18 December Wednesday

കെഎസ്‌ഇബിയിൽ പരാതികൾക്ക്‌ അതിവേഗ പരിഹാരം

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024
നിലമ്പൂർ
വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട പരാതികളും തർക്കങ്ങളും വേഗത്തിൽ പരിഹരിക്കാൻ സംവിധാനവുമായി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷൻ. ഉപഭോക്തൃ പരാതിപരിഹാര ഫോറങ്ങളിൽ (സിജിആർഎഫ്) വൈദ്യുതി  ഉപഭോക്താക്കളുടെ പ്രതിനിധികളെയും ഉൾപ്പെടുത്തും. കെഎസ്ഇബിക്കുകീഴിലുള്ള മൂന്ന്‌ സിജിആർഎഫുകൾ അഞ്ചായി വർധിപ്പിക്കും. സബ് ഡിവിഷൻ, സർക്കിൾതലങ്ങളിൽ ആഭ്യന്തര പരാതി പരിഹാര സെല്ലുകൾ (ഐജിആർസി) രൂപീകരിക്കും. 
നിലവിൽ കെഎസ്ഇബിക്കുകീഴിൽ കൊട്ടാരക്കര (ദക്ഷിണമേഖല), കളമശേരി (മധ്യ മേഖല), കോഴിക്കോട് (ഉത്തരമേഖല) എന്നിവിടങ്ങളിലാണ് സിജിആർഎഫുകളുള്ളത്. സംസ്ഥാനത്ത് 200 കിലോമീറ്ററിനുള്ളിൽ ഒരു സിജിആർഎഫ്  എന്നതായിരുന്നു വ്യവസ്ഥ. ഇത് 100 കിലോമീറ്ററിനുള്ളിൽ ഒന്ന് എന്നായി മാറി. വൈദ്യുതി വിതരണംചെയ്യുന്ന മറ്റ് ഒമ്പത് ലൈസൻസികൾക്ക് ഓരോ സിജിആർഎഫുകൾവീതവുമുണ്ട്. 
സിജിആർഎഫുകളിൽ ഉപഭോക്താക്കളും
ലൈസൻസികളുടെ രണ്ട് പ്രതിനിധികളും റെഗുലേറ്ററി കമീഷൻ നിയമിക്കുന്ന ഒരു നിയമ വിദഗ്ധനുമാണ് നിലവിൽ സിജിആർഎഫുകളിൽ ഉള്ളത്. ഇതിനുപുറമേയാണ് ഉപഭോക്താക്കളുടെ പ്രതിനിധികളെ ഉൾപ്പെടുത്തുന്നത്. ലൈസൻസികൾ നിർദേശിക്കുന്നവരിൽ ഒരാളെ വൈദ്യുതി റഗുലേറ്ററി തെരഞ്ഞെടുക്കും. ഉപഭോക്താക്കളുടെ പ്രതിനിധി ഇലക്‌ട്രിസിറ്റി ജീവനക്കാരനോ  മുൻ ജീവനക്കാരനോ ആവരുതെന്ന് വ്യവസ്ഥയുണ്ട്.
സെല്ലുകൾ  ഒരുങ്ങുന്നു 
കെഎസ്ഇബി സബ് ഡിവിഷൻ, സർക്കിൾതലങ്ങളിൽ ആഭ്യന്തര പരാതി പരിഹാര സെൽ ഒരുങ്ങുന്നു. തർക്കപരിഹാരത്തിന്‌ സിജിആർഎഫുകളെമാത്രം ആശ്രയിക്കുന്ന രീതി ഇതോടെ മാറും. സബ്‌ ഡിവിഷൻതലത്തിൽ അസി. എക്‌സിക്യൂട്ടീവ് എൻജിനിയറുടെ നേതൃത്വത്തിലും സർക്കിൾതലത്തിൽ  ഡെപ്യൂട്ടി ചീഫ് എൻജിനിയറുടെ നേതൃത്വത്തിലുമാണ് സമിതി. സബ്‌ഡിവിഷൻതലത്തിൽ ഏഴുദിവസത്തിനകം തീർപ്പ് കൽപ്പിക്കാത്ത പരാതികൾ സർക്കിൾതല സമിതിക്ക് നൽകാം. അവിടെയും പരിഹരിക്കപ്പെടാത്തവ സിജിആർഎഫുകൾക്ക് നൽകാം. 
സെക്ഷൻതലങ്ങളിൽ മാസത്തിൽ അദാലത്ത്‌ നടത്തും. വൈദ്യുതി റെഗുലേറ്ററി കമീഷന്റെ പ്രവർത്തനങ്ങൾ  ഓൺലൈനാകും. വൈദ്യുതി ബിൽ മാസത്തിലാക്കുന്ന കാര്യം പരിഗണനയിലാണ്. പുതിയ സിജിആർഎഫുകളുടെയും ഐജി ആർസികളുടെയും രൂപവത്കരണം ഈ മാസം പൂർത്തിയാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top