പെരിന്തൽമണ്ണ
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ ‘ഇരട്ട’ സിനിമയിലൂടെ മികച്ച തിരക്കഥാകൃത്തിനും മികച്ച രണ്ടാമത്തെ സിനിമക്കുമുള്ള ഇരട്ട ബഹുമതികളുമായി തലയുയര്‍ത്തിനില്‍ക്കുകയാണ് നവാഗത സംവിധായകനും ആലിപ്പറമ്പ് സ്വദേശിയുമായ രോഹിത് എം ജി കൃഷ്ണന്‍. ഹ്രസ്വ ചിത്രങ്ങൾ ചെയ്താണ് രോഹിത് ചലച്ചിത്ര മേഖലയിലേക്ക് പ്രവേശിക്കുന്നത്. പഠനകാലത്തും പിന്നീട് പോസ്റ്റല്‍ വകുപ്പില്‍ ജോലിക്ക് കയറിയപ്പോഴും കെെമോശം വരാതെ കാത്ത സിനിമാ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ സ്വന്തം രചനാവെെഭവത്തില്‍ അര്‍പ്പിച്ച വിശ്വാസം തുണയായി.
‘ഇന്ന് ഇന്നലെ’ എന്ന പേരില്‍ പുറത്തിറങ്ങിയതടക്കം കുറച്ച് ഹ്രസ്വചിത്രങ്ങള്‍മാത്രമായിരുന്നു സിനിമാ രംഗത്തേക്കിറങ്ങുമ്പോളുള്ള മുന്‍പരിചയം.
2017ലാണ് ഇരട്ടയുടെ തിരക്കഥാ രചന തുടങ്ങുന്നത്. 2020ൽ സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ തുടങ്ങിയെങ്കിലും കോവിഡ് ലോക്ക്ഡൗൺ ആരംഭിച്ചതിനാൽ ഷൂട്ടിങ് തുടങ്ങാൻ കഴിഞ്ഞില്ല. പിന്നീട് 2022ൽ ഷൂട്ടിങ് പുനരാരംഭിച്ച്, 2023ൽ റിലീസ് ചെയ്യുകയായിരുന്നു.
മികച്ച സ്വീകാര്യത ലഭിച്ച ചിത്രം ഗോവന്‍, പുണെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും പ്രദര്‍ശിപ്പിച്ചിരുന്നു. ‘ഇരട്ട’ക്ക് തിരുവനന്തപുരത്തെ പ്രേംനസീര്‍ സുഹൃദ് സമിതിയുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിനുള്ള ഒരുക്കത്തിലാണ് രോഹിത്.
പെരിന്തൽമണ്ണ വള്ളുവനാട് ഫിലിം സൊസൈറ്റിയുടെ സഹയാത്രികൻകൂടിയാണ് രോഹിത്. ആലിപ്പറമ്പില്‍ പരേതനായ മുണ്ടന്‍കോടി ഗോപാലകൃഷ്ണന്റെയും കുഞ്ഞിമാളു അമ്മയുടെയും ഇളയമകനായ രോഹിത് പോസ്റ്റല്‍വകുപ്പ് ജീവനക്കാരനാണ്. ഭാര്യ: രോഹിണി. മകന്‍: ഇഷാന്‍ അദ്രി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..