മലപ്പുറം
ചേർത്തുപിടിച്ചും വിവരങ്ങൾ ചോദിച്ചറിഞ്ഞും ആശ്വസിപ്പിച്ചും ആരോഗ്യമന്ത്രി വീണാ ജോർജ്. ‘ആർദ്രം ആരോഗ്യം' പരിപാടിയുടെ ഭാഗമായി ജില്ലയിലെ ആശുപത്രികൾ സന്ദർശിച്ചു. തങ്ങളുടെ ആരോഗ്യസൗഖ്യം നേരിട്ടറിയാൻ അരികിലെത്തിയ പ്രിയ മന്ത്രിയെ ജനങ്ങളും സ്‌നേഹത്തോടെ വരവേറ്റു. സാധാരണക്കാർക്ക് സർക്കാർ ആശുപത്രികളിലൂടെ ലഭ്യമായ നൂതന ചികിത്സയ്ക്ക് നന്ദി പറഞ്ഞും പാട്ടുപാടിയും അവർ മന്ത്രിയുമായി സന്തോഷം പങ്കിട്ടു.
ആശുപത്രികളിലെ വികസന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താനും പോരായ്മകൾ പരിഹരിച്ച് സമയബന്ധിതമായി നടപടി സ്വീകരിക്കാനുമാണ് മന്ത്രിയുടെ സന്ദർശനം.
ജില്ലയിൽ കൊണ്ടോട്ടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി, അരീക്കോട് താലൂക്ക് ആശുപത്രി, നിലമ്പൂർ ജില്ലാ ആശുപത്രി, വണ്ടൂർ താലൂക്ക് ആശുപത്രി, പെരിന്തൽമണ്ണ ജില്ലാ ആശുപത്രി, മലപ്പുറം താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി, കുറ്റിപ്പുറം താലൂക്ക് ആശുപത്രി, പൊന്നാനി താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി, പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, തിരൂർ ജില്ലാ ആശുപത്രി, തിരൂരങ്ങാടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി എന്നിവിടങ്ങൾ സന്ദർശിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീന, ജില്ലാ മെഡിക്കൽ ഓഫീസർ ആർ രേണുക, എൻഎച്ച്എം ജില്ലാ പ്രോഗ്രം മാനേജർ ഡോ. സി എൻ അനൂപ്, ആരോഗ്യവകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
സേവനങ്ങൾ സൂക്ഷ്മമായി
പരിശോധിക്കും: മന്ത്രി വീണാ ജോർജ്
മലപ്പുറം
സർക്കാർ ആശുപത്രിവഴി നൽകുന്ന സേവനങ്ങൾ സുക്ഷ്മമായി പരിശോധിക്കും. ആർദ്രം പദ്ധതി മുഖേന ആശുപത്രിയിൽ ഒരുക്കിയിരിക്കുന്ന സേവനങ്ങൾ പരിശോധിച്ച് വിലയിരുത്തുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ‘ആർദ്രം ആരോഗ്യം’ പരിപാടി ഭാഗമായി ജില്ലയിലെ സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങളും പ്രശ്‌നങ്ങളും വിലയിരുത്താൻ നടത്തിയ സന്ദർശനത്തിനിടെ മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഒരുക്കിയ സേവനങ്ങൾ ഉപയോഗിക്കാൻ കഴിയാത്ത സാങ്കേതിക പ്രശ്‌നങ്ങൾ പരിശോധിച്ച് നടപടിയെടുക്കും. ഫയർ എൻഒസി ലഭിക്കാത്തതാണ് പീഡിയാട്രിക് ഐസിയു, ഓപ്പറേഷൻ തിയറ്റർ പോലുള്ള സൗകര്യങ്ങൾ ഉപയോഗിക്കാൻ സാധിക്കാത്തത്. ഇങ്ങനെയുള്ള സാങ്കേതിക തടസ്സങ്ങൾ നീക്കി പ്രവർത്തനസജ്ജമാക്കാൻ നടപടിയെടുക്കും. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഫോറൻസിക് സർജനെ നിയമിക്കും. ജോലിക്രമീകരണംവഴിയാണ് നിയമനം സാധ്യമാക്കുക. ഓരോ ആശുപത്രിയിലെയും ചെറുതും വലുതുമായ പ്രശ്‌നങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കി നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ഓരോ ജില്ലയിലെ ആശുപത്രികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തും.
എംഎൽഎമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും കലക്ടർമാരും ഉദ്യോഗസ്ഥരും പങ്കുചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തും. പ്രശ്‌നങ്ങൾ മനസ്സിലാക്കി റിപ്പോർട്ട് തയ്യാറാക്കും. അതിന്റെ അടിസ്ഥാനത്തിൽ പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
കാത്തിരുന്നു, മന്ത്രിയെ കണ്ട് ഫാത്തിമയുമ്മ
മലപ്പുറം
പ്രിയ മന്ത്രിയെ ഒന്ന് കാണാനും സംസാരിക്കാനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മലപ്പുറം വലിയങ്ങാടി സ്വദേശി ഫാത്തിമയുമ്മ. രാവിലെ മലപ്പുറം താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോഴാണ് മന്ത്രി വീണാ ജോർജ് ആശുപത്രിയിൽ എത്തുമെന്ന് അറിയുന്നത്. പിന്നാലെ മന്ത്രിയെ കാണാനുള്ള ആഗ്രഹം ആശുപത്രി ജീവനക്കാരോട് പങ്കുവച്ചു. മന്ത്രി ഉച്ചയ്‌ക്കുശേഷമേ എത്തൂവെന്ന് അറിയിച്ചെങ്കിലും അറുപത്തെട്ടുകാരിയായ ഫാത്തിമയുമ്മ വീട്ടിലേക്ക് പോകാതെ കാത്തിരുന്നു. ഉച്ച കഴിഞ്ഞാണ് മന്ത്രി എത്തിയത്.
തിരക്കിലായിരുന്നെങ്കിലും രാവിലെമുതൽ തന്നെ കാണാൻ കാത്തുനിന്ന ഫാത്തിമയുമ്മയെ കണ്ട് കുശലം പറഞ്ഞാണ് മന്ത്രി മടങ്ങിയത്. ഈ നിമിഷങ്ങൾ സമൂഹമാധ്യമത്തിലൂടെ മന്ത്രി പങ്കുവയ്ക്കുകയും ചെയ്‌തു.
മലപ്പുറം താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് കേന്ദ്രം തുടങ്ങും
മലപ്പുറം
മലപ്പുറം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ ഡയാലിസിസ് കേന്ദ്രം ഒരുക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് മുഴുവൻ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഇത്.
ആശുപത്രിയിലെ സൗകര്യ ക്രമീകരണങ്ങൾക്കുശേഷമാകും കേന്ദ്രം തുടങ്ങുക. ആർദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി ആശുപത്രി സന്ദർശിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഡയാലിസിസ് കേന്ദ്രത്തിനായി നിലവിലെ ആശുപത്രി കെട്ടിടത്തിൽ പുതുതായി ഒരു നിലകൂടി നിർമിക്കും.
ഹൃദയത്തോട് ചേർത്ത്...
വണ്ടൂർ
കളിചിരിയും കുസൃതിയുമായി ഉമ്മ സാബിനയ്ക്ക് ഒപ്പം കുഞ്ഞു മെഹ്‌സിനയും മന്ത്രിയെ കാണാനെത്തി. തിരുവാലി പത്തിരിയാൽ സ്വദേശികളായ സാബിന –- ഷറഫുദ്ദീൻ ദമ്പതികളുടെ മകൾ ഫാത്തിമ മെഹ്‌സിന ജനിച്ച് 14–--ാം ദിവസം സർക്കാരിന്റെ ‘ഹൃദ്യം' പദ്ധതിയിലൂടെ ഹൃദയ ശസ്ത്രക്രിയ നടത്തിയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
വണ്ടൂർ താലൂക്കാശുപത്രിയിൽ തന്നെ കാണാനെത്തിയ കുഞ്ഞിനെ ഓമനിച്ച മന്ത്രി വീണാ ജോര്‍ജ് ആരോഗ്യവിവരങ്ങൾ ചോദിച്ചറിഞ്ഞു.
ജനിച്ച് 12–--ാം ദിവസം ഗുരുതരാവസ്ഥയിൽ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റിയാണ് ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ആറുമാസം പ്രായമായ മെഹ്‌സിന ഇപ്പോൾ പൂർണ ആരോഗ്യവതിയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..