21 December Saturday

ബൂട്ടുകെട്ടാൻ കലിക്കറ്റ്‌ 
പെൺപട സജ്ജം

ജിജോ ജോർജ്‌Updated: Friday Dec 20, 2024

ദക്ഷിണാമേഖല അന്തർ സർവകലാശാല വനിതാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കലിക്കറ്റ്‌ ടീം പരിശീലനത്തിൽ

മലപ്പുറം
ചിട്ടയായ പരിശീലനം, പരിചയസമ്പന്നർക്ക്‌ മുൻതൂക്കമുള്ള നിര, ഏറെ പ്രതീക്ഷയോടെയാണ്‌ കലിക്കറ്റിന്റെ വനിതാ ടീം ദക്ഷിണാമേഖല അന്തർ സർവകലാശാല വനിതാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിനൊരുങ്ങുന്നത്‌. രണ്ടാഴ്‌ചയിൽ അധികമായി കലിക്കറ്റ്‌ സർവകലാശാലാ സ്‌റ്റേഡിയത്തിൽ ടീം പരിശീലനത്തിലാണ്‌. 26മുതൽ തമിഴ്‌നാട്ടിലെ കാരക്കോണത്ത്‌ അളഗപ്പ സർവകലാശാലയിലാണ്‌ ചാമ്പ്യൻഷിപ്പ്‌. കഴിഞ്ഞവർഷം സ്വന്തം മൈതാനത്ത്‌ നടന്ന ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനക്കാരായിരുന്നു കലിക്കറ്റ്‌. അഖിലേന്ത്യാ മത്സരത്തിലും ഖേലോ ഇന്ത്യ ചാമ്പ്യൻഷിപ്പിലും ടീം മാറ്റുരച്ചു. ഇത്തവണയും ദക്ഷിണാമേഖലയിൽനിന്ന് അനായാസം യോഗ്യത നേടി അഖിലേന്ത്യാ തലത്തിൽ മെഡൽ നേടുകയാണ്‌ ലക്ഷ്യം.
ഡോ. ഇർഷാദ്‌ ഹസന്റെയും (ഫാറൂഖ്‌ കോളേജ്‌) ജസീല ഇളയേടത്തിന്റെയും (ദേവഗിരി കോളേജ്‌) കീഴിലാണ്‌ പരിശീലനം. 22 അംഗ ടീമിൽ ബഹുഭൂരിപക്ഷവും സംസ്ഥാന ടീമിൽ കളിച്ചുപരിചയമുള്ളവരാണ്‌. ടീം അംഗമായ ആര്യ അനിൽകുമാർ ഇന്ത്യൻ ക്യാമ്പിലാണ്‌. 
എ ടി കൃഷ്‌ണപ്രിയ, ഇ തീർത്ഥ ലക്ഷ്‌മി, കെ മാനസ, കെ സാന്ദ്ര, വി ആരതി, ടി സൗപർണിക, താനുശ്രീ രമേഷ്‌, പി എം ആരതി, എം സോന എന്നിവർ കേരളത്തിന്റെ സീനിയർ ടീമിനായി ബൂട്ടുകെട്ടിയവരാണ്‌. ദർശിനി ദേവി തമിഴ്‌നാട്‌ സീനിയർ ടീമിനായും കളിച്ചു. ഘാനക്കാരിയായ ജെനിഫർ ഡോർഡേയാണ്‌ ടീമിലെ വിദേശ സാന്നിധ്യം. 
മറ്റംഗങ്ങൾ: എസ്‌ അനിത, ജിഷില ഷിബു, അക്‌സ മാത്യു, എയ്‌ഞ്ചൽ സജി, അസ്‌മി റോബർട്ട്‌, സി കെ ദേവനന്ദ, കെ സബിമോൾ, ജെ എസ്‌ ജെസി, എ ജി ശ്രീലക്ഷ്‌മി, വി ആര്യ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top