താനൂർ
ഏഴാം ക്ലാസിൽ അധ്യാപിക ഷാദിയ തകൃതിയായി കണക്ക് പഠിപ്പിക്കുകയാണ്. ഇടയ്‌ക്ക് മൂക്കിലേക്ക് തുളച്ചുകയറിയ കുഴിമന്തിയുടെ മണം കുട്ടികളുടെ ശ്രദ്ധ മാറ്റി. സ്‌കൂളിൽ എവിടുന്നാ മന്തിയെന്ന ചോദ്യമായിരുന്നു പലരുടെയും മുഖത്ത്.
ഇന്നെന്താ ബിരിയാണിയാണോ എന്നായി കുട്ടികളുടെ സംശയം. ‘കോപ്പ അമേരിക്കയിൽ അർജന്റീന ജയിച്ചതിന്റെ സന്തോഷത്തിന് ജമാൽ മാഷ് ഒരുക്കിയതാണ് മന്തി’, ഒടുവിൽ ടീച്ചർ ആ സസ്‌പെൻസ് പൊളിച്ചു.
നന്നമ്പ്ര കുണ്ടൂർ സിഎച്ച്എംകെഎംയുപി സ്‌കൂളിലാണ് അധ്യാപകൻ തച്ചറക്കൽ ജമാൽ വിദ്യാർഥികൾക്ക് കുഴിമന്തി നൽകിയത്.
അർജന്റീന ആരാധകനായ എംകെഎം കാറ്ററിങ് ഉടമ എം കെ മുനീർ ഭക്ഷണം പാകംചെയ്യാനെത്തി. സ്‌കൂളിലെ 150ലേറെ വിദ്യാർഥികളും അധ്യാപകരും പിടിഎ അംഗങ്ങളും ആഘോഷത്തിൽ പങ്കുചേർന്നു.
പഞ്ചായത്തംഗം തച്ചറക്കൽ കുഞ്ഞിമുഹമ്മദ് ഹാജി, ഹെഡ്മാസ്‌റ്റർ അഷ്‌റഫ്, പിടിഎ പ്രസിഡന്റ് കെ കെ നൗഷാദ്, വൈസ് പ്രസിഡന്റ് ശിഹാബ് കോഴിശേരി, മാനേജർ ഇല്യാസ് തച്ചറക്കൽ എന്നിവരും എത്തിയിരുന്നു.
ഉച്ചയ്‌ക്ക് ഭക്ഷണം കഴിച്ചതോടെ കപ്പ് നേടിയ അർജന്റീനക്കാർക്കുള്ളതിനേക്കാൾ ആവേശമായിരുന്നു കുട്ടികൾക്ക്. ലോകകപ്പിൽ അർജന്റീന ജേതാക്കളായപ്പോഴും ജമാലിന്റെ നേതൃത്വത്തിൽ സ്‌കൂളിൽ കബ്സ നൽകിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..