18 October Friday

‘ഹൈ’ റേഞ്ചിലേക്ക് ​ ​ഗോത്ര ന​ഗറുകള്‍

എം സനോജ്Updated: Thursday Oct 17, 2024

നെടുങ്കയം വട്ടിക്കല്ലിൽ നിർമാണം 
പുരോഗമിക്കുന്ന ടവർ

നിലമ്പൂർ
കൈയിൽ ഫോണുണ്ടെങ്കിലും സിഗ്നൽ ലഭിക്കാൻ കിലോമീറ്ററുകൾ നടക്കണം. കാട്ടിനുള്ളിൽ ടവറുകൾ ഇല്ലാത്തതായിരുന്നു പ്രതിസന്ധി. എന്നാൽ, ഈ ദുരവസ്ഥയ്‌ക്ക്‌ പരിഹാരമാവുന്നു. സംസ്ഥാനത്ത് ഇന്റർനെറ്റ് സൗകര്യമില്ലെന്ന്‌ കണ്ടെത്തിയ 1284 പട്ടികവർഗ ന​ഗറുകളിൽ 1119 കേന്ദ്രങ്ങളിൽ കണക്ടിവിറ്റി ഉറപ്പാക്കുകയാണ്‌ സർക്കാർ. പട്ടികവർ​ഗ വികസനവകുപ്പ്, ത്രിതല പഞ്ചായത്തുകൾ, എംപി ഫണ്ട്, സിഎസ്ആർ ഫണ്ട്, ജില്ലാ ഭരണസംവിധാനത്തിന്റെ ഫണ്ട് എന്നിവ ഉപയോ​ഗിച്ചാണ് ഇന്റർനെറ്റ് സംവിധാനം ലഭ്യമാക്കിയത്. 
ശേഷിക്കുന്ന 165 പട്ടികവർ​ഗ ന​ഗറുകളിൽ ഫോർ ജി സാച്ചുറേഷൻ ലഭ്യമാക്കുന്നതിനായി ബിഎസ്എൻഎൽവഴി നടപടി പുരോ​ഗമിക്കുന്നു. ഒപ്റ്റിക്കൽ ഫൈബർ കണക്ഷനിലൂടെ കണക്ടിവിറ്റി എത്തിക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ വിവിധ സേവനദാതാക്കളുടെ സഹകരണത്തോടെ സാമൂഹ്യ പഠനമുറികൾ, അങ്കണവാടികൾ, കമ്യൂണിറ്റി ഹാളുകൾ എന്നിവടങ്ങളിൽ എയർ ടു ഫൈബർ സംവിധാനംവഴി കണക്ഷൻ ലഭ്യമാക്കും. വനംവകുപ്പ്, പട്ടികവർഗ വകുപ്പ്, വൈദ്യുതി വകുപ്പ് എന്നിവരുമായി സഹകരിച്ചാണ് പദ്ധതി. കോവിഡ് കാലത്ത് ഇന്റർനെറ്റ് സൗകര്യം ലഭ്യമല്ലാതെ പഠനബുദ്ധിമുട്ട് നേരിട്ട വിദ്യാർഥികൾക്കടക്കം സർക്കാർ പദ്ധതി ​ഗുണകരമാവും. 
വന്യജീവികൾ ടവറുകൾ തകർക്കാതിരിക്കാൻ സുരക്ഷാ സംവിധാനം ഒരുക്കി. പദ്ധതി പൂർണമായി നടപ്പാക്കുന്നതോടെ സമ്പൂർണ ഡിജിറ്റൽ ന​ഗറുകളായി ഇവ മാറും. കെ ഫോൺ ഉൾപ്പടെയുള്ള പദ്ധതികൾ ന​ഗറുകളിലെത്തിക്കാൻ കഴിയും. ഡിജിറ്റൽ പദ്ധതി നടപ്പാക്കുന്ന ന​ഗറുകളിൽ പലതും 2018, 2019 പ്രളയത്തിൽ ദുരിതം നേരിട്ടവയാണ്‌. ഡിജിറ്റൽ കണക്ടിവിറ്റിക്ക് പുറമേ വൈദ്യുതി എത്തിക്കുന്ന പദ്ധതിയും അവസാനഘട്ടത്തിലാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top