22 December Sunday

കലിക്കറ്റിൽ മൂന്ന് കായിക ഇനംകൂടി മത്സരമായി ഉൾപ്പെടുത്തുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024
തേഞ്ഞിപ്പലം
കോളേജ്  മത്സരംമുതൽ മൂന്ന് കായിക ഇനങ്ങൾകൂടി  ഉൾപ്പെടുത്താൻ കലിക്കറ്റ് സർവകലാശാല കായിക മോണിറ്ററിങ്‌ കമ്മിറ്റി യോഗം ശുപാർശ നൽകി. ഷൂട്ടിങ്‌ പുരുഷ–-വനിതാ വിഭാഗം, ബീച്ച് വോളി പുരുഷ–-വനിതാ വിഭാഗം, ബീച്ച് ഫുട്ബോൾ പുരുഷ വിഭാഗം എന്നിവയാണ് പുതുതായി ഉൾപ്പെടുത്തുന്നത്. ഈ വർഷംമുതൽ ഉൾപ്പെടുത്തണമെന്നാണ് ശുപാർശ. ഷൂട്ടിങ്‌ റെയ്ഞ്ചും പരിശീലന കേന്ദ്രവും സ്ഥാപിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ ഉപസമിതിയെ നിയോഗിക്കണം. ഹോക്കി ടർഫ്, ഷൂട്ടിങ്‌ റെയ്ഞ്ച്, സ്വിമ്മിങ്‌ പൂൾ ഗാലറി, ഇൻഡോർ സ്റ്റേഡിയ നവീകരണം, സ്‌കേറ്റിങ്‌ ട്രാക്ക് എന്നിവ ഉൾപ്പെടുത്തി കായിക വികസന മാസ്റ്റർ പ്ലാൻ തയ്യാറാക്കും. സാമ്പത്തിക സഹായത്തിനായി സർക്കാർ ഏജൻസികളുടെ സഹായം തേടും. 
സർവകലാശാലയെ പ്രതിനിധീകരിക്കുന്ന കായിക താരങ്ങൾക്ക് ജേഴ്സിക്കായി നൽകുന്ന 1500 രൂപ 2500 രൂപയായി വർധിപ്പിക്കും. മികച്ച കായിക  പ്രകടനം നടത്തുന്ന വനിത, പുരുഷ വിഭാഗത്തിൽ കോളേജുകൾക്ക്‌ ട്രോഫിയും സമ്മാന തുകയും നൽകും. തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ ഓരോ കോളേജുകളിൽ കായിക പഠനത്തിൽ ഗവേഷണ കേന്ദ്രം അനുവദിക്കും. അന്തർ സർവകലാശാലാ മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് സമ്മാന തുക 20,000, 15,000, 10,000 ആയി വർധിപ്പിക്കും. വ്യാഴാഴ്ച ചേരുന്ന സിൻഡിക്കറ്റ് യോഗം ശുപാർശ പരിഗണിക്കും. മോണിറ്ററിങ്‌ കമ്മിറ്റി യോഗത്തിൽ സിൻഡിക്കറ്റിന്റെ സ്‌പോർട്സ് ഉപസമിതി കൺവീനർ അഡ്വ. എം ബി ഫൈസൽ, സിൻഡിക്കറ്റംഗം ഡോ. റിച്ചാർഡ് സ്‌കറിയ, കായിക വിഭാഗം ഡയറക്ടർമാരായ ഡോ. വി പി സക്കീർ ഹുസൈൻ, ഡോ. കെ പി മനോജ്, ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ വിപിൻ, ഡോ. ആർ ജയകുമാർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top