മലപ്പുറം
ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ അന്തരീക്ഷത്തിന് ഹാനികരമാകാതെ നിജപ്പെടുത്തുന്ന ‘നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ’ കർമപദ്ധതിയുടെ ഭാഗമാകാൻ ജില്ലയിലെ അഞ്ച് പഞ്ചായത്തുകൾ. വെട്ടം, കീഴുപറമ്പ്, കീഴാറ്റൂർ, വാഴയൂർ, മൂത്തേടം പഞ്ചായത്തുകളാണ് ഹരിത കേരളം മിഷൻ നടപ്പാക്കുന്ന പദ്ധതിയിൽ പങ്കാളികളാകുന്നത്.
പഞ്ചായത്തുകളിൽ ഹരിതഗൃഹ വാതകങ്ങളുടെ അളവ് കണ്ടെത്തും. വൈദ്യുതി ഉപയോഗം, ഗതാഗതം, മാലിന്യസംസ്‌കരണം എന്നിവ സർവേയിലൂടെ കണ്ടെത്തും. അതിന്റെ അടിസ്ഥാനത്തിൽ അനുയോജ്യമായ പദ്ധതികൾ നടപ്പാക്കും.
അങ്കൺ ജ്യോതി
സ്വന്തം കെട്ടിടമുള്ള അങ്കണവാടികളുടെ മേൽക്കൂരയിൽ സോളാർ പാനലുകൾ സ്ഥാപിച്ചും ഇൻഡക്‌ഷൻ കുക്കർ, എൽഇഡി ലൈറ്റ്, ട്യൂബുകൾ തുടങ്ങിയ ഊർജക്ഷമതയുള്ള മറ്റ് ഉപകരണങ്ങൾ നൽകിയും ഹരിതഗൃഹ വാതക പുറന്തള്ളലിനെ നിയന്ത്രിക്കും. അഞ്ച് പഞ്ചായത്തുകളിലായി 142 അങ്കണവാടികളാണുള്ളത്. എനർജി മാനേജ്‌മെന്റ് സെന്ററുമായി (ഇഎൻജി) സഹകരിച്ചാണ് ഇവിടെ പദ്ധതി നടപ്പാക്കുക.
കുഞ്ഞൻ (പീക്കോ)
ജലവൈദ്യുത
പദ്ധതികൾ
ഒന്നുമുതൽ 10 കിലോ വാട്ടുവരെ ശേഷിയുള്ള ജലവൈദ്യുത പദ്ധതികൾ നടപ്പാക്കാൻ ഇഎംസി സാങ്കേതിക സഹായം നൽകും. ജില്ലയിൽ മൂത്തേടം, വാഴയൂർ പഞ്ചായത്തുകളാണ് സാധ്യതാ പ്രദേശങ്ങളായി തെരഞ്ഞെടുത്തിട്ടുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..