08 September Sunday

ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടാന 
ഷോക്കേറ്റ് ചരിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

മൂത്തേടം ചീനിക്കുന്നിൽ ഷോക്കേറ്റ് ചരിഞ്ഞ കാട്ടാന

എടക്കര
മൂത്തേടം പഞ്ചായത്തിലെ ചീനിക്കുന്ന് ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു. മുപ്പതുവയസ്സുള്ള കൊമ്പനാണ് കൃഷി സംരക്ഷണത്തിനായി സ്ഥാപിച്ച വേലിയിൽനിന്ന് ഷോക്കേറ്റ് ചരിഞ്ഞത്. ശനിയാഴ്ച രാവിലെയാണ് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ചീനിക്കുന്ന് മേഖലയിൽ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിൽ ആനയുടെ ജഡം കണ്ടെത്തിയത്. നിലമ്പൂർ വനം റേഞ്ച് ഓഫീസർ അഖിൽ നാരായണന്റെ നേതൃത്വത്തിലുള്ള വനപാലകർ സംഭവസ്ഥലത്തെത്തി പോസ്റ്റ്മോർട്ട നടപടി ആരംഭിക്കാനിരിക്കെ നാട്ടുകാർ പ്രതിഷേധവുമായെത്തി. ജനവാസമേഖലയിലിട്ട് പോസ്റ്റ്മോർട്ടം നടത്തരുതെന്നും പ്രദേശത്തുനിന്ന്‌ കൊണ്ടുപോകണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. മേഖലയിൽ വന്യമൃഗശല്യം രൂക്ഷമാണെന്നും അതിന്‌ പരിഹാരം കാണണമെന്നും കലക്ടർ നേരിട്ടെത്തി ആവശ്യങ്ങൾ അംഗീകരിക്കുമെന്ന് ഉറപ്പുനൽകിയാലെ ആനയെ കൊണ്ടുപോകാൻപറ്റൂവെന്നും നാട്ടുകാർ പറഞ്ഞു. ജനപ്രതിനിധികൾ, നിലമ്പൂർ നോർത്ത് എസിഎഫ് അനീഷ സിദ്ദീഖ്, എടക്കര ഇൻസ്പെക്ടർ എൻ വി ഷൈജു, രാഷ്ട്രീയ പാർടി നേതാക്കൾ എന്നിവർ സ്ഥലത്തെത്തി പ്രദേശവാസികളുമായി ചർച്ചനടത്തി. വന്യജീവി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ എംഎൽഎ, ഡിഎഫ്ഒ ഉൾപ്പെടെയുള്ള ഉന്നതാധികാരികളുടെ നേതൃത്വത്തിൽ യോഗംചേരുമെന്ന്‌ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഉറപ്പുനൽകിയതിനെ തുടർന്നാണ് ആനയെ സംഭവസ്ഥലത്തുനിന്ന്‌ കൊണ്ടുപോകാൻ നാട്ടുകാർ അനുവദിച്ചത്. 
പകൽ ഒന്നോടെ ക്രെയിൻ ഉപയോഗിച്ച്‌ ആനയെ ലോറിയിൽക്കയറ്റി കരുളായി വനം റേഞ്ചിലെ പടുക്ക ഫോറസ്റ്റ് സ്റ്റേഷന് കീഴിലുള്ള വനത്തിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി സംസ്‌കരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top