15 November Friday

മലപ്പുറത്തിന്റെ 
ഹൃദയം കവർന്ന നേതാവ്‌

സ്വന്തം ലേഖകൻUpdated: Friday Sep 13, 2024

2023ൽ മലപ്പുറം ടൗൺ ഹാളിൽ നടന്ന ഇ എം എസിന്റെ ലോകം ദേശീയ സെമിനാറിനെത്തിയ സിപിഐ എം ജനറൽ സെക്രട്ടറി 
സീതാറാം യെച്ചൂരി പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവനുമായി സംസാരിക്കുന്നു. ജില്ലാ സെക്രട്ടറി 
ഇ എൻ മോഹൻദാസ്‌ സമീപം (ഫയൽ ചിത്രം)

മലപ്പുറം
ജില്ലയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നേതാവായിരുന്നു സീതാറാം യെച്ചൂരി. ദേശീയ രാഷ്‌ട്രീയത്തിൽ സജീവമായി നിൽക്കുമ്പോഴേക്കും നിരവധി പരിപാടികളിൽ പങ്കെടുക്കാനായി അദ്ദേഹം മലപ്പുറത്ത്‌ എത്തി. 2023 ജൂൺ 13, 14 തീയതികളിലായി മലപ്പുറത്ത്‌ നടന്ന ‘ഇ എം എസിന്റെ ലോകം’ ദേശീയ സെമിനാറിൽ പങ്കെടുക്കുന്നതിനായാണ്‌ യെച്ചൂരി അവസാനമായി മലപ്പുറത്ത്‌ എത്തിയത്‌. മലപ്പുറം വാരിയൻകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി ഹാളിൽ ദേശീയ സെമിനാറിന്‌ സമാപനം കുറിച്ച്‌ നടന്ന മതനിരപേക്ഷ സായാഹ്നം ഉദ്‌ഘാടനംചെയ്‌തത്‌ യെച്ചൂരിയായിരുന്നു. ‘രാജ്യത്തെ സംരക്ഷിക്കാൻ ദേശസ്‌നേഹികൾ ഒരുമിക്കണം’ എന്ന ആഹ്വാനമാണ്‌ സെമിനാറിൽ അദ്ദേഹം നടത്തിയത്‌. മതനിരപേക്ഷത സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ എല്ലാക്കാലത്തും പ്രകാശരശ്‌മിയാണ്‌  ഇ എം എസ്‌ എന്നും യെച്ചൂരി പറഞ്ഞു. 
ജില്ലയിലെ പാർടി പ്രവർത്തകരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു യെച്ചൂരിയെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ അനുസ്‌മരിച്ചു. ഇ എം എസിന്റെ ലോകം ദേശീയ സെമിനാറിൽ 13 തവണ യെച്ചൂരി പങ്കെടുത്തിട്ടുണ്ട്‌. കഴിഞ്ഞ തവണയും പ്രധാന സെഷനിൽ പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ, തൃശൂരിൽ ഇ എം എസ്‌ സെമിനാറിൽ പങ്കെടുത്തശേഷം അത്യാവശ്യമായി ഡൽഹിയിലേക്ക്‌ മടങ്ങേണ്ടിവന്നു.  2005ൽ മലപ്പുറത്ത്‌ നടന്ന സിപിഐ എം  സംസ്ഥാന സമ്മേളനത്തിൽ മുഴുവൻസമയവും സഖാവുണ്ടായിരുന്നു. പാർടി ജനറൽ സെക്രട്ടറിയായിരുന്നു ഹർകിഷൻ സിങ്‌ സുർജിത്ത്‌ ആരോഗ്യസ്ഥിതി മോശമായതിനാൽ ആദ്യദിനം കഴിഞ്ഞു മടങ്ങി. തുടർന്ന്‌ സമ്മേളനത്തിൽ മുഴുവൻസമയവും പങ്കെടുത്തത്‌ യെച്ചൂരിയും പ്രകാശ്‌ കാരാട്ടുമായിരുന്നു. അന്ന്‌ സമ്മേളനത്തിന്‌ അനുബന്ധമായി കോട്ടപ്പടി മൈതാനത്ത്‌ നടന്ന സെമിനാർ ഉദ്‌ഘാടനംചെയ്‌തതും യെച്ചൂരിയാണ്‌. കോട്ടക്കുന്നിലെ പൊതുസമ്മേളനത്തിലും പ്രസംഗിച്ചു. സമ്മേളനവും കഴിഞ്ഞ്‌ അടുത്ത ദിവസമാണ്‌ യെച്ചൂരി മടങ്ങിയത്‌. പാർടിയുടെ വിവിധ പ്രചാരണ ക്യാമ്പയിനുകൾ, തെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങൾ എന്നിവയ്‌ക്കും അദ്ദേഹം മലപ്പുറത്തിന്റെ മണ്ണിൽ വന്നിട്ടുണ്ട്‌. എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായ കാലംമുതൽ യെച്ചൂരിയെ അറിയാം. മലപ്പുറം സമ്മേളന കാലയളവിലാണ്‌ ഹൃദ്യമായ ബന്ധം വളർന്നത്‌. മലപ്പുറത്തോട്‌ എന്നും സ്‌നേഹം പുലർത്തിയ നേതാവായിരുന്നു യെച്ചൂരിയെന്നും ഇ എൻ മോഹൻദാസ്‌ ഓർമിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top