എടക്കര
വർഷങ്ങളായി കരുനെച്ചിയിൽ ബാർബർ ഷോപ്പ് നടത്തിയിരുന്ന പുതിയത്ത് മുഹമ്മദ് (കുഞ്ഞാപ്പ–- 75) കഴിഞ്ഞ മാസം ഒമ്പതിനാണ് മരിച്ചത്. തുടർന്ന് ബന്ധുക്കൾ കടമുറി ഒഴിഞ്ഞു. പാലേമാട് സ്വദേശി അർഷഖ് ഉമ്മയുടെ മാല പണയംവച്ച 20,000 രൂപ നൽകി ബാർബർ ഷോപ്പ് ഏറ്റെടുത്തു. കടമുറി വൃത്തിയാക്കുന്നതിനിടെ രണ്ടിടങ്ങളിൽനിന്നായി ലഭിച്ചത് 2.36 ലക്ഷം രൂപ. പക്ഷെ, ദാരിദ്ര്യക്കയത്തിലും ആ നന്മനിറഞ്ഞ ഹൃദയം സ്‌നേഹത്താൽ തുടിച്ചു.
മരിച്ച മുഹമ്മദിന്റെ കുടുംബത്തിന് ആ തുക കൈമാറിയതോടെ നാട്ടുകാർ ശരിക്കും വ്യത്യസ്‌തനായ ബാർബർ അർഷഖിന്റെ നന്മ തിരിച്ചറിഞ്ഞു.
മുഹമ്മദ് മരിച്ചപ്പോൾ ബന്ധുക്കളെത്തി സാധനങ്ങൾ എടുത്തുമാറ്റിയാണ് കടമുറി ഉടമയ്‌ക്ക് ഒഴിഞ്ഞുകൊടുത്തത്. പക്ഷെ, കണ്ണാടിക്കുപിറകിൽ തുണിയിൽ പൊതിഞ്ഞ പണക്കിഴി അവരുടെ ശ്രദ്ധയിൽപ്പെട്ടില്ല. മേശയിലെ നോട്ട് ബുക്കിലും പണമുണ്ടായിരുന്നു. എല്ലാംകൂടി 2,36,000 രൂപ.
മരണപ്പെട്ട മുഹമ്മദിനല്ലാതെ ഈ സമ്പാദ്യത്തെക്കുറിച്ച് ആർക്കും അറിയുമായിരുന്നില്ല. മുഹമ്മദ് നിത്യവരുമാനത്തിൽനിന്ന് പതിറ്റാണ്ടുകളായി മാറ്റിവച്ച സമ്പാദ്യം. ഇതുലഭിച്ച അർഷഖ് കരുനെച്ചി പള്ളി കമ്മിറ്റി ഭാരവാഹികളെ വിവരം അറിയിച്ചു. നാട്ടുകാരുടെ സാന്നിധ്യത്തിൽ തുക മുഹമ്മദിന്റെ ബന്ധുക്കൾക്ക് കൈമാറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..