എടക്കര
പോത്തുകല്ല് ആനക്കല്ലിൽ ഭൂമിക്കടിയിൽനിന്നുള്ള പ്രകമ്പന ശബ്‌ദവും വീടുകൾക്ക് വിള്ളലും നേരിട്ട സംഭവത്തിൽ സമഗ്രപഠനം നടത്തി പ്രദേശത്തെ ആശങ്കയകറ്റണമെന്ന് സിപിഐ എം എടക്കര ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ആനക്കല്ല് കുന്നിന്റെ പടിഞ്ഞാറെ ചെരുവിൽ പ്രകമ്പനം തുടരുകയാണ്. വീടുകൾക്ക് വിള്ളലും രൂപപ്പെടുന്നുണ്ട്. നിലവിൽ പല കുടുംബങ്ങളും രാത്രി ക്യാമ്പിലും രാവിലെ വീട്ടിലേക്ക് മടങ്ങുന്ന സ്ഥിതിയാണ്. ചിലർ ബന്ധുവീടുകളിലേക്കും മാറിയിട്ടുണ്ട്. തുടർച്ചയായി ഭൂമിക്കടിയിൽനിന്നുണ്ടാകുന്ന ശബ്ദം കാരണം ആശങ്കയോടെയാണ് കുടുംബങ്ങൾ കഴിയുന്നത്. പ്രദേശത്തെ ആശങ്ക അകറ്റാൻ തുടർ നടപടികൾ സ്വീകരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വന്യമൃഗശല്യം തടയാൻ നടപടിയെടുക്കുക, പുഞ്ചക്കൊല്ലി ആദിവാസി നഗറിലേക്ക് പാലം നിർമിക്കുക, എടക്കര ബൈപാസ് നിർമാണം വേഗത്തിൽ പൂർത്തിയാക്കുക, ഇരുട്ടുകുത്തി ആദിവാസി നഗറിലേക്ക് പാലം നിർമാണം വേഗത്തിൽ പൂർത്തിയാക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
മൂത്തേടം മരംവെട്ടിച്ചാൽ സീതാറാം യെച്ചൂരി– കോടിയേരി ബാലകൃഷ്ണൻ നഗറിൽ (ലീല കാസ്റ്റിൽ ഓഡിറ്റോറിയം) നടന്ന സമ്മേളനത്തിന്റെ രണ്ടാംദിനമായ ഞായറാഴ്ച എ ടി റെജി, പി കെ ജിഷ്ണു, കെ ടി വർഗീസ്, അഡ്വ. ഷെറോണ റോയി എന്നിവർ പ്രമേയങ്ങളും അഡ്വ. യു ഗിരീഷ് കുമാർ ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചയ്ക്ക് ഏരിയാ സെക്രട്ടറി ടി രവീന്ദ്രൻ, സംസ്ഥാന കമ്മിറ്റിയംഗം പി കെ സൈനബ എന്നിവർ മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി ശശികുമാർ, വി രമേശൻ, അഡ്വ. കെ പി സുമതി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..