയിച്ചു. ആലങ്കോട് പഞ്ചായത്തിലെ പെരുമുക്ക് വാർഡ് യുഡിഎഫില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് ഡിവിഷന്‍, മഞ്ചേരി നഗരസഭയിലെ കരുവമ്പ്രം, തൃക്കലങ്ങോട് പഞ്ചായത്തിലെ മരത്താണി വാർഡുകളിലാണ് യുഡിഎഫ് വിജയിച്ചത്. എല്‍ഡിഎഫ് സിറ്റിങ് സീറ്റുകളായിരുന്നു കരുവമ്പ്രവും മരത്താണിയും. നാലിടത്തും തദ്ദേശസ്ഥാപന ഭരണത്തെ ഫലം ബാധിച്ചില്ല.
പെരുമുക്കില്‍
എല്‍ഡിഎഫ്
ആലങ്കോട് പഞ്ചായത്തിലെ പെരുമുക്ക് വാർഡില്‍ എൽഡിഎഫിന്റെ അബ്ദുറഹിമാൻ (അബ്‌ദ്രു) 410 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 905 വോട്ടുകള്‍ ലഭിച്ചു. യുഡിഎഫിന്റെ അലി പരുവിങ്ങലിന് 495 വോട്ടുമാത്രമാണ്. എസ്ഡിപിഐ സ്ഥാനാര്‍ഥി റഷീദ് പെരുമുക്ക് 134 വോട്ടും ബിജെപി സ്ഥാനാര്‍ഥി ഷിബു തണ്ടതായില്‍ 92 വോട്ടും നേടി. 2020ൽ യുഡിഎഫിലെ ഹക്കീം പെരുമുക്ക് 44 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച വാർഡാണിത്. മരിച്ചയാളുടെ പേരിലുള്ള പെൻഷൻ തട്ടിയെടുത്ത കേസിൽ ഉൾപ്പെട്ടതോടെ ഇയാൾ രാജിവയ്ക്കുകയായിരുന്നു. ഇതോടെ പഞ്ചായത്തിൽ എൽഡിഎഫ്– 11, യുഡിഎഫ്– എട്ട് എന്നിങ്ങനെയായി കക്ഷിനില.
തൃക്കലങ്ങോട്
ഡിവിഷന്‍ നിലനിര്‍ത്തി
ജില്ലാ പഞ്ചായത്ത് തൃക്കലങ്ങോട് ഡിവിഷൻ യുഡിഎഫ് നിലനിര്‍ത്തി. മുസ്ലിംലീഗിന്റെ എന്‍ എം രാജനാണ് 6786 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. ആകെ 26,480 വോട്ട് നേടി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ സി ബാബുരാജ് 19,694 വോട്ടോടെ രണ്ടാമതായി. ബിജെപിയുടെ എ പി ഉണ്ണിക്ക് 2538 വോട്ട് മാത്രമാണ്. 32 അംഗ ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ്– 27, എൽഡിഎഫ്– അഞ്ച് എന്നിങ്ങനെയാണ് കക്ഷിനില.
കരുവമ്പ്രത്തും
തൃക്കലങ്ങോട്ടും യുഡിഎഫ്
മഞ്ചേരി നഗരസഭയിലെ കരുവമ്പ്രം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി എ ഫൈസല്‍ മോന്‍ 43 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 458 വോട്ടാണ് ആകെ ലഭിച്ചത്. എല്‍ഡിഎഫിന്റെ സി വിബിന്‍- 415 വോട്ടും ബിജെപിയുടെ കെ വി സത്യന്‍ 19 വോട്ടും നേടി. യുഡിഎഫ്– -29, എൽഡിഎഫ്– -19, സ്വതന്ത്രൻ– -ഒന്ന്, എസ്‌ഡിപിഐ– ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
തൃക്കലങ്ങോട് പഞ്ചായത്തിലെ മരത്താണിയിൽ യുഡിഎഫിലെ -കെ ടി ലൈല ജലീൽ 520 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 1054 വോട്ടുനേടി. എൽഡിഎഫ് സ്ഥാനാര്‍ഥി പി ദിവ്യ 534 വോട്ടും ബിജെപിയുടെ വിജിമോള്‍ 155 വോട്ടും നേടി. യുഡിഎഫ്– -16, എൽഡിഎഫ്– ഏഴ് എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..