മലപ്പുറം
തിരുവോണത്തിന് മാവേലിയെ വരവേൽക്കാനും പൂക്കളമൊരുക്കാനും സദ്യവട്ടത്തിനുമായി നഗര–- - ഗ്രാമ വ്യത്യാസമില്ലാതെ ജനം ഒഴുകിയെത്തിയതോടെ നാടും നഗരവും ഓണത്തിരക്കിലമർന്നു. തിരുവോണത്തെ വരവേൽക്കാനുള്ള ഉത്രാടപ്പാച്ചിൽ ഇക്കൊല്ലവും ഉഷാറായിരുന്നു. നഗരത്തിലെ പ്രധാന വിപണികൾക്കൊപ്പം നാടൻ പച്ചക്കറികളുമായി നാട്ടുചന്തകളിലും കവലകളിലെ പച്ചക്കറി സ്റ്റാളുകളിലും കച്ചവടം പൊടിപൊടിച്ചു.
പ്രധാന റോഡുകളിലും ഇടറോഡുകളിലും തുറന്ന വാഹനത്തിലും പച്ചക്കറി വിൽപ്പനയും തകൃതിയായിരുന്നു. ഉത്രാടദിവസം വീട്ടുമുറ്റത്ത് വയ്‌ക്കാനുള്ള മാതേവർ, പൂക്കളമിടാൻ പൂവ്, മറ്റ് സാധനങ്ങൾ, വസ്‌ത്രങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവ വാങ്ങാനെത്തിയവരാൽ നഗരം നിറഞ്ഞു.
വസ്‌ത്ര വിപണിയിലും ഖാദി, ഹാന്റക്‌സ് തുടങ്ങിയ സ്ഥാപനങ്ങളിലും നല്ല തിരക്കായിരുന്നു. വഴിയോരക്കച്ചവടവും കൊഴുപ്പേകി. സംസ്ഥാന സർക്കാരിന്റെ വിലക്കുറവിന്റെ വിപണികളും ആളുകൾക്ക് ഏറെ പ്രയോജനപ്പെട്ടു. സപ്ലൈകോ, കൺസ്യൂമർഫെഡ്, മറ്റ് സഹകരണ സംഘങ്ങൾ എന്നിവ മുഖേന ജില്ലയിൽ വിലക്കുറവിന്റെ വിപണികൾ ഒരുക്കിയിരുന്നു. കുടുംബശ്രീയുടെ നാടൻ വിപണികളും സജീവമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..