മലപ്പുറം
സൂപ്പർ ലീഗ് കേരളയിലെ മലബാർ ഡെർബിക്ക് ശനിയാഴ്‌ച പയ്യനാട് സ്‌റ്റേഡിയം സാക്ഷിയാകും. മലപ്പുറം ഫുട്‌ബോൾ ക്ലബ്ബും കലിക്കറ്റ് എഫ്‌സിയും തമ്മിലുള്ള മത്സരം കാണികൾക്ക് വിരുന്നാകും. രാത്രി ഏഴിനാണ് മത്സരം. ഇരു ടീമിനും വൻ ആരാധക കൂട്ടമുള്ളതിനാൽ ഗാലറി നിറയുമെന്ന കാര്യത്തിൽ തർക്കമില്ല. മലപ്പുറത്തിന്റെ ആരാധക സംഘമായ ‘അൾട്രാസ് ’ പരമാവധി പേരെ സ്‌റ്റേഡിയത്തിൽ എത്തിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. ആരാധകരെ എത്തിക്കാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വാഹനസൗകര്യം ഉൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്.
മലപ്പുറം എഫ്‌സി സ്വന്തം തട്ടകത്തിൽ കളിക്കാനിറങ്ങുമ്പോൾ ആരാധകർ സ്‌റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുമെന്നുതന്നെയാണ് സംഘാടകരുടെ കണക്കുകൂട്ടൽ. കൊച്ചി കലൂർ ജവഹർലാൽ സ്‌റ്റേഡിയത്തിൽ നടന്ന ഉദ്‌ഘാടന മത്സത്തിൽ മലപ്പുറവും കൊച്ചിയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ 22,000ത്തിൽ അധികം പേർ കളി കാണാൻ എത്തിയിരുന്നു. ഇതിൽ ഭൂരിപക്ഷവും മലപ്പുറത്തിന്റെ ആരാധകരായിരുന്നു. അതുകൊണ്ടുതന്നെ മലപ്പുറത്തിന്റെ കളി പയ്യനാട് നടക്കുമ്പോൾ ആരാധകരുടെ തള്ളിക്കയറ്റം തന്നെയുണ്ടാകും.
കോഴിക്കോടിനുമുണ്ട് ശക്തമായ ആരാധകസംഘം. ‘ബീക്കൺസ് ബ്രിഗേഡ് ’ എന്ന പേരിലാണ് ഈ തകർപ്പൻ ആരാധകപ്പട അറിയപ്പെടുന്നത്. ബീക്കൺസ് ബ്രിഗേഡും ആരാധകരെ സ്‌റ്റേഡിയത്തിലെത്തിക്കാൻ ശ്രമിക്കുന്നുണ്ട്.
മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന തകൃതിയായി നടക്കുന്നുണ്ട്. പേടിഎംവഴിയാണ് ബുക്കിങ്. മത്സര ദിവസം സ്‌റ്റേഡിയത്തിലും ടിക്കറ്റ് ലഭ്യമാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..