തേഞ്ഞിപ്പലം
ട്രാക്കും ഫീൽഡും ഉണർന്നു. കലിക്കറ്റ് സർവകലാശാലാ ഇന്റർ കോളേജിയറ്റ് അത്‌ലറ്റിക്‌സ് മീറ്റിൽ രണ്ട് ദിനം പിന്നിടുമ്പോൾ പുരുഷ വിഭാഗത്തിൽ തൃശൂർ സെന്റ് തോമസ് കോളേജ് (30) മുന്നേറുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (16) രണ്ടാമതും പാലക്കാട് ഗവ. വിക്ടോറിയ കോളേജ് (6) മൂന്നാമതുമാണ്.
വനിതാ വിഭാഗത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് 19 പോയിന്റുമായി കുതിക്കുന്നു. 18 പോയിന്റുമായി തൃശൂർ വിമല കോളേജ് തൊട്ടുപിന്നിൽ. പാലക്കാട് മേഴ്സി കോളേജ് (15)ആണ് മൂന്നാമത്.
മീറ്റിന്റെ രണ്ടാം ദിനത്തിൽ പുരുഷന്മാരുടെ ഡിസ്കസ് ത്രോയിൽ തൃശൂർ സെന്റ് തോമസ് കോളേജിലെ അലക്സ് പി തങ്കച്ചൻ (53.02) പുതിയ മീറ്റ് റെക്കോഡിട്ടു. മീറ്റിലെ രണ്ടാമത്തെ റെക്കോഡാണ്. 100 മീറ്ററിൽ സ്വർണം നേടി പാലക്കാട് വിക്ടോറിയ കോളേജിലെ കെ ആർ റിജിത്തും (10.67സെ) പാലക്കാട് മേഴ്സി കോളേജിലെ എസ് മേഘയും (11.96സെ) വേഗമേറിയ താരങ്ങളായി. തിങ്കളാഴ്ച 13 ഫൈനൽ നടക്കും.
മീറ്റ് സർവകലാശാലാ രജിസ്ട്രാർ ഡോ. ഇ കെ സതീഷ് ഉദ്ഘാടനംചെയ്തു. സിൻഡിക്കറ്റംഗം അഡ്വ. എം ബി ഫൈസൽ അധ്യക്ഷനായി. അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് അൻവർ അമീൻ ചേലാട്ട്, സിൻഡിക്കറ്റംഗങ്ങളായ എ കെ അനുരാജ്, പി മധു എന്നിവർ സംസാരിച്ചു. കായിക വിഭാഗം മേധാവി ഡോ. വി പി സക്കീർ ഹുസൈൻ സ്വാഗതവും കായിക വിഭാഗം ഡയറക്ടർ ഡോ. കെ പി മനോജ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..