22 November Friday
ജില്ലയിൽ 
ഇന്ന് മഞ്ഞ അലര്‍ട്ട്

പെയ്‌തൊഴിയാതെ

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024

പഴമള്ളൂർ – ചട്ടിപ്പറമ്പ് റോഡിൽ പാറക്കെട്ടിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടപ്പോൾ

മലപ്പുറം

ജില്ലയിൽ മഴ ശക്തമായി തുടരുന്നു. ഓറഞ്ച് അലര്‍ട്ടായിരുന്ന വ്യാഴാഴ്ച മലയോര, തീരദേശമേഖലകളില്‍ കനത്ത മഴ ലഭിച്ചു. നദികളിൽ ജലനിരപ്പ് ഉയർന്നു. ശക്തമായ കാറ്റില്‍ വിവിധയിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണ് ​ഗതാ​ഗതം തടസ്സപ്പെട്ടു. വീടുകളും തകര്‍ന്നു 
● നാടുകാണി ചുരത്തിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വഴിക്കടവ് –- നാടുകാണി ചുരം റോഡിലെ ജാറത്തിന് ഒരുകിലോമീറ്റർ അകലെയാണ് മരം വീണത്. ചുരത്തിലെ മൂന്നിടങ്ങളില്‍ മരം വീണു. ഒന്നരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. നിലമ്പൂരിൽനിന്ന് ഫയർഫോഴ്സ് സംഘമെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്  
● കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറി പരേതനായ കുഞ്ഞുമുഹമ്മദ് കാരുള്ളിയുടെ വീടിനോടുചേർന്ന കിണർ ഇടിഞ്ഞുതാഴ്ന്നു. വീട് അപകടാവസ്ഥയിലായി 
● അരീക്കോട് വെള്ളേരി മുത്തേരിപറമ്പ് മുൻ പഞ്ചായത്ത് അംഗം ഷീനയുടെ വീടിന്റെ മുകളില്‍ പന വീണു. വീടിന്റെ ഷീറ്റും വാട്ടർ ടാങ്കും ഉള്‍പ്പെടെ തകര്‍ന്നു. വീടിനും കേടുപാടുണ്ട്‌. വ്യാഴം രാവിലെ പത്തോടെയാണ്‌ സംഭവം. വീട്ടുകാർ മുൻവശത്തായിരുന്നു. ദുരന്തനിവാരണ സേന മരം മുറിച്ചുമാറ്റി 
● പത്തപ്പിരിയം കൽപ്പാലം വാർഡിലെ കളരിക്കൽ ലക്ഷ്‌മിയുടെ വീട് ബുധനാഴ്‌ച രാത്രി 10.30ഓടെ കാറ്റിലും മഴയിലും തകർന്നു 
മലവെള്ളപ്പാച്ചിലിൽ എടക്കര– മൂത്തേടം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുപ്പിനി പാലം മുങ്ങി
 
ഇരിങ്ങാവൂർ ഒറ്റപ്പെട്ടു
തിരൂർ പുഴയിൽ വെള്ളം കരകവിഞ്ഞു. പനമ്പാലം പുഴയിൽ ജലനിരപ്പ് ഉയർന്ന് ഇരിങ്ങാവൂർ പ്രദേശം ഒറ്റപ്പെട്ടു. പനമ്പാലം, ഹാജി ബസാർ, വാണിയന്നൂർ, ഇരിങ്ങാവൂർ മണ്ഡകത്തുംപറമ്പ് മേഖലകളാണ് ഒറ്റപ്പെട്ടത്. പയ്യനങ്ങാടി –- ഇരിങ്ങാവൂർ റോഡിൽ വെള്ളം കയറി വാഹന ഗതാഗതം നിലച്ചു. കാൽനടയാത്രയും ദുഷ്‌കരമായി. പുഴയോരത്തെ വീടുകളില്‍ വെള്ളം കയറുമെന്നും ആശങ്കയുണ്ട്. വെട്ടം പഞ്ചായത്തിലെ പടിയത്തും വെള്ളം കയറി. 
നിരവധി വീടുകൾ വെള്ളത്തിനടിയിലായി. പുറത്തൂർ, മംഗലം  പഞ്ചായത്തുകളിലും വിവിധ പ്രദേശങ്ങൾ വെള്ളത്തിലായി.
 
റോഡിലേക്ക് പാറക്കെട്ട്‌ 
ഇടിഞ്ഞുവീണു
ചട്ടിപ്പറമ്പ്
കുറുവ-–- പഴമള്ളൂർ – ചട്ടിപ്പറമ്പ്- റോഡിൽ പാറക്കെട്ട്‌ ഇടിഞ്ഞുവീണു. വ്യാഴം രാവിലെ പത്തിനായിരുന്നു അപകടം. ഇതുവഴി പോയ ബൈക്ക് മണ്ണിനടിയിൽപ്പെട്ടെങ്കിലും യാത്രക്കാരൻ രക്ഷപ്പെട്ടു. മണ്ണിടിയുന്നത് കണ്ടതോടെ ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ ബൈക്ക് പുറത്തെടുത്തു. അപകടസമയം കാൽനട യാത്രക്കാർ ഇല്ലാത്തത് വൻ ദുരന്തമൊഴിവാക്കി. മണ്ണ് നീക്കുന്നതുവരെ വാഹനങ്ങൾ സമൂസപ്പടി – വറ്റലൂർ – ചെറുകുളമ്പിലൂടെയും  പഴമള്ളൂർ സിറ്റി – സഡൻ സിറ്റി – ചാഞ്ഞാലിലൂടെയും തിരിച്ചുവിട്ടു. പെരിന്തൽമണ്ണ തഹസിൽദാർ ടി കെ ഷാജി, കോഡൂർ വില്ലേജ് ഓഫീസർ സി എം രാജേഷ് എന്നിവർ സ്ഥലം സന്ദർശിച്ചു. മുമ്പും ഇവിടെ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. റോഡിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മന്ത്രി പി എ മുഹമ്മദ് റിയാസിന് പരാതി നല്‍കിയിരുന്നു. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പൊതുമരാമത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.
 
നാടുകാണി ചുരം റോഡിൽ വിള്ളൽ
എടക്കര
കനത്ത മഴയില്‍ നാടുകാണി ചുരം റോഡിൽ വീണ്ടും വിള്ളൽ രൂപപ്പെട്ടു. തമിഴ്നാട് അതിര്‍ത്തിയില്‍നിന്ന് ഒരുകിലോ മീറ്റർ മാറിയാണ് വിള്ളൽ വീണത്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. മലയിലെ വെള്ളം ഒലിച്ചിറങ്ങി റോഡിന്റെ താഴ്ഭാഗത്തെ മണ്ണ് തെന്നിനീങ്ങിയാണ് വിള്ളൽ രൂപപ്പെട്ടത്. ഇതോടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചരക്കുവാഹനങ്ങൾ കടന്നുപോകുന്നത് റോഡ് കൂടുതൽ ഇടിയാനിടയാക്കും. 
2019 ആഗസ്തിലെ ഉരുൾപൊട്ടലിലും നാടുകാണി ചുരത്തിൽ ജാറത്തിനുസമീപം റോഡില്‍ വിള്ളല്‍ വീണിരുന്നു. 1.7 മീറ്റർ താഴ്‌ന്ന്‌ 58 മീറ്ററോളം റോഡ് തകരുകയും ചെയ്‌തു. ഭൂഗർഭത്തിലൂടെയുള്ള വെള്ളത്തിന്റെ കുത്തൊഴുക്കുമൂലം മണ്ണിന്റെ ബലം കുറഞ്ഞതാണ് കാരണം.
ശാസ്ത്രീയമായി റോഡ് പുനർനിർമിക്കണമെന്നായിരുന്നു സെന്റർ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ‍്യൂട്ട് (സിആർആർഐ) സംഘത്തിന്റെ കണ്ടെത്തൽ. 600 മീറ്റര്‍ റോഡ് പുനർനിർമിക്കേണ്ടതുണ്ട്. താൽക്കാലികമായി നിർമിച്ച  പാതവഴിയാണ് ഇപ്പോൾ ചരക്കുവാഹനങ്ങളുൾപ്പെടെ  കടന്നുപോവുന്നത്.
 
മലയോരത്ത് 2 ക്യാമ്പുകള്‍ സജ്ജം
എടക്കര
മലയോരമേഖലയില്‍ വ്യാഴാഴ്ചയും കനത്തമഴ തുടർന്നു. നിരവധി വീടുകൾ തകർന്നു. പോത്തുകല്ലിൽ രണ്ട് ക്യാമ്പുകൾ സജ്ജമാക്കി. പൂളപ്പാടം ഗവ. എൽപി സ്കൂളിലും മുണ്ടേരി ഗവ. ഹൈസ്കൂളിലുമാണ് ക്യാമ്പുകള്‍ ഒരുക്കിയത്. വ്യാഴം രാത്രി എട്ടുവരെ ആരെയും ക്യാമ്പിലേക്ക് മാറ്റിയിട്ടില്ല. 
പോത്തുകല്ല്ല് പഞ്ചായത്ത് പരിധിയില്‍ ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷയ്ക്കുമുകളിൽ വൈദ്യുതിതൂണ്‍ വീണ് ഡ്രൈവർക്ക് പരിക്കേറ്റു. പോത്തുകല്ല് മുക്കൂടൻ ഉസ്മാനാണ് തലയ്ക്ക് പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷയും തകര്‍ന്നു.
 പാതാറിൽ പുറത്തൂട്ട് ബിജു, പാതാറിലെ ഓനച്ചൻ എന്നിവരുടെ വീടുകള്‍ മരം വീണ് തകർന്നു. പഞ്ചായത്ത് പ്രസിഡന്റ്  വിദ്യ രാജനും ജനപ്രതിനിധികളും തകര്‍ന്ന വീടുകള്‍ സൗന്ദർശിച്ചു. മരത്തിൻകടവ്, മുണ്ട, ആശാരിപ്പൊട്ടി, മുപ്പിനി, വരക്കോട്, കാറ്റാടിക്കടവ് എന്നിവിടങ്ങളിൽ പുഴകള്‍ നിറഞ്ഞ് കൃഷിയിടത്തിൽ വെള്ളം കയറി. 
 
അരീക്കോട്, കൊണ്ടോട്ടി 
ഉപജില്ലകളില്‍ ഇന്ന് അവധി
മലപ്പുറം
അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ വി ആർ വിനോദ് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top