കോഴിക്കോട്
നിപാ സ്ഥിരീകരിച്ച പാണ്ടിക്കാട് സ്വദേശി പതിനാലുകാരനെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രോഗിയെ സെർവ് അക്യുട്ട് റെസ്പിറേറ്ററി ഇൻഫെക്‌ഷൻ (എസ്എആർഐ) തീവ്ര പരിചരണ വിഭാഗത്തിലെ വെന്റിലേറ്ററിലേക്കാണ് മാറ്റിയത്.
എസ്എആർഐ തീവ്ര പരിചരണ വിഭാഗത്തിലെ 10 കിടക്കകൾ ഐസൊലേഷനായി മാറ്റിവച്ചു. ഇതിനൊപ്പം പേവാർഡിലെ ഒന്നാംനില പൂർണമായും ഐസൊലേഷൻ വാർഡാക്കി. രോഗീ പരിചരണത്തിന് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടുന്ന പ്രത്യേക ടീമിനെ നിയോഗിച്ചു. ആറ് മണിക്കൂർ ഇടവിട്ട് ഓരോ ടീമും മാറി മാറി പ്രവർത്തിക്കും. നോഡൽ ഓഫീസർ ആയി മെഡിസിൻ വിഭാഗം മേധാവി ഡോ. പി ജയേഷ് കുമാറിനെ നിയോഗിച്ചു. പ്രിൻസിപ്പൽ ഡോ. കെ ജി സജീത്ത് കുമാർ മേൽനോട്ടം വഹിക്കും. സൂപ്രണ്ട് എം പി ശ്രീജയനും വിവിധ വകുപ്പു മേധവികളും കാര്യങ്ങൾ ഏകോപിപ്പിക്കും.
സ്ഥിതി വിശകലനം ചെയ്യുന്നതിനായി ആരോഗ്യമന്ത്രി വീണാ ജോർജിന്റെയും കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെയും അധ്യക്ഷതയിൽ യോഗങ്ങൾ ചേർന്നു. വകുപ്പ് മേധവികളും ആരോഗ്യപ്രവർത്തകരും പങ്കെടുത്തു.
14 കമ്മിറ്റികൾ
പ്രവർത്തിക്കും
നിപാ രോഗിയുടെ പരിചരണവും ഭക്ഷണ വിതരണവും ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി 14 കമ്മിറ്റികൾ രൂപീകരിച്ചു. ഇവരുടെ നിയന്ത്രണത്തിലാണ് ഐസൊലേഷൻ വാർഡിലെ കാര്യങ്ങൾ നീങ്ങുക. പിപിഇ കിറ്റും മാസ്കും ധരിച്ചാണ് രോഗി പരിചരണം.
പേവാർഡിലെ ഐസൊലേഷൻ വാർഡിന് സമീപത്തായി ട്രയാജ് ഒരുക്കി. ഗുരുതര ലക്ഷണമുള്ളവരെ ഇവിടെ പരിശോധിക്കും. ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും ക്വാറന്റെയിന്‍ നിര്‍ദേശിച്ചവര്‍ക്കും നിപാ ടെസ്റ്റ് നടത്തുന്നതിന് ഇവിടെ നിന്നാണ് നിർദേശം നൽകുക. അതേസമയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മാസ്ക് നിർബന്ധമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..