22 December Sunday

ഉയരെ മുണ്ടേരി വിത്ത് കൃഷിത്തോട്ടം

സ്വന്തം ലേഖകൻUpdated: Sunday Aug 18, 2024

സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ഫാം ഓഫീസർക്കുള്ള അവാർഡ് കൃഷി മന്ത്രി പി പ്രസാദിൽനിന്നും മുണ്ടേരി ഫാം ഡെപ്യൂട്ടി ഡയറക്ടർ പി ഷക്കീല ഏറ്റുവാങ്ങുന്നു

എടക്കര  
വരുമാനം ഒന്നരക്കോടിയിൽനിന്ന് മൂന്ന്‌ കോടിയാക്കി ഉയർത്തി മുണ്ടേരി സംസ്ഥാന വിത്ത് കൃഷിത്തോട്ടം. 1980ൽ സാഡു സ്കീമിൽ 529 ഹെക്ടറിൽ ആരംഭിച്ച സംസ്ഥാനത്തെ പത്ത് ഫാമിലൊന്നാണ് മുണ്ടേരി കൃഷി ഫാം. 305 തൊഴിലാളികളും മുപ്പതോളം ജീവനക്കാരുമുള്ള ഫാമിൽ 36 കോടിയുടെ വികസന പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. ചാലിയാർ പുഴയുടെ തീരത്തെ ഫാമിന് 2019ലെ പ്രളയത്തിൽ കോടികളുടെ നഷ്ടമാണ് സംഭവിച്ചത്. കാർഷിക മേഖലയിൽ വൈവിധ്യവൽക്കരണവും മികച്ച ആസൂത്രണങ്ങളും ആവിഷ്കരിച്ചതോടെ പ്രളയത്തെ അതിജീവിക്കുകയാണ്  ഫാം.  തെങ്ങുകൃഷിമാത്രമുണ്ടായിരുന്ന തോട്ടത്തെ വിദേശ ഇനങ്ങൾ ഉൾപ്പെടെ നിരവധി പഴവർഗ–-ഔഷധ ചെടികളുടെ കലവറയാക്കി. ജില്ലയിലേക്ക് ആവശ്യമായ വിത്തിനങ്ങളുടെ ഉൽപ്പാദന കേന്ദ്രമാക്കിയും മാറ്റി. തൈകളുടെ പ്രദർശനവും വിൽപ്പനയും ലക്ഷ്യമിട്ട് മൂന്നുദിവസം നീണ്ടുനിന്ന  ഫാം ഡേ ‘നിറവ് 24' വൻ വിജയമായി.  കൃഷിത്തോട്ടത്തെ വിനോദസഞ്ചാര കേന്ദ്രമാക്കിയും മാറ്റി. കാർഷിക കുടുംബങ്ങൾ, വിദ്യാർഥികൾ, ക്ലബ് പ്രവർത്തകർ എന്നിവരാണ് ഇവിടെയെത്തുന്ന സഞ്ചാരികൾ. ട്രക്കിങ്ങിനും ഇവിടെ സൗകര്യമുണ്ട്. പഴവർഗങ്ങൾ ഉപയോഗിച്ച് നിർമിക്കുന്ന പാനീയങ്ങൾക്ക് ഓൺലൈൻ വ്യാപാരവും തുടങ്ങി. സംസ്ഥാന കൃഷിവകുപ്പ് നബാർഡിന്റെ ഫണ്ടുപയോഗിച്ച് 25ഓളം പദ്ധതികളാണ് ഫാമിൽ നടപ്പാക്കുന്നത്. കാട്ടാന മേഞ്ഞിരുന്ന തോട്ടത്തിന് ചുറ്റും തൂക്കുവേലിയും വൈദ്യുതിവേലിയും സ്ഥാപിച്ചു. കൂടുതൽ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിച്ചു. വിദേശ ഇനം പഴച്ചെടികളും ഔഷധസസ്യങ്ങളും തോട്ടത്തിൽ നിറഞ്ഞു. കാർഷിക പരിശീലന പദ്ധതികളും നടപ്പാക്കി. മുണ്ടേരി വിത്ത് കൃഷിത്തോട്ടത്തെ  ജനകീയമാക്കാൻ ജീവനക്കാരും തൊഴിലാളികളും പ്രയത്‌നിച്ചു.  ഉത്തരേന്ത്യയിൽ ധാന്യമായി ഉപയോഗിച്ചുവരുന്ന ബജ്റ കൃഷിരീതി ആദ്യമായി ഫാമിൽ പരീക്ഷിച്ച് വിജയിച്ചതും മുണ്ടേരിയിലാണ്. ഉരുൾപൊട്ടൽ ദുരന്തത്തിൽ മുണ്ടേരി ഫാമിനോട് ചേർന്നൊഴുകുന്ന പുഴയോരത്താണ് കൂടുതൽ മൃതദേഹവും ശരീര ഭാഗങ്ങളും എത്തിയത്‌.  ഫാമിലെ ട്രാക്ടറിലാണ് ജീവനക്കാർ 200–ലധികം ശരീരഭാഗം ആംബുലൻസിൽ എത്തിച്ചത്. തിരച്ചിൽ സംഘത്തിന് പലപ്പോഴും ഫാം ജീവനക്കാർ ഭക്ഷണവും ഒരുക്കി.
അവാർഡ്‌ തിളക്കം 
എടക്കര 
സംസ്ഥാന ഫാം ഓഫീസർ അവാർഡ് രണ്ടാംസ്ഥാനം ഫാമിലെ ഡെപ്യൂട്ടി ഡയറക്ടർ പി ഷക്കീല  നേടി.  2022-ൽ തോട്ടത്തിൽ അസി. ഡെപ്യൂട്ടി ഡയറക്ടറായി ചുമതലയേറ്റ ഷക്കീല 2023ൽ ഡെപ്യൂട്ടി ഡയറക്ടറായി. നിറവ് 24 സംഘടിപ്പിച്ചതിനും വരുമാനം ഇരട്ടിയായി വർധിപ്പിച്ചതിനുമാണ് അവാർഡ്. കർഷകദിനത്തിൽ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കൃഷി മന്ത്രി പി പ്രസാദിൽനിന്ന്‌ പുരസ്കാരം ഏറ്റുവാങ്ങി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top