31 December Tuesday
ഇന്ന്‌ ശിശുദിനം

തനിച്ചാവില്ല കുരുന്നുകൾ

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024
മലപ്പുറം
യുദ്ധം അനാഥമാക്കിയ ഗാസയിലെ കുട്ടികളുടെ കാഴ്‌ചയുമായി ലോകം മുറിവേറ്റ്‌ നിൽക്കുമ്പോൾ കരുതലിന്റെ മുഖമായി മാറുകയാണ്‌ നമ്മുടെ നാട്ടിലെ ബാലസംരക്ഷണ സ്ഥാപനങ്ങൾ. ഓരോ കുട്ടിക്കും മധുരമുള്ള ബാല്യവും വിദ്യാഭ്യാസവും ഉറപ്പാക്കിയാണ്‌ ബാലസംരക്ഷണ സ്ഥാപനങ്ങൾ മുന്നേറുന്നത്‌. 
പലപ്പോഴും കുടുംബത്തിന്റെ തണലും കുട്ടികൾക്ക്‌ ലഭ്യമാക്കുന്നു. ബാലനീതി നിയമത്തിനുകീഴിൽ രജിസ്റ്റർചെയ്‌ത 34 ബാലസംരക്ഷണ സ്ഥാപനങ്ങളാണ്‌ ജില്ലയിലുള്ളത്‌. 
ഇവിടങ്ങളിലായി 884 കുട്ടികളുണ്ട്‌. 373 ആൺകുട്ടികളും 511 പെൺകുട്ടികളും. പലവിധത്തിൽ ഒറ്റപ്പെട്ടുപോയവരും ബാലനീതി നിയമം 2 (14) കീഴിൽ വരുന്നവരുമായ  കുട്ടികളെയാണ്‌ ബാലസംരക്ഷണ സ്ഥാപനങ്ങളിൽ എത്തിക്കുന്നത്‌. 
പ്രത്യേക സംരക്ഷണവും പരിചരണവും ആവശ്യമുള്ള വിഭാഗത്തിൽവരുന്ന കുട്ടികളാണ്‌  എല്ലാവരും. കൈക്കുഞ്ഞുങ്ങൾമുതൽ 18 വയസ്സുവരെയുള്ള കുട്ടികൾ ഇവിടെയുണ്ട്‌. 
ചില സാഹചര്യങ്ങളിൽ ആഫ്റ്റർ കെയർ എന്ന രീതിയിൽ 21 വയസ്സുവരെ കുട്ടികൾക്ക്‌ സംരക്ഷണം നൽകാറുണ്ട്‌. കുട്ടികളുടെ പരിപാലനം, വിദ്യാഭ്യാസം, ഉന്നമനം  ഉൾപ്പെടെയുള്ള  കാര്യങ്ങൾക്ക്‌ കൃത്യമായ മാർഗരേഖയുമുണ്ട്‌. 
ചൈൽഡ്‌ വെൽഫെയർ കമ്മിറ്റിയുടെ (സിഡബ്ല്യൂസി) ഉത്തരവോടെയാണ്‌ കുട്ടികൾ ബാലസംരക്ഷണ സ്ഥാപനത്തിൽ എത്തുന്നത്‌. ഇതിൽ ഭൂരിഭാഗംപേരും രക്ഷിതാക്കളുണ്ടെങ്കിലും കുട്ടികളെ സംരക്ഷിക്കാൻ സാഹചര്യമില്ലാത്ത കുടുംബങ്ങളിലെ കുട്ടികളാണ്‌. 
വനിതാ ശിശു വികസനവകുപ്പ്‌ ജില്ലാ ചൈൽഡ്‌ പ്രൊട്ടക്ഷൻ യൂണിറ്റാണ്‌ കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്‌.
 
കുടുംബമൊരുക്കാം 
കുരുന്നുകൾക്ക്‌
ഉപേക്ഷിക്കപ്പെടുന്നവരും നിരാശ്രയരുമായ കുട്ടികൾക്ക് സംരക്ഷണം നൽകുന്നതിനോടൊപ്പം കുടുംബം യാഥാർഥ്യമാക്കാനായി ദത്ത്‌ കൊടുക്കൽ, പോറ്റിവളർത്തൽ (Foster Care) പദ്ധതികൾ നടപ്പാക്കുന്നുണ്ട്‌. സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന മൈലപ്പുറത്തെ ശിശുപരിപാലന കേന്ദ്രമാണ്‌ (സ്‌പെഷ്യലൈസ്‌ഡ്‌ അഡോപ്‌ഷൻ ഏജൻസി) ദത്ത്‌ നൽകുന്നതിന്‌ ജില്ലയിലെ ഔദ്യോഗിക കേന്ദ്രം. ഏതാനും ദിവസം പ്രായമുള്ളവരിൽ തുടങ്ങി  ആറുവയസ്സുവരെ പ്രായമുള്ള 21 കുട്ടികളാണ് ശിശുപരിപാലന കേന്ദ്രത്തിലുള്ളത്. ഈ കുട്ടികളെല്ലാം പൊതു വിദ്യാലയങ്ങളിലോ അങ്കണവാടികളിലോ പ്രവേശിക്കപ്പെട്ടിട്ടുണ്ട്. ഓരോമാസവും ഓരോ കുട്ടിയെങ്കിലും ദത്തെടുക്കപ്പെടുന്നുണ്ട്. ഇതേ നിരക്കിൽത്തന്നെയാണ് പുതിയ കുട്ടികൾ വരുന്നതും. മറ്റു കാരണങ്ങളാൽ മാതാപിതാക്കളുടെ സാമീപ്യത്തിന് സൗകര്യമില്ലാത്ത കുട്ടികളുടെ പുനരധിവാസ കേന്ദ്രംകൂടിയാണിത്. സാഹചര്യം ശരിയാവുമ്പോൾ ഈ കുട്ടികൾക്ക് സ്വന്തം മാതാപിതാക്കൾക്കൊപ്പം തിരികെ പോകാം. മാനേജർ, നഴ്സ്, സോഷ്യൽ വർക്കർ, ആയമാർ എന്നിങ്ങനെ പതിനെട്ടോളം ജീവനക്കാർ കേന്ദ്രത്തിലുണ്ട്. സ്വന്തം കുടുംബത്തിൽ നിർത്താനോ ദത്തുകൊടുക്കാനോ കഴിയാത്ത കുട്ടികളെ താൽക്കാലികമായി മറ്റൊരു കുടുംബത്തിൽ പാർപ്പിക്കാൻ അനുവദിക്കുന്നതിനെയാണ് പോറ്റിവളർത്തൽ ((Foster Care) എന്നു പറയുന്നത്. ചൈൽഡ് വെൽഫയർ കമ്മിറ്റിയാണ് കുട്ടികളെ പോറ്റിവളർത്തുന്നതിനുള്ള ഉത്തരവ്‌ നൽകുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top