മഞ്ചേരി മെഡിക്കൽ കോളേജിൽ ആധുനിക സംവിധാനത്തോടെയുള്ള എംആർഐ സ്‌കാൻ മെഷീൻ രണ്ടുമാസത്തിനകം
മഞ്ചേരി
മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാധുനിക ഉപകരണങ്ങൾ വരുന്നു. വിപുല സൗകര്യങ്ങളോടെയുള്ള എംആർഐ സ്‌കാൻ മെഷീന്റെ പ്രവർത്തനം രണ്ടുമാസത്തിനകം ആരംഭിക്കും. 11 കോടി രൂപ ചെലവഴിച്ച് ജർമനിയിൽനിന്ന് സിമൻസ് കമ്പനിയുടെ യന്ത്രമാണ് വാങ്ങുന്നത്. ഇതിനായി ഏഴ് കോടി കരാർ കമ്പനിക്ക് കൈമാറി. റേഡിയോളജി വിഭാഗത്തിനായി നിർമിച്ച ഇന്റർവെൻഷണൽ ബ്ലോക്കിലാണ് ഇത് സ്ഥാപിക്കുക.
ആധുനിക സൗകര്യത്തോടെയുള്ള പുതിയ ബ്ലോക്ക് 1.10 കോടി രൂപ ചെലവിലാണ് നിർമിക്കുന്നത്. മെഷീൻ സ്ഥാപിക്കാനുള്ള മുറിയുടെ പ്രവൃത്തി അവസാനഘട്ടത്തിലാണ്. ഒരാഴ്‌ചക്കുള്ളിൽ സുരക്ഷാ സംവിധാനവും സജ്ജമാകും.
വരുന്നു, ആധുനിക ഉപകരണങ്ങൾ...
ത്വക് രോഗ വിഭാഗത്തിൽ ലേസർ ചികിത്സക്കായി 15 ലക്ഷം രൂപയുടെ കാർബൺഡൈ ഓക്സൈഡ് ലേസർ സ്ഥാപിക്കും. ഒഫ്ത്താൽമോളജി വിഭാഗത്തിൽ ഗ്ലൂക്കോമ ക്ലിനിക്കിൽ 32 ലക്ഷം രൂപയുടെ യാഗ് ലേസർ, ഇഎൻടി വിഭാഗത്തിൽ 60.20 ലക്ഷം രൂപയുടെ ഹൈ എൻഡ് ഓപറേറ്റിങ് മൈക്രോസ്‌കോപ്, 50.22 ലക്ഷം രൂപയുടെ 4കെ ഇഎൻടി ഇമേജിങ് സിസ്റ്റം, മൈക്രോബയോളജി വിഭാഗത്തിൽ 17.70 ലക്ഷം രൂപയുടെ ക്ലിയ ഫുള്ളി ഓട്ടോമേറ്റഡ് ഇമ്യൂണോ അനലൈസർ തുടങ്ങിയവയും ഉടനെയെത്തും.
വിവിധ വകുപ്പുകൾക്ക് ആവശ്യമായ ആശുപത്രി ഉപകരണങ്ങൾ, സാമഗ്രികൾ, ലാബുകൾക്കുവേണ്ട റീയേജന്റ്, കെമിക്കലുകൾ, എൽഎസ്‌സിഎസ് കിറ്റ്, ഡിസ്പോസിബിൾ വെന്റിലേറ്റർ ട്യൂബിങ്, ഡെലിവറി കിറ്റ് തുടങ്ങിയവക്കായി 3.94 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.
മൾട്ടി പാരമോണിറ്റർ, ഇൻഫ്യൂഷൻ പമ്പ്, ബൈനാകുലർ മൈക്രോസ്‌കോപ്, സർജിക്കൽ എൻഡോ ട്രെയിനർ, ആർത്രോസ്‌കോപ്പി ടെലസ്‌കോപ്, ഓട്ടോലെൻസോ മീറ്റർ, പീഡിയാട്രിക് എൻഡോസ്‌കോപ്, ഡിജിറ്റൽ വീൻ ഫൈൻഡർ എന്നിവക്ക് 1.65 കോടി രൂപ സർക്കാർ നേരത്തെ അനുവദിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..