14 November Thursday

ആഘോഷിക്കാം, കാൽപ്പന്തുകാലം

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024

മങ്കട ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനം സെവൻസ്‌ ഫുട്‌ബോൾ മത്സരത്തിനായി ഒരുക്കുന്നു

മലപ്പുറം 

നാട്ടിൽ കാൽപ്പന്തുകാലം വീണ്ടും ഉണരുകയാണ്‌. ജില്ലയിൽ സീസണിലെ സെവൻസ്‌ മത്സരത്തിന്‌ വ്യാഴാഴ്‌ച മങ്കടയിൽ തുടക്കമാകും. മങ്കട ജിവിഎച്ച്എസ്എസ് പിടിഎ കമ്മിറ്റിയും ഇൻഡിപെൻഡൻസ് സോക്കർ ക്ലബ് മങ്കടയുമാണ് മത്സരം സംഘടിപ്പിക്കുന്നത്. നവംബറിൽതന്നെ കാടപ്പടിയിലും ടൂർണമെന്റ്‌ നടക്കും. വണ്ടൂരിലെ ടൂർണമെന്റ്‌ ഡിസംബർ ഒന്നിന്‌ ആരംഭിക്കും. കാദറലി സെവൻസ്‌ ഡിസംബർ 20മുതലാണ്‌. സീസണിൽ ആകെ 14 ടൂർണമെന്റുകളാണ്‌ നടക്കുക. 
മങ്കടയിൽ 20 ടീമുകൾ  
മങ്കടയിൽ പ്രശസ്തരായ ഫുട്ബോൾ താരങ്ങൾ അണിനിരക്കുന്ന ടൂർണമെന്റിൽ 20 ടീമുകൾ പങ്കെടുക്കും. മങ്കട ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്താണ്‌ മത്സരങ്ങൾ. അയ്യായിരത്തോളം പേർക്ക് ഇരിക്കാവുന്ന ​ഗാലറിയാണ്‌ ഒരുക്കിയിട്ടുള്ളത്‌. രാത്രി എട്ടിനാണ്‌ മത്സരങ്ങൾ. മഞ്ഞളാംകുഴി അലി എംഎൽഎ ഉദ്ഘാടനംചെയ്യും. ഇന്ത്യൻ താരം മുഹമ്മദ് റാഫി മുഖ്യാതിഥിയാവും. റിയൽ എഫ്‌സി തെന്നലയും സ്‌കൈബ്ലൂ എടപ്പാളും തമ്മിലാണ്‌ ഉദ്‌ഘാടന മത്സരം.  
നിയമം കർശനം  
ടൂർണമെന്റിനിടയിലെ സംഘർഷങ്ങൾ ഒഴിവാക്കാൻ ഇത്തവണ നിയമം കൂടുതൽ കർശനമാക്കുമെന്ന്‌ മലപ്പുറം സെവൻസ്‌ ഫുട്‌ബോൾ അസോസിയേഷൻ ജില്ലാ ഭാരവാഹികൾ അറിയിച്ചു. ചുവപ്പ്‌ കാർഡ്‌ കിട്ടിയ താരങ്ങൾക്ക്‌ രണ്ടുമത്സരങ്ങളിൽ വിലക്ക്‌ നൽകിയിരുന്നത്‌ മൂന്നാക്കി ഉയർത്തും. കളിക്കിടെ റഫറിയുമായി ഏറ്റുമുട്ടലുണ്ടായാൽ പിഴ ചുമത്തും. മത്സരങ്ങളിൽ വിലക്കുകയുംചെയ്യും. തെറ്റ്‌ ആവർത്തിച്ചാൽ ഡീ ബാർ ചെയ്യുന്നതടക്കമുള്ള നടപടി സ്വീകരിക്കും.
ടീമിൽ മൂന്ന്‌ 
വിദേശ താരങ്ങൾ
സെവൻസ് മൈതാനങ്ങളിൽ കാണികളുടെ പ്രധാന ആവേശങ്ങളിലൊന്ന്‌ വിദേശ താരങ്ങളാണ്‌. സുഡാനി എന്ന ഓമനപ്പേരിൽ വിളിക്കുന്ന ആഫ്രിക്കൻ താരങ്ങളാണ്‌ അതിൽ പ്രധാനം. ഇത്തവണ ഒരുടീമിൽ മൂന്ന്‌ വിദേശ താരങ്ങൾക്കാണ്‌ അനുമതി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top