മലപ്പുറം
ഇന്ത്യൻ മെഡിക്കൽ അസോസിയേഷ (ഐഎംഎ)ന്റെ 24 മണിക്കൂർ സമരത്തിന്റെ ഭാഗമായി കലക്ടറേറ്റ് കവാടത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. കലക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് നിവേദനം നൽകി. കൊൽക്കത്ത മെഡിക്കൽ കോളേജിൽ നടന്ന സംഭവത്തിൽ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകുക, ആശുപത്രികളെ സുരക്ഷിത മേഖലയാക്കി പ്രഖ്യാപിക്കുക, തൊഴിലിടങ്ങളിൽ ഡോക്ടർമാർക്ക് സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ജില്ലാ കമ്മിറ്റി ചെയർമാൻ ഡോ. കെ ജ്ഞാനദാസ്, കൺവീനർ ഡോ. സി ആനന്ദ്, ഡോക്ടർമാരായ പി നാരായണൻ, കെ എ പരീത്, അശോകവത്സല, കെ വിജയൻ, അബ്ദുസലാം, പി സലീം, കെ ഷാജിൽ എന്നിവർ സംസാരിച്ചു.
ഐഎംഎ നേതൃത്വത്തിൽ മഞ്ചേരിയിൽ ഡോക്ടർമാർ പ്രതിഷേധിച്ചു. ഒപിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്കരിച്ചായിരുന്നു സമരം. പിജി ഡോക്ടർമാരും സീനിയർ റെസിഡന്റ് ഡോക്ടർമാരും ഹൗസ് സർജന്മാരും പങ്കെടുത്തു. അത്യാഹിത വിഭാഗത്തെ സമരം ബാധിച്ചില്ല. അടിയന്തര ശസ്ത്രക്രിയ, ലേബർ റൂം സേവനങ്ങളും തടസ്സപ്പെട്ടില്ല. മഞ്ചേരിയിൽ മെഡിക്കൽ കോളേജിലും സ്വകാര്യ ആശുപത്രികളിലും സമരം നടന്നു. ഐഎംഎ, കെജിഎംഒഎ, കെജിഎംസിടിഎ, കെഎംപിജിഎ, എംഎസ് എൻ, ഹൗസ് സർജൻസ് അസോസിയേഷൻ, മെഡിക്കൽ കോളേജ് സ്റ്റുഡന്റ്സ് യൂണിയൻ എന്നിവർ പണിമുടക്കിൽ പങ്കെടുത്തു.
മഞ്ചേരി മെഡിക്കൽ കോളേജ് പരിസരത്ത് ഐഎംഎയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. മഞ്ചേരി ഐഎംഎ പ്രസിഡന്റ് ഡോ. പി രാജേഷ് ഉദ്ഘാടനംചെയ്തു. ജൂനിയർ ഡോക്ടേഴ്സ് നെറ്റ് വർക്ക് സംസ്ഥാന സെക്രട്ടറി ഡോ. അബ്ദുൾ സലാം, എംഎസ്എൻ കൺവീനർ ഡോ. ആഷ്ലി റോയ്, കെജിഎംഒഎ കൺവീനർ ഡോ. സൂരജ്, കെജിഎംസിടിഎ കൺവീനർ ഡോ. സബിത റോസ്, കെഎംപിജിഎ കൺവീനർ ഡോ. ഹിബ, ഡോ. മിൻഹജ് എന്നിവർ സംസാരിച്ചു. ഡോ. ഫെബിൻ പുത്തലത്ത് സ്വാഗതം പറഞ്ഞു.
പെരിന്തൽമണ്ണ ജില്ലാ ആശുപത്രി അങ്കണത്തിൽ ഐഎംഎ മുൻ ദേശീയ വൈസ് പ്രസിഡന്റ് ഡോ. വി യു സീതി ഉദ്ഘാടനംചെയ്തു. ഡോക്ടർമാരായ സാമുവൽ കോശി, വി യു സീതി, എ വി ജയകൃഷ്ണൻ എന്നിവർ ചേർന്ന് ഫ്ലാഗ് ഹോസ്റ്റ് ചെയ്തു. ഷാജി ഗഫൂർ, നിഷ മോഹൻ, ജലാൽ എന്നിവർ സംസാരിച്ചു. കോടതിപടിയിലേയ്ക്ക് പ്രതിഷേധ മാർച്ചും നടത്തി. സമാപന സമ്മേളനം കെ എ സീതി ഉദ്ഘാടനംചെയ്തു. എസ്രാമദാസ്, കൊച്ചു എസ് മണി, അബൂബക്കർ തയ്യിൽ, കെ പി ഷറഫുദ്ദീൻ, ജലാൽ, ഐശ്വര്യ, നിളാർ മുഹമ്മദ്, കെ ബി ജലീൽ, കൃഷ്ണദാസ് എളേടത്ത് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..