22 December Sunday

കേന്ദ്രം കേരളത്തോട് ജന്മി കുടിയാനോടെന്നപോലെ 
പെരുമാറുന്നു: എം എ ബേബി

വെബ് ഡെസ്‌ക്‌Updated: Friday Dec 20, 2024

സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി താനൂരിൽ സംഘടിപ്പിച്ച ‘സന്ധിയില്ലാത്ത സമരകാലം’ സെമിനാർ 
പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനംചെയ്യുന്നു

താനൂർ
ചൂരൽമലയിലെ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ അർഹതപ്പെട്ട സാമ്പത്തിക സഹായം ആവശ്യപ്പെടുന്ന കേരളത്തോട് കേന്ദ്ര സർക്കാർ ജന്മി കുടിയാനോടെന്നപോലെയാണ് പെരുമാറുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. 
സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സന്ധിയില്ലാത്ത സമരകാലം സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദിയെന്ന ജന്മിയുടെ മുന്നിൽ യാചിക്കേണ്ട കുടിയാനായാണ് കേരളത്തെ കേന്ദ്രം കണക്കാക്കുന്നത്‌. സന്ധിയില്ലാത്ത പോരാട്ടത്തിലൂടെ ജന്മിത്വം അവസാനിപ്പിച്ച മണ്ണാണിത്. കേന്ദ്ര സംസ്ഥാന ബന്ധം ജന്മി- കുടിയാൻ ബന്ധംപോലെയാണ് കേന്ദ്രം കരുതുന്നത്. ആർഎസ്എസ് നയിക്കുന്ന കേന്ദ്ര സർക്കാരിന് പഴയ ഫ്യൂഡൽ മനോഭാവമാണ്. ഫെഡറൽ തത്വങ്ങൾ കാറ്റിൽപ്പറത്തുന്നു. ഇടതുപക്ഷം ഭരിക്കുന്നതിനാൽ പ്രത്യേക വൈരാഗ്യവും വിദ്വേഷവും കാണിക്കുന്നു.
ഇതിനെതിരെ ഹൈക്കോടതിതന്നെ പൊട്ടിത്തെറിച്ചത് നാം കണ്ടു. ദുരന്തമുഖത്ത് ഹെലികോപ്ടറും സൈന്യവും വന്നതിന്റെ ചെലവ് ആവശ്യപ്പെട്ട കേന്ദ്രത്തിന്റെ മനുഷ്യത്വ രാഹിത്യത്തെയാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഈ നെറികേടിനെതിരെ സന്ധിയില്ലാത്ത പോരാട്ടം അനിവാര്യമാണ്. എല്ലാവരും ഒരുമിച്ചുനിന്ന് സമരംചെയ്യണം. 
കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ അക്രമികളായി ചിത്രീകരിക്കാൻ ചില മാധ്യമങ്ങൾ മനോരോഗികളെപ്പോലെ പ്രവർത്തിക്കുന്നു. സന്ധിയില്ലാത്ത പോരാട്ടത്തിൽ സമുന്നത നേതാക്കളെ നഷ്ടപ്പെട്ട പ്രസ്ഥാനമാണ് സിപിഐ എം. ഇതുകൊണ്ടൊന്നും കമ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്റെ പ്രതിബദ്ധത കൈവിടില്ലെന്നും  എം എ ബേബി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top