22 December Sunday
ലോക പ്രമേഹ ദിനം ഇന്ന്‌

ജീവിതം മധുരമാക്കാൻ ‘മിഠായി’

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024
മഞ്ചേരി
പ്രമേഹബാധിത കുട്ടികൾക്ക് ചികിത്സയും പരിരക്ഷയും നൽകുന്ന സംസ്ഥാന സർക്കാരിന്റെ മിഠായി പദ്ധതിയിൽ ഒരുവർഷത്തിനിടെ ചികിത്സ തേടിയത്‌ 1821 കുട്ടികൾ. ടൈപ് വൺ പ്രമേഹരോഗം ബാധിച്ച കുട്ടികൾക്ക്‌ ഇൻസുലിൻ പെൻ, കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്റർ, ഇൻസുലിൻ പമ്പ് തുടങ്ങിയവ ഉപയോഗിച്ചുള്ള ആധുനിക ചികിത്സയും ആരോഗ്യ, ചികിത്സ,  ഭക്ഷണകാര്യ ഉപദേശങ്ങളും പരിരക്ഷയും നൽകുന്ന പദ്ധതിയാണ് ‘മിഠായി’. സാമൂഹിക സുരക്ഷാ മിഷന്റെ നേതൃത്വത്തിലാണ് പ്രമേഹ ബാധിതരായ ഹൈസ്‌കൂൾതലംവരെയുള്ള കുട്ടികൾക്കായി പദ്ധതി നടപ്പാക്കുന്നത്‌.  
കുഞ്ഞുങ്ങളിലെ രോഗങ്ങൾ നേരത്തേ കണ്ടെത്തി, ആവശ്യമായ ചികിത്സയും പരിചരണവും ഉറപ്പാക്കും. രോഗം സ്ഥിരീകരിച്ചാൽ പദ്ധതിയിൽ രജിസ്റ്റർചെയ്യണം. തുടർ ചികിത്സ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ മിഠായി ക്ലിനിക് വഴി ഉറപ്പാക്കും. 
പ്രമേഹബാധിത കുട്ടികൾക്ക് കുപ്പികളിൽ വരുന്ന വയൽ ഇൻസുലിനാണ് പണ്ട്‌ നൽകിയിരുന്നത്. ഐസ് ബോക്‌സിലോ തെർമോ ഫ്ലാസ്‌കിലോ ഇത്‌ സൂക്ഷിക്കേണ്ടിയിരുന്നു. ഉപയോഗശേഷം 35 മിനിറ്റ് കഴിയാതെ ആഹാരംകഴിക്കാൻ പാടില്ലായിരുന്നുവെന്നതും ന്യൂനതയായിരുന്നു. മിഠായി പദ്ധതിയിൽ കുട്ടികൾക്ക് നൽകുന്നത് വേദനയില്ലാത്തതും എളുപ്പം ഉപയോഗിക്കാൻ പറ്റുന്നതുമായ ആധുനിക പെൻ ഇൻസുലിനാണ്. കുത്തിവച്ചുകഴിഞ്ഞാൽ അഞ്ച് മിനിറ്റിനുള്ളിൽത്തന്നെ ഭക്ഷണം കഴിക്കാമെന്നതും പോക്കറ്റിലോ പെൻസിൽ ബോക്‌സിലോ ഇട്ടുകൊണ്ടുനടക്കാമെന്നതും ഇതിന്റെ മേന്മയാണ്. 
കൈവിരലുകളിൽ സൂചി കുത്തിയാണ് കുട്ടികളിലെ പ്രമേഹത്തിന്റെ തീവ്രത കണ്ടെത്തിയിരുന്നത്. ദിവസം 10മുതൽ 15 തവണവരെ ഇത്തരത്തിൽ പരിശോധന നടത്തണമായിരുന്നു. മിഠായി പദ്ധതിയുടെ ഭാഗമായി ബട്ടൺ ആകൃതിയിലുള്ള സിജിഎം സെൻസർ ശരീരത്തിൽ ഘടിപ്പിച്ചാണ് പരിശോധന. 
ഇതിനൊപ്പമുള്ള റീഡറിലൂടെ തുടർച്ചയായി വേദനയും രക്ത നഷ്ടവും കൂടാതെ ഗ്ലൂക്കോസ് നില രേഖപ്പെടുത്താനാകും. മെഡിക്കൽ കോളേജുകളിലും പ്രധാന ആശുപത്രികളിലും പ്രത്യേക ടൈപ്പ് വൺ ഡയബറ്റിക്സ് സെന്ററുകൾ തുടങ്ങുന്നതിനും പദ്ധതിയുണ്ട്. ഡോക്ടറിനുപുറമെ എംഎസ്‌സി നഴ്‌സിന്റെ സേവനവും ഡയറ്റീഷന്റെ സേവനവും ലഭ്യമാക്കും.  ബോധവൽക്കരണ ക്ലാസുകളും പരിശീലനവും നൽകും. ടൈപ്പ് വൺ ഡയബറ്റിക്  കുട്ടികളുടെ സമ്പൂർണ വിവരം ശേഖരിക്കാനായി www.mittayi.org വെബ്‌സൈറ്റും പ്രവർത്തനസജ്ജമാണ്.  18001201001 എന്ന നമ്പറിൽ വിളിച്ചും രജിസ്റ്റർചെയ്യാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top