21 December Saturday
പ്രതിരോധം വിജയം

മലപ്പുറം നിപാ മുക്തം

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024
മലപ്പുറം
ആരോ​ഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ സംവിധാനങ്ങൾ മുന്നിട്ടിറങ്ങി നടത്തിയ നിപാ പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലയിൽ വിജയകരം. ഡബിൾ ഇൻക്യുബേഷൻ പിരീഡ് (42 ദിവസം) കഴിഞ്ഞതിനാൽ നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കി. സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന 472 പേരുടെയും ക്വാറന്റൈൻ അവസാനിച്ചു. പ്രത്യേക കൺട്രോൾ റൂം പ്രവർത്തനവും അവസാനിപ്പിച്ചു. 
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സ്ഥിതി വിലയിരുത്തി. മരിച്ച പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരനുമാത്രമാണ് നിപാ സ്ഥിരീകരിച്ചത്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതിനാൽ രോഗം മറ്റൊരാളിലേക്ക് പകരാതെ തടയാനായി. ഒറ്റക്കെട്ടായി പ്രവർത്തിച്ച മുഴുവനാളുകളെയും അഭിനന്ദിച്ച മന്ത്രി ജാഗ്രത തുടരണമെന്നും നിർദേശിച്ചു. കുട്ടിയുടെ മരണം തീരാനഷ്ടമാണെന്നും കുടുംബത്തിന്റെ ദുഃഖം നാടിന്റേതുമാണെന്നും മന്ത്രി പറഞ്ഞു.
 
മുന്നിൽനിന്ന് നയിച്ച് സർക്കാർ
ജൂലൈ 20ന് ജില്ലയിൽ നിപാ ബാധ സംശയിച്ചതുമുതൽ സംസ്ഥാന സർക്കാർ പ്രതിരോധപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. നിപാ മാർഗനിർദേശങ്ങളനുസരിച്ച് 25 കമ്മിറ്റികൾ രൂപീകരിച്ചായിരുന്നു പ്രവർത്തനം. സമ്പർക്കപ്പട്ടിക തയ്യാറാക്കി ആളുകളെ ക്വാറന്റൈനിലാക്കി. 
കുട്ടിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും തുറന്നു. മന്ത്രി വീണാ ജോർജ് ജില്ലയിൽ ക്യാമ്പ് ചെയ്താണ് നടപടികൾ  ഏകോപിപ്പിച്ചത്. ദിവസവും അവലോകന യോഗങ്ങൾ ചേർന്നു. മാർഗനിർദേശങ്ങൾക്കനുസൃതമായി രോഗസാധ്യതയുള്ള എല്ലാവരുടെയും സാമ്പിളുകൾ പരിശോധിച്ചു.മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും തീവ്രപരിചരണ സംവിധാനങ്ങൾ ക്രമീകരിച്ചു. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ താൽക്കാലിക നിയന്ത്രണങ്ങൾ  ഏർപ്പെടുത്തി. വണ്ടൂർ, നിലമ്പൂർ, കരുവാരക്കുണ്ട്  എന്നിവിടങ്ങളിൽ പനി ക്ലിനിക്കുകൾ തുടങ്ങി. നിരീക്ഷണത്തിലിരിക്കുന്നവരുടെ വീടുകളിൽ ഭക്ഷണം, മരുന്ന് ഉൾപ്പെടെയുള്ളവ എത്തിക്കുന്നതിന് സന്നദ്ധപ്രവർത്തകരുടെ സേവനം ലഭ്യമാക്കി. പൂർണമായും അടച്ചിടുന്നതിന് പകരം നിയന്ത്രണമേർപ്പെടുത്തി പ്രതിരോധം ശക്തമാക്കുകയായിരുന്നു. ജില്ലയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാൻ, എംപിമാർ, എംഎൽഎമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർടി നേതാക്കൾ എന്നിവരും പിന്തുണയേകി ഒപ്പമുണ്ടായിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top