23 December Monday

ആവേശം ഓളംതല്ലും; 
ജലോത്സവത്തിന്‌ തയ്യാറെടുത്ത്‌ പൊന്നാനി

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2024

കടവനാട് പൂക്കൈതപ്പുഴയിൽ ജലോൽത്സവ പരിശീലനം നടത്തുന്നവർ

പൊന്നാനി

പൊന്നാനിക്കാർക്ക് ഓണമെന്നാൽ ജലോത്സവമാണ്. ബിയ്യം കായലിലെയും കടവനാട് പൂക്കൈതപ്പുഴയിലെയും ജലോത്സവത്തിന്‌ നാട്‌ തയ്യാറെടുത്തുകഴിഞ്ഞു. 

മാസങ്ങളായുള്ള ഒരുക്കമാണ്‌ അവസാനഘട്ടത്തിൽ. 17ന് ബിയ്യം കായലിലും 19ന് കടവനാട് പൂക്കൈതപ്പുഴയിലും ജലോത്സവം ആവേശംതീർക്കും. ജനകീയ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് രണ്ടിടത്തും ജലപോരാട്ടം. 

മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ആഘോഷ പരിപാടികൾ മാറ്റിവച്ചതോടെയാണ് ബിയ്യം കായൽ വള്ളംകളി ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്. ഇ കേശവൻ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും പി ടി മോഹനകൃഷ്ണൻ മെമ്മോറിയൽ റണ്ണേഴ്സ് ട്രോഫിക്കും പ്രൊഫ. കടവനാട് മുഹമ്മദ് സെക്കൻഡ് റണ്ണറപ്പ് ട്രോഫിക്കുംവേണ്ടിയുള്ള കടവനാട് ജലോത്സവത്തിൽ 13 മേജർ വള്ളങ്ങളും 11 മൈനർ വള്ളങ്ങളും മത്സരിക്കും.

ബിയ്യം കായലിൽ 13 മേജർ വള്ളവും 12 മൈനർ വള്ളവും മത്സരിക്കും. രണ്ടുമാസംമുമ്പേ പരിശീലനം ആരംഭിച്ചിരുന്നു. രണ്ട് ജലോത്സവങ്ങളും മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനംചെയ്യും. പി നന്ദകുമാർ എംഎൽഎ അധ്യക്ഷനാകും. എം പി അബ്ദുസമദ് സമദാനി എംപി, പി പി സുനീർ എംപി എന്നിവർ മുഖ്യാതിഥികളാകും. കടവനാട് ജലോത്സവത്തിന്റെ സമ്മാനദാനം സബ് കലക്ടർ ദിലീപ് കെ കൈനിക്കര നിർവഹിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top