പ്രമേഹം കാഴ്‌ചയെടുത്തിട്ടും സേവനരംഗത്ത് സജീവമായി ജനകീയ ഡോക്‌ടർ എൻ അബ്ദു
വേങ്ങര
രോഗീപരിചരണത്തിന് ജീവിതം സമർപ്പിച്ചപ്പോൾ സ്വന്തം കാഴ്‌ചശക്തി നഷ്ടമായ ഡോക്ടറുണ്ട് വേങ്ങരയിൽ. പേര് എൻ അബ്ദു. കടുത്ത പ്രമേഹത്തിൽ കാഴ്‌ച അവസാനിച്ചെങ്കിലും രോഗീപരിചരണം കൈവിട്ടില്ല. വേങ്ങരയിലെ ക്ലിനിക്കിൽ ശിശുരോഗ വിദഗ്‌ധനായ ഡോക്ടറെ തേടി ദിനവും നിരവധി പേരെത്തും. മരുന്നും ചികിത്സയുമെല്ലാം അകക്കണ്ണിന്റെ വെളിച്ചത്തിൽ.
മണ്ണാർക്കാട് താലൂക്കിലെ കോട്ടോപ്പാടം സ്വദേശിയാണ് അബ്ദു. 40 വർഷംമുമ്പാണ് വേങ്ങരയിൽ എത്തിയത്. ശിശുരോഗ ചികിത്സയിൽ ബിരുദാനന്ത ബിരുദധാരിയായ ഇദ്ദേഹം വേങ്ങര സിനിമാ ഹാളിനുസമീപം ക്ലിനിക് സ്ഥാപിച്ചു. നാട്ടുകാർക്ക് പ്രിയപ്പെട്ട ഡോക്ടറായി. ആശുപത്രിയായി വളർന്ന സ്ഥാപനം പിന്നീട് വേങ്ങര ടൗണിന് സമീപത്തേക്ക് മാറ്റി. 20 വർഷംമുമ്പാണ് പ്രമേഹം പിടികൂടിയത്. 2009ൽ കാഴ്‌ച പൂർണമായും നഷ്ടമായി.
ജീവിതം കൈവിടുമെന്ന് തോന്നിയ ഘട്ടത്തിൽ ഭാര്യ ഡോ. റുക്കിയ കരുത്തായി. നഴ്‌സ് കൃഷ്‌ണപ്രിയയും സഹായത്തിനെത്തി. ക്ലിനിക്കിൽ ആഴ്‌ചയിൽ ആറുദിവസവും ഡോക്ടർ രോഗികളെ ശുശ്രൂഷിക്കാനെത്തും. ശിശുരോഗ വിദഗ്‌ധനാണെങ്കിലും മുതിർന്നവരും ഡോക്ടറെ കാണാനെത്തും. അവരുടെ പരാതികൾ കേൾക്കാനും സമയം കണ്ടെത്തും. രാവിലെ ആറോടെ കടലുണ്ടിപ്പുഴയിൽ കൂട്ടുകാരോടൊപ്പം നീന്തുന്നത് ശീലമാക്കി. മനസ്സിനും ശരീരത്തിനും ഉന്മേഷം നൽകുന്ന നീന്തൽ മുടക്കാറില്ലെന്ന് ഡോ. അബ്ദു പറഞ്ഞു. മൂന്ന് മക്കളിൽ രണ്ടാളും ഡോക്ടർമാരാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..