മലപ്പുറം
വിദേശ മദ്യത്തിൽ അഴുകിയ പ്രാണിയെ കണ്ടെത്തിയെന്ന പരാതിയിൽ പോണ്ടിച്ചേരി ആസ്ഥാനമായ വിൻ ബ്രോസ് ആൻഡ് കമ്പനിക്കും സംസ്ഥാന ബിവറേജസ് കോർപറേഷനും പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമീഷൻ. വട്ടംകുളം കുറ്റിപ്പാല കളരിവീട്ടിൽ ബാബു നൽകിയ പരാതിയിലാണ് 2.5 ലക്ഷം രൂപ പിഴ ചുമത്തിയത്. രണ്ടുലക്ഷം രൂപ കമ്പനിയും 50,000 രൂപ കോർപറേഷനും നൽകണമെന്നാണ് വിധി. കോടതിച്ചെലവായി 25,000 രൂപയും നൽകണം. എടപ്പാൾ കണ്ടനകത്തെ ബിവറേജസ് ഔട്ട്‌ലറ്റിൽനിന്ന് 2022 ഡിസംബറിലാണ് പരാതിക്കാരൻ മദ്യം വാങ്ങിയത്. അൽപ്പം കഴിച്ചശേഷം കുപ്പിക്കുള്ളിൽ അഴുകിയനിലയിൽ പുൽച്ചാടിയെ കണ്ടതെന്നാണ് പരാതി. 950 രൂപയുടെ മദ്യത്തിന് 160 രൂപ അധികം ഈടാക്കിയെന്നും പരാതിയിലുണ്ട്. നികുതി ഇനത്തിലെ മാറ്റം കണക്കിലെടുത്ത് സർക്കാർ ഉത്തരവുപ്രകാരം അധികവില ഈടാക്കാൻ അധികാരമുണ്ടെന്ന കോർപറേഷൻ വാദം കമീഷൻ അംഗീകരിച്ചില്ല. അധികമായി ഈടാക്കിയ തുക പരാതിക്കാരന് തിരികെ നൽകണം. ഒരുമാസത്തിനകം ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ഒമ്പത് ശതമാനം പലിശ നൽകണമെന്നും കെ മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി വി മുഹമ്മദ് ഇസ്മയിൽ എന്നിവർ അംഗങ്ങളുമായ കമീഷൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..