15 November Friday
ആവേശമായി ചൂണ്ടയിടല്‍ മത്സരം

ഇവിടെയിതാ പെടക്കണ മീന്‍

പി പ്രശാന്ത് കുമാര്‍Updated: Saturday Jul 20, 2024

ചെറുമുക്ക് ആമ്പൽപാടത്ത് നടന്ന അഖില കേരള ചൂണ്ടയിടൽ മത്സരത്തില്‍നിന്ന്

 
 
തിരൂരങ്ങാടി
തോട്ടുവക്കത്ത് ഒറ്റമുട്ടിലിരുന്ന് ബീഡിപുകച്ച് ചൂണ്ടയിട്ടിരുന്ന മുന്‍തലമുറയുടെ ചിത്രം ചിലരുടെയെങ്കിലും ഓര്‍മകളിലുണ്ടാകും. പുതുതലമുറയ്ക്ക് അത്ര പരിചിതമല്ലെങ്കിലും പണ്ടൊക്കെ നാട്ടിലെ യുവാക്കളുടെ വിനോദങ്ങളിലൊന്നായിരുന്നു ചൂണ്ടയിടല്‍. കഴിഞ്ഞദിവസം ചെറുമുക്ക് ആമ്പൽപാടത്ത് അങ്ങനെയൊരു കാഴ്ചയുണ്ടായി. ഒരു പരലെങ്കിലും കുരുങ്ങണേയെന്ന ചിന്തയോടെ അമ്പതോളം ആളുകളാണ് പാടവക്കത്ത് ചൂണ്ടയിട്ട് കാത്തുനിന്നത്. 
ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മയും വിസ്മയ ക്ലബ്ബും ചേര്‍ന്ന് സംഘടിപ്പിച്ച അഖില കേരള ചൂണ്ടയിൽ മത്സരമാണ് പുതുതലമുറയ്ക്ക് പുത്തന്‍ അനുഭവമായത്. മത്സരം കാണാൻ നിരവധി പേരെത്തിയതോടെ ഉത്സവാന്തരീക്ഷമായി. കാല്‍പ്പന്തുകളിയാവേശം സിരകളിലുള്ള മലപ്പുറത്തുകാര്‍ ചൂണ്ടയിടലും ആഘോഷമാക്കി. കുട്ടികളും മുതിര്‍ന്നവരും പ്രായംമറന്ന് മത്സരത്തില്‍ പങ്കെടുത്തു. കോഴിക്കോട്, തൃശൂര്‍, പാലക്കാട് ജില്ലകളില്‍നിന്നും മത്സരാര്‍ഥികളുണ്ടായിരുന്നു. ഉച്ചയ്ക്ക് തുടങ്ങിയ മത്സരം വൈകിട്ടോടെയാണ് അവസാനിച്ചത്. ഓരോ റൗണ്ടിലും അഞ്ചുപേര്‍വീതം ചൂണ്ടയിടും. ആദ്യം മീനിനെ പിടിക്കുന്ന രണ്ടുപേര്‍ അടുത്ത റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെടും. ആവേശകരമായ ഫൈനല്‍ റൗണ്ടില്‍ ഒരു പരല്‍ മീനിനെ തന്റെ ചൂണ്ടയില്‍ക്കുരുക്കി വി കെ പടി ടിജെആർ ഫിഷിങ് ബ്ലോക്കിലെ പി പി സയ്യിദ് ചാമ്പ്യനായി. കക്കാട് സോക്കർ കിങ് അം​ഗങ്ങളാണ് രണ്ടും മൂന്നും സ്ഥാനംനേടിയത്. വിജയികൾക്ക് തിരൂരങ്ങാടി തഹസിൽദാർ പ്രാൺ സിങ് ഉപഹാരം നൽകി. വി പി നബീൽ, വി പി മുനാഫിർ, പക്കുങ്ങൽ സിനാൻ, വി പി നിഹാൽ, വി പി ഖാദർ ഹാജി, മുസ്തഫ ചെറുമുക്ക്, പനക്കൽ ബഷീർ, ചോലയിൽ ഹംസ എന്നിവർ നേതൃത്വംനൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top