പൊന്നാനി
മികച്ച പഞ്ചായത്തിനുള്ള ദേശീയ പുരസ്കാരം പെരുമ്പടപ്പ് പഞ്ചായത്ത് അധികൃതർ ഏറ്റുവാങ്ങി. ഇന്ത്യയിലെ ഏറ്റവും മികച്ച പഞ്ചായത്തുകൾക്കായി കേന്ദ്ര സർക്കാർ നൽകുന്ന ദീൻ ദയാൽ ഉപാധ്യായ സതത് വികാസ് പുരസ്‌കാരമാണ് രാഷ്ട്രപതി ദ്രൗപതി മുർമുവിൽനിന്ന് പ്രസിഡന്റ് ബിനീഷ മുസ്തഫയും സെക്രട്ടറി സാജൻ സി ജേക്കബും ഏറ്റുവാങ്ങിയത്. 75 ലക്ഷവും പ്രശസ്തി ഫലകവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. തുടർച്ചയായി രണ്ടാംതവണയാണ് പെരുമ്പടപ്പ് ദേശീയ പുരസ്കാരം നേടുന്നത്. ഇത്തവണ ദേശീയ അംഗീകാരം നേടിയ സംസ്ഥാനത്തെ ഏക പഞ്ചായത്തുകൂടിയാണ് പെരുമ്പടപ്പ്.
2022-–-23 വർഷത്തിൽ 2,72,75,000 രൂപയാണ് പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണത്തിനായി ചെലവഴിച്ചത്. പാവപ്പെട്ടവരുടെ വീടെന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ ഏറ്റവും കൂടുതൽ തുക നീക്കിവച്ചാണ് പഞ്ചായത്ത് മാതൃക കാണിച്ചത്. പെരുമ്പടപ്പിലെ മുഴുവൻ പട്ടികജാതി കുടുംബങ്ങൾക്കും വീടെന്ന സ്വപ്നം പൂവണിയിച്ചു. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട 420 ഭവനരഹിതരെയും 170 ഭൂരഹിതരെയും പരിഗണിച്ചു. ഇവർക്കായി രണ്ടുകോടി രൂപയാണ് ചെലവഴിച്ചത്.
സമഗ്ര നെൽകൃഷി വികസനത്തിനായി 25 ലക്ഷവും മൃഗസംരക്ഷണം പാലുൽപ്പാദനം എന്നിവയിൽ സ്വയംപര്യാപ്തത നേടുന്നതിനായി 27 ലക്ഷവും ആരോഗ്യ മേഖലയിൽ 70 ലക്ഷവും ചെലവഴിച്ചു.
അംഗപരിമിതർക്കും വനിതകൾക്കും സ്വയംതൊഴിൽ ചെയ്യാൻ സബ്സിഡി ഇനത്തിൽ അഞ്ച് ലക്ഷം രൂപ വകയിരുത്തി. മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഉപജീവനത്തിനായും കാർഷിക സംരംഭങ്ങൾക്കുമായി 18 ലക്ഷം രൂപ കുടുംബശ്രീ വഴി വിതരണംചെയ്തു.
തൊഴിലുറപ്പ് പദ്ധതിയിലൂടെ അവശരും തൊഴിൽരഹിതരുമായ 779 കുടുംബങ്ങൾക്ക് 1,71,00,000 രൂപ കൂലിയിനത്തിലൂടെ നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..