20 December Friday
ജാ​ഗ്രത മുഖ്യം

മഞ്ഞപ്പിത്തം കൂടുന്നു

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2024
മലപ്പുറം
ജില്ലയിൽ മഞ്ഞപ്പിത്തബാധിതരുടെ എണ്ണത്തിൽ നാലിരട്ടി വർധന. 2023ലെ കണക്കനുസരിച്ച് 525 മഞ്ഞപ്പിത്തബാധിതരുണ്ടായിരുന്നത് ഇക്കൊല്ലം 2064–-ആയി. എന്നാൽ, സംശയാസ്പദ കേസുകളിൽ ഏഴിരട്ടിയോളം വർധനവുണ്ട്. 2023ൽ മഞ്ഞപ്പിത്തബാധ സംശയിക്കുന്ന 1462 പേരുണ്ടായിരുന്നത് ഈ വർഷം 10,119–-ആയി. 2023ൽ മഞ്ഞപ്പിത്തബാധയിൽ അഞ്ച് മരണമുണ്ടായത് ഈ വർഷം 30–-ആയി. 2022ൽ 319 സംശയാസ്പദ കേസുകളും 85 സ്ഥിരീകരിച്ച കേസുകളുമായിരുന്നു. മാനദണ്ഡമനുസരിച്ച് "പിസിആർ' പരിശോധനയോ "എലിസ' പരിശോധനയോ നടത്തി പോസറ്റീവായവയാണ് സ്ഥിരീകരിച്ച കേസുകളിൽ ഉൾപ്പെടുത്തുന്നത്. മറ്റുള്ളവ സംശയാസ്പദ കേസുകളിൽ ഉൾപ്പെടുത്തും.
സ്ഥിരീകരണം 
പരിശോധയ്ക്കുശേഷം
ലക്ഷണത്തിന്റെ അടിസ്ഥാനത്തിൽ മഞ്ഞപ്പിത്തബാധ സംശയിക്കാമെങ്കിലും ആരോഗ്യവകുപ്പ് അധികൃതരുടെ പരിശോധനയ്ക്കുശേഷമാണ് സ്ഥിരീകരിക്കുന്നത്. കുറ്റിപ്പുറത്ത് 180 പേർക്ക് മഞ്ഞപ്പിത്തബാധയുണ്ടായെന്നാണ് സംശയം. ഇവിടെ 130 കേസുകൾ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ബാക്കിയുള്ളവയുടെ പരിശോധന പുരോഗമിക്കയാണ്.
വൈറൽ പനിക്കും മഞ്ഞപ്പിത്തത്തിന് സമാനമായ ലക്ഷണങ്ങളുണ്ടാകാം. അതിനാൽ സ്ഥിരീകരിച്ചശേഷം മാത്രമാണ് ആരോഗ്യവകുപ്പ് റിപ്പോർട്ട്‌ തയ്യാറാക്കുന്നത്. ഈ പരിശോധനക്കെടുക്കുന്ന കാലതാമസമാണ് ആരോഗ്യവകുപ്പിന്റെ കണക്കിൽ ചെറിയ വ്യത്യാസംവരാൻ കാരണമെന്നും മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും ഡെപ്യൂട്ടി ഡിഎംഒ ഡോ. ഷുബിൻ അറിയിച്ചു.
ശുദ്ധജലം 
ഉറപ്പുവരുത്തണം 
വഴിക്കടവിൽ കഴിഞ്ഞമാസം 106 പേർക്കാണ് മഞ്ഞപ്പിത്തബാധ സ്ഥിരീകരിച്ചത്. ഈ മാസം 27 കേസുകൾ റിപ്പോർട്ട്‌ ചെയ്തു. സമ്പർക്ക പട്ടികയിലുള്ളവർക്കാണ് പുതുതായി രോഗമുണ്ടായത്. വിവിധ പദ്ധതികളിലൂടെ പ്രദേശത്ത് വിതരണംചെയ്യുന്ന കുടിവെള്ളത്തിന്റെ ശുദ്ധീകരണം ഉറപ്പുവരുത്തണം. കഴിഞ്ഞമാസം വഴിക്കടവിൽ പഞ്ചായത്ത് അധികൃതരുമായി നടത്തിയ ചർച്ചയിൽ ആരോ​ഗ്യവകുപ്പ് ഇതിനുള്ള നിർ​ദേശം നൽകിയിരുന്നു.
 
ഇവ 
ശ്രദ്ധിക്കുക
● അഞ്ച് മിനിറ്റെങ്കിലും തിളപ്പിച്ച വെള്ളം ആറ്റിയശേഷം കുടിക്കുക 
● മലമൂത്ര വിസർജനശേഷവും ഭക്ഷണം പാചകംചെയ്യുന്നതിനും വിതരണംചെയ്യുന്നതിനും കഴിക്കുന്നതിനും മുമ്പും 20 സെക്കൻഡ്‌ കൈകൾ സോപ്പിട്ട് കഴുകുക
● പാചകംചെയ്യാത്ത ഭക്ഷണവും പാനീയങ്ങളും പുറത്തുനിന്ന് കഴിക്കാതിരിക്കുക
● മഞ്ഞപ്പിത്തബാധിതരുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കുക
● സമ്പർക്കത്തിലുള്ളവർക്ക് മഞ്ഞപ്പിത്തമുണ്ടായാൽ രണ്ടാഴ്ച വ്യക്തിശുചിത്വം പാലിക്കുക
● രോ​ഗബാധിതർ പച്ചമരുന്ന്, ഒറ്റമൂലി ചികിത്സ എന്നിവ ഒഴിവാക്കുക
● രോ​ഗബാധിതർ ഒരുമാസം പൂർണവിശ്രമമെടുക്കുക 
● കൃത്യമായ ഇടവേളയിൽ രക്തപരിശോധന നടത്തി രോഗം ഗുരുതരമാകാതെ നോക്കുക

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top