19 December Thursday

ആരോഗ്യത്തിളക്കം

വെബ് ഡെസ്‌ക്‌Updated: Thursday May 18, 2023

 

മലപ്പുറം

ജില്ലയിലെ 39 ആരോഗ്യ ഉപകേന്ദ്രങ്ങള്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാകുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മപദ്ധതി ഭാഗമായി ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താനും ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ജനപങ്കാളിത്തോടെ ഏകോപ്പിക്കാനുംവേണ്ടിയാണ് ജനകീയാരോഗ്യകേന്ദ്രങ്ങള്‍ക്ക് തുടക്കമാവുന്നത്. ദേശീയ ആരോഗ്യ ദൗത്യം- ആരോഗ്യ കേരളം (എന്‍എച്ച്എം) ഫണ്ട് ഉപയോഗിച്ചാണ് ആരോഗ്യ ഉപകേന്ദ്രങ്ങളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കുന്നത്. കേന്ദ്രങ്ങളുടെ ഉദ്ഘാടനം വ്യാഴാഴ്‌ച പകൽ 11ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും.  

ജില്ലയില്‍ ആരംഭിക്കുന്ന 39 കേന്ദ്രങ്ങളില്‍ മേലങ്ങാടി, ബിപി അങ്ങാടി, തുവ്വക്കാട്, മുണ്ടേരി എന്നിവ എന്‍എച്ച്എം ഫണ്ടായ 1.92 കോടി രൂപ  ഉപയോഗിച്ച് പുതുതായി നിര്‍മിച്ചവയാണ്. ബാക്കിയുള്ളവ ഓരോ കേന്ദ്രവും എന്‍എച്ച്എം ഫണ്ടായ ഏഴുലക്ഷം ഉപയോഗിച്ച് നവീകരിച്ചവയാണ്. ആരോഗ്യ ഉപകേന്ദ്രങ്ങളെ ജനകീയാരോഗ്യകേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി ഓരോ കേന്ദ്രത്തിലും ഒരു എംഎല്‍എച്ച്പി (മിഡ് ലെവല്‍ ഹെല്‍ത്ത് പ്രൊവൈഡര്‍)യെ കൂടി നിയമിച്ചിട്ടുണ്ട്. മിഡ് ലെവല്‍ ഹെല്‍ത്ത് പ്രൊവൈഡര്‍, ജൂനിയര്‍ പബ്ലിക്‌ ഹെല്‍ത്ത് നഴ്‌സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ആശാ എന്നിവരിലൂടെയാണ് ജനകീയാരോഗ്യകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം. 

പ്രദേശത്തെ എല്ലാ ആളുകളുടെയും വാര്‍ഷിക പരിശോധന നടത്തുക, വാര്‍ഷിക പരിശോധനയില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജനങ്ങളുടെ ജീവിതശൈലിയില്‍ മാറ്റംവരുത്താനുതകുന്ന ക്യാമ്പയിനുകളും ഇടപെടലുകളും നടത്തുക, കുടുംബക്ഷേമ പരിപാടികള്‍, ഗര്‍ഭകാല പരിചരണം, മാതൃ ശിശു ആരോഗ്യം എന്നിവയില്‍ ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തുക, പകര്‍ച്ചവ്യാധി, പകര്‍ച്ചേതര രോഗങ്ങള്‍, ജീവിതശൈലീ രോഗങ്ങള്‍ എന്നിവയെ പ്രതിരോധിക്കാന്‍ ജനങ്ങളില്‍ ആരോഗ്യകരമായ ജീവിതരീതികള്‍ പ്രോത്സാഹിപ്പിക്കുക, പൊതുജന പങ്കാളിത്തത്തോടെ രോഗികളെ മാനസികവും സാമൂഹികവുമായി പുനരധിവസിക്കുന്നതിനുവേണ്ട പ്രവര്‍ത്തനം ഏറ്റെടുക്കുക, കിടപ്പിലായവര്‍ക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉളളവര്‍ക്കും വയോജനങ്ങള്‍ക്കും വേണ്ട ആരോഗ്യ സേവനങ്ങള്‍ ഉപകേന്ദ്രങ്ങള്‍വഴി ഏകോപിപ്പിക്കുക തുടങ്ങിയവയാണ് ജനകീയാരോഗ്യകേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്ന സേവനങ്ങള്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top