19 September Thursday

തുടരണം ജാ​ഗ്രത

സ്വന്തം ലേഖകന്‍Updated: Wednesday Sep 18, 2024

നിപാ സ്ഥിരീകരിച്ച സാഹചര്യത്തിൽ വീടുകയറിയുള്ള സര്‍വേ നടത്താനായി തിരുവാലി പിഎച്ച്സിയിൽ എത്തിയ 
ആരോഗ്യപ്രവർത്തകർ

 
മലപ്പുറം
ആശ്വാസത്തിന്റെ ദിനമാണ് കഴിഞ്ഞുപോയത്. ജില്ലയിൽ രണ്ടാം തവണയും നിപാ റിപ്പോർട്ചെയ്തത് ആശങ്കയ്ക്കിടയാക്കിയെങ്കിലും ആരോഗ്യപ്രവർത്തകരുടെ കൃത്യമായ ഇടപെടലും ജനങ്ങളുടെ ജാഗ്രതയും ഫലം കാണുകയാണ്. മരിച്ച ഇരുപത്തിനാലുകാരന്റെ ബന്ധുക്കളായ 10 പേരുടേതടക്കം 16 സ്രവപരിശോധനാഫലം ചൊവ്വാഴ്ച നെ​ഗറ്റീവായി. രോഗലക്ഷണങ്ങളുണ്ടായിരുന്നവരാണ് ഇവർ. 
മഞ്ചേരി ​ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ‌ സജ്ജമാക്കിയ വിആർഡിഎൽ ലാബിൽനിന്നാണ് ഇവരുടെ സ്രവം പരിശോധിച്ചത്. ഇവർ ഐസൊലേഷൻ പിരീഡ് കഴിയുന്നതുവരെ നിരീക്ഷണത്തിൽ കഴിയണം. ബം​ഗളൂരുവിലുള്ള യുവാവിന്റെ 30 സുഹൃത്തുക്കളും സമ്പർക്കപ്പട്ടികയിലുണ്ടെങ്കിലും ലോ റിസ്ക് വിഭാഗത്തിലാണ്. 
പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രോ​ഗവ്യാപനം തടയുന്നുണ്ട്. ജില്ലയിൽ പൊതുവിടങ്ങളിൽ ആളുകൾ മാസ്ക് ധരിക്കണമെന്ന് കലക്ടർ നിർദേശിച്ചിട്ടുണ്ട്. നേരത്തെ പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ പതിനാലുകാരൻ നിപാബാധയേറ്റ് മരിച്ചപ്പോഴും ‌രോ​ഗവ്യാപനമില്ലാതെ തടയാൻ ആരോ​ഗ്യസംവിധാനത്തിന് കഴിഞ്ഞിരുന്നു. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ചിട്ടയായ പ്രതിരോധപ്രവർത്തനങ്ങളാണ് നടക്കുന്നത്. തിരുവാലി, വണ്ടൂർ, മമ്പാട് പഞ്ചായത്തുകളിൽ വീടുകയറിയുള്ള സർവേ പുരോഗമിക്കുകയാണ്. ലക്ഷണങ്ങളുള്ളവരെ നിരീക്ഷണത്തിലാക്കി പ്രതിരോധം ശക്തമാക്കുകയാണ് ആരോഗ്യ വകുപ്പ്.
 
 
ഒറ്റദിനം; 4981 വീടുകളില്‍ സര്‍വേ
മലപ്പുറം
നടുവത്ത് യുവാവ് നിപാബാധിച്ച്‌ മരിച്ചതിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് വീടുകയറിയുള്ള സര്‍വേ പുരോ​ഗമിക്കുന്നു. മമ്പാട് പഞ്ചായത്തിലെ 1576 വീടുകളിലും വണ്ടൂരിലെ 1711 വീടുകളിലും തിരുവാലിയിലെ 1694 വീടുകളിലുമടക്കം 4981 വീടുകളില്‍ ചൊവ്വാഴ്ച സര്‍വേ നടത്തി. 146 ടീമുകളായാണ് സര്‍വേ. മമ്പാട് പഞ്ചായത്തില്‍ 28, വണ്ടൂരില്‍ 39, തിരുവാലിയില്‍ 40 എന്നിങ്ങനെ 107 പനിക്കേസുകള്‍ റിപ്പോര്‍ട്ട്ചെയ്തു.  
ഇവരാരും പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരല്ല. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നുണ്ട്. ചൊവ്വാഴ്ച 214 പേര്‍ക്ക് കോള്‍ സെന്റര്‍വഴി മാനസിക പിന്തുണ നല്‍കി. പ്രതിരോധപ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി തിരുവാലി ബ്ലോക്ക് എഫ്എച്ച്സിയിലും മമ്പാട് പഞ്ചായത്ത് ഓഫീസിലും ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും അവലോകന യോഗം ചേര്‍ന്നു. 
വൈകിട്ട് ചേര്‍ന്ന അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ്, കലക്ടര്‍ വി ആര്‍ വിനോദ്, ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ്, ആരോഗ്യ ഡയറക്ടര്‍ ഡോ. കെ ജെ റീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍ രേണുക  എന്നിവര്‍ പങ്കെടുത്തു.
 
യുവാവിന്റെ മരണം: നിപാ സ്ഥിരീകരിച്ചത്‌ ആരോ​ഗ്യപ്രവര്‍ത്തകരുടെ ജാ​ഗ്രതയിൽ
വണ്ടൂർ
തിരുവാലി നടുവത്ത് മരിച്ച യുവാവിന് നിപാബാധ സംശയിക്കാന്‍ കാരണം ആരോഗ്യപ്രവര്‍ത്തകരുടെ ജാ​ഗ്രത. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ഒമ്പതിനാണ് ഇരുപത്തിനാലുകാരന്‍ മരിച്ചത്. ഇതിനുമുമ്പ് നടുവത്തെ സ്വകാര്യ ക്ലിനിക്കിലും വണ്ടൂരിലെ രണ്ട് സ്വകാര്യ ആശുപത്രിയിലും യുവാവ്‌ ചികിത്സതേടിയിരുന്നു. വിവരമറിഞ്ഞതോടെ തിരുവാലി -പൂളക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജെഎച്ച്ഐ അഭിലാഷ് ലാലിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. യുവാവിന്റെ ഖബറടക്കം കഴിഞ്ഞതോടെ വീട്ടിലെത്തി ബന്ധുക്കളോട് സംസാരിച്ചു. ബന്ധുക്കള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ യുവാവിനുണ്ടായിരുന്ന ലക്ഷണങ്ങള്‍ മനസ്സിലാക്കിയ സംഘം മെഡിക്കല്‍ രേഖകളും പരിശോധിച്ചു. സംശയംതോന്നിയ തിരുവാലി മെഡിക്കൽ ഓഫീസർ ഡോ. എ പി മുനീർ വിവരം ജില്ലാ മെ‍ഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറി. തുടർന്നാണ് യുവാവിന്റെ സ്രവം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പരിശോധനയ്ക്കയച്ചത്. 
ശനിയാഴ്ച സ്രവപരിശോധനാഫലം പോസിറ്റീവായതോടെ ഔദ്യോഗിക സ്ഥിരീകരണത്തിനായി പുണെ നാഷണന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും അയച്ചു. ശനിയാഴ്ചതന്നെ ആരോ​ഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ഓണ്‍ലൈന്‍ യോ​ഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തിരുവാലി പഞ്ചായത്ത് അധികൃതരും തിരുവാലി പിഎച്ച്സിയും ചേർന്നാണ് വാർഡുതല സര്‍വേകളും മറ്റും ഏകോപിപ്പിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top