08 September Sunday
മലപ്പുറം ഫുട്ബോള്‍ ക്ലബ് ലോഞ്ചിങ് 26ന്

ആറാംനാള്‍ സൂര്യോദയം

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024
 
മലപ്പുറം
അങ്ങനെ കാത്തിരുന്ന സുദിനം എത്തുകയായി. ഇനി മലപ്പുറത്തിന്റെ കളിയാരവം അതിരുകൾ കടന്നും പ്രതിധ്വനിക്കും. കാൽപ്പന്തിനെ ഹൃദയത്തിലേറ്റിയവരുടെ സ്വന്തം ടീം, മലപ്പുറം ഫുട്ബോൾ ക്ലബ് (എംഎഫ്സി) 26ന് ബൂട്ടുകെട്ടും. സെപ്തംബറിൽ ആരംഭിക്കുന്ന സൂപ്പർ ലീഗിലാണ് കേരള എംഎഫ്സി ഇറങ്ങുന്നത്. ടീം ലോഞ്ചിങ് 26ന് പകല്‍ 3.30ന് മലപ്പുറം എംഎസ്‌പി സ്കൂൾ ഗ്രൗണ്ടിൽ പ്രവാസി വ്യവസായി എം എ യൂസഫലി നിർവഹിക്കും.
മുൻ ഇം​ഗ്ലീഷ് ഫുട്ബോൾ താരവും ഐഎസ്എൽ 2017–18 സീസണിൽ ചെന്നൈൻ എഫ്സി കിരീടം നേടുമ്പോൾ പരിശീലകനുമായിരുന്ന ജോൺ ചാൾസ് ​ഗ്രി​ഗറിയാണ് പരിശീലകൻ. ചെന്നൈൻ എഫ്സി മുൻ ടെക്നിക്കൽ ഡയറക്ടറും റിസർവ് ടീം പരിശീലകനുമായ തിരുവനന്തപുരം സ്വദേശി ക്ലയോഫസ് അലക്സാണ് സഹപരിശീലകൻ. ആറ് വിദേശതാരങ്ങളും 20 ദേശീയതാരങ്ങളും ടീമിലുണ്ടാവും. അന്താരാഷ്ട്ര നിലവാരത്തിൽ കലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിലാണ് പരിശീലനം നടക്കുക. മത്സരങ്ങളുടെ തത്സമയ സംപ്രേഷണം സ്റ്റാർ സ്പോർട്സ്, ഹോട്സ്റ്റാർ, യുഎഇ ഇത്തിസലാത്, ഖത്തർ ഉരീദു തുടങ്ങിയ ചാനലുകളിൽ ലഭിക്കും. 
പുതിയ താരങ്ങളെ കണ്ടെത്തും
പുതിയ തലമുറയിൽ ഫുട്ബോളിൽ കഴിവുള്ളവരെ കണ്ടെത്തി മികച്ച പരിശീലനം നൽകുമെന്ന് എംഎഫ്സി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മൂന്നുവർഷംകൊണ്ട് കേരളത്തിൽ പ്രൊഫഷണൽ ഫുട്ബോൾ താരങ്ങളെ സംഭാവനചെയ്യുകയാണ് ലക്ഷ്യം. ജില്ലയിലെ വിവിധ ക്ലബ്ബുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനം, കൗൺസലങ് എന്നിവ ലഭ്യമാക്കും. മലപ്പുറത്തെ മറ്റു ക്ലബ്ബുകളുമായി ചേർന്നും എംഎഫ്സി പ്രവർത്തിക്കും. 26ന് ടീം ലോഞ്ചിങ്ങിനുശേഷം വിവിധ കലാപരിപാടികൾ അരങ്ങേറുമെന്നും ഭാരവാഹികൾ പറഞ്ഞു. സ്വാ​ഗതസംഘം ചെയർമാൻ വി പി അനിൽ, ഷംസുദ്ദീൻ, അൻവർ അമീൻ ചേലാട്ട്, അജ്മൽ ബിസ്മി, ആഷിഖ് കൈനിക്കര, ജംഷീ​ദ് പി ലില്ലി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top