08 September Sunday
പാണ്ടിക്കാട്ടും ആനക്കയത്തും കടുത്ത നിയന്ത്രണം

നേരിടാൻ 
സജ്ജം

സ്വന്തം ലേഖകർUpdated: Sunday Jul 21, 2024

മലപ്പുറം പാണ്ടിക്കാട്ടെ വിദ്യാര്‍ഥിക്ക് നിപാ സംശയിച്ചതിനെ തുടര്‍ന്ന് മലപ്പുറത്തെത്തിയ ആരോ​ഗ്യമന്ത്രി വീണാ ജോര്‍ജ് അടിയന്തര യോ​ഗത്തിനുമുന്പ് മാധ്യമങ്ങളെ കാണുന്നു

പാണ്ടിക്കാട്‌ 
ചെമ്പ്രശേരിയില്‍ നിപാ ബാധിച്ച കുട്ടിയുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് തയ്യാറാക്കും. കുട്ടിക്ക് വൈറസ് ബാധയേല്‍ക്കാനിടയായ സാഹചര്യവും പരിശോധനയിലൂടെ കണ്ടെത്തും. ആരോഗ്യവകുപ്പിന്റെ ടീം ഇതിനായി ശനിയാഴ്ച രാവിലെമുതല്‍ പരിശോധന ആരംഭിച്ചു. നിലവില്‍ 214 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 60 പേർ ഹൈറിസ്‌ക്‌ വിഭാഗത്തിലുള്ളവരാണ്. ഇവരുടെ സാമ്പിളുകള്‍ പരിശോധിക്കും. കുട്ടിയുടെ വീട്‌ ഉൾക്കൊള്ളുന്ന പാണ്ടിക്കാട് പഞ്ചായത്തിലും സ്‌കൂൾ ഉൾപ്പെടുന്ന ആനക്കയം പഞ്ചായത്തിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇവിടെ കടകളുടെ പ്രവര്‍ത്തനം രാവിലെ 10മുതൽ വൈകിട്ട് അഞ്ചുവരെ മാത്രമാക്കി. തിയറ്ററുകൾ അടച്ചിടും. സ്‌കൂളുകൾക്കും മദ്രസകൾക്കും അവധി നൽകി.
 
വീട്ടുകാർ നിരീക്ഷണത്തിൽ 
പ്രതിരോധപ്രവർത്തനങ്ങളുടെ ആദ്യഘട്ട നടപടിയായി കുട്ടിയുടെ വീട്ടുകാർക്ക്‌ ആരോഗ്യപ്രവർത്തകർ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്‌. നിലവിൽ മറ്റ്‌ ആളുകളുമായി സമ്പർക്കമില്ലാതെയാണ്‌ കുടുംബം കഴിയുന്നത്‌. വിദേശത്ത്‌ ജോലിചെയ്യുന്ന പിതാവ് കുട്ടിയുടെ അസുഖവിവരമറിഞ്ഞ് വ്യാഴാഴ്ച നാട്ടിലെത്തിയിരുന്നു. പനി ബാധിച്ച് കുട്ടി ആദ്യം ചികിത്സതേടിയ ക്ലിനിക്കിലെ ഡോക്ടര്‍, പിന്നീട് പോയ പാണ്ടിക്കാട് പികെഎം ആശുപത്രിയിലെ ഡോക്ടറും നഴ്സുമാരും പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രി ജീവനക്കാര്‍ എന്നിവരും നിരീക്ഷണത്തിലുണ്ട്. സ്‌കൂള്‍, ട്യൂഷന്‍ സെന്റര്‍  എന്നിവ കേന്ദ്രീകരിച്ചും നിരീക്ഷണം ശക്തമാക്കും. 
 
അവലോകന യോ​ഗം ചേര്‍ന്നു
നിപാ സ്ഥിരീകരിച്ച സാഹചര്യത്തിൽ പാണ്ടിക്കാട്‌ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. ശനി രാവിലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍  ആര്‍ രേണുകയുടെ നേതൃത്വത്തിൽ പാണ്ടിക്കാട് കുടുംബാരോഗ്യകേന്ദ്രത്തിൽ ആരോഗ്യപ്രവർത്തകരുടെ സംയുക്തയോഗം ചേർന്നു. 
വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിനുകീഴിലെ  എല്ലാ പഞ്ചായത്തുകളിലെയും ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ നഴ്സുമാർ എന്നിവരുടെ പ്രവർത്തനങ്ങൾ പാണ്ടിക്കാട്ടേക്ക് മാറ്റി. പ്രവർത്തനങ്ങൾക്ക് മെഡിക്കൽ ഓഫീസർ ഷെമീന, എച്ച്ഐ ശ്രീജിത്ത് അമ്പ്രാട്ട് എന്നിവര്‍ നേതൃത്വം നൽകും. 
ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച നടപടി സ്വീകരിക്കാൻ ആരോഗ്യ ഡയറക്ടർക്ക് മന്ത്രി വീണാ ജോർജ്‌ നിർദേശം നൽകി.
 
ഭയം വേണ്ട, ഒരുമിച്ച് നേരിടും: 
മന്ത്രി വീണാ ജോര്‍ജ്
മലപ്പുറം
ജില്ലയിൽ നിപാബാധ സ്ഥിരീകരിച്ചതിൽ ഭയം വേണ്ടെന്നും ഒരുമിച്ചുനിന്ന് നേരിടണമെന്നും മന്ത്രി വീണാ ജോർജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞവർഷം നിപബാധ നിയന്ത്രിച്ചുനിർത്താൻ കഴിഞ്ഞിട്ടുണ്ട്. ശനിയാഴ്ച രാവിലെമുതൽ ആരോ​ഗ്യവകുപ്പ് ഉദ്യോഗസ്ഥർ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കിയിരുന്നു. 25 കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. കുട്ടിയുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നുണ്ട്. ഇവരെ നിരീക്ഷണത്തിലാക്കും. ഇതുവരെ ആർക്കും തീവ്രമായ ആരോഗ്യപ്രശ്നങ്ങളോ രോഗലക്ഷണങ്ങളോയില്ല. കോഴിക്കോട്ടുനിന്ന് നിപാ കൈകാര്യംചെയ്ത വൈദ​​ഗ്ധ്യമുള്ള ആരോഗ്യപ്രവർത്തകർ മലപ്പുറത്തെത്തും. എല്ലാ ദിവസവും പ്രവർത്തനങ്ങൾ വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.
 
കുട്ടി തീവ്രപരിചരണ 
വിഭാഗത്തിൽ
മലപ്പുറം
നിപാ സ്ഥിരീകരിച്ച  14കാരൻ കോഴിക്കോട് ​ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ. സെർവ് അക്യൂട്ട്  റെസ്‌പിരേറ്റരി  ഇൻഫെക്ഷൻ (എസ്എആർഐ) തീവ്രപരിചരണ വിഭാ​ഗത്തിലെ വെന്റിലേറ്ററിലേക്കാണ് മാറ്റിയത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽനിന്ന് പ്രത്യേക ആംബുലൻസിൽ ശനി വൈകിട്ട് 6.30ഓടെയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. കുട്ടിയുടെ ആരോ​ഗ്യനില അതീവ​ഗുരുതരമായി തുടരുകയാണെന്ന് ആരോ​ഗ്യപ്രവർത്തകർ അറിയിച്ചു. 
 
 
നിപാ: ഉന്നതതല 
യോ​ഗം ഇന്ന്‌
മലപ്പുറം
നിപാ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഞായർ രാവിലെ ഒമ്പതിന്‌ ഉന്നതതല യോഗം ചേരും. പ്രതിരോധ പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തും. 
ശനി വൈകിട്ടും യോഗം ചേർന്നിരുന്നു. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ മന്ത്രി വി അബ്ദുറഹ്മാൻ, എംഎൽഎമാരായ  പി ഉബൈദുള്ള, എ പി അനിൽകുമാർ, യു എ ലത്തീഫ്, അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ ഖോബ്രഗഡെ, കലക്ടർ വി ആർ വിനോദ്, ആരോഗ്യ ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ  എന്നിവർ പങ്കെടുത്തു.
 
24 മണിക്കൂർ 
കൺട്രോൾ റൂം
മലപ്പുറം
വിദ്യാർഥിക്ക് നിപാ സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലയിൽ ആരോഗ്യവകുപ്പ് കൺട്രോൾ റൂം തുറന്നു. പിഡബ്ല്യുഡി റസ്റ്റ് ഹൗസിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം. ഫോൺ: 0483- 2732010, 0483 -2732050, 0483- 2732060, 0483- 2732090.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top