പൊന്നാനി
ബിയ്യം കായലിന്റെ മേലെ ആകാശം ഇരുണ്ടുതുടങ്ങുമ്പോൾ കരകളിൽ ആവേശം അലയടിക്കുകയായിരുന്നു. ഓളപ്പരപ്പുകളെ കീറിമുറിച്ച് നടന്ന ഫൈനലിൽ പറക്കുംകുതിരയും മണികൊമ്പനും ജലറാണിയും ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു. ഒടുവിൽ ന്യൂ ടൂറിസ്റ്റ് ക്ലബ് കാഞ്ഞിരമുക്കിന്റെ പറക്കുംകുതിര ജലരാജാവായി.
ആയിരങ്ങളാണ് വള്ളംകളി ആസ്വദിക്കാനെത്തിയത്. 13 മേജർ വള്ളങ്ങളും 12 മൈനർ വള്ളങ്ങളും മത്സരിച്ചു. മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിനോദസഞ്ചാര വകുപ്പ് ഓണാഘോഷം മാറ്റിവച്ചതോടെ ബിയ്യം കായൽ ബോട്ട് റേസിങ് കമ്മിറ്റി ജനകീയമായാണ് വള്ളംകളി നടത്തിയത്. പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനംചെയ്തു. നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷനായി. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു, മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി ബീന, രജീഷ് ഊപ്പാല, ഫർഹാൻ ബിയ്യം, പി വി അയ്യൂബ്, സജി എന്നിവർ സംസാരിച്ചു.
ന്യൂ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എരിക്കമണ്ണയുടെ മണികൊമ്പൻ രണ്ടാം സ്ഥാനവും നവയുഗം ആർട്സ് സ്പോർട്സ് ക്ലബ്ബിന്റെ ജലറാണി മൂന്നാം സ്ഥാനവും നേടി. മൈനർ വിഭാഗത്തിൽ അരോഹ റോവേഴ്സ് ക്ലബ് കടവനാടിന്റെ മിഖായേൽ ഒന്നാംസ്ഥാനം നേടി.
യൂത്ത്സ് കടവനാടിന്റെ വീരപുത്രൻ രണ്ടാം സ്ഥാനവും ഫാസ്ക് പള്ളിപ്പടിയുടെ കായൽ കുതിര ജൂനിയർ മൂന്നാം സ്ഥാനവും നേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..