22 November Friday
ഇന്ന്‌ ലോക നാട്ടറിവ് ദിനം

പഴമയെ ട്രെന്‍ഡാക്കും 
പാട്ടുകാരൻ

ടി വി സുരേഷ്‌Updated: Thursday Aug 22, 2024

നാടൻപാട്ട് കലാകാരൻ ജയറാമും സംഘവും

മഞ്ചേരി
പാടിപ്പഴകിയ ഞാറ്റുപാട്ടുകൾ, കാലം മറന്ന തിരണ്ടുകുളിപ്പാട്ടുകൾ.. പഴയതെല്ലാം പുതുക്കി അവതരിപ്പിക്കുകയാണ്‌ നാടൻപാട്ട് കലാകാരൻ മഞ്ചേരി കോവിലകംകുണ്ടിലെ ജയറാം. നാടൻപാട്ടുകളെ സംബന്ധിച്ച അറിവുകൾ തിരിച്ചുപിടിക്കാനുമുള്ള ​ഗവേഷണത്തിലാണ് ജയറാമും കൂട്ടരും.
വാവും പടച്ചോനെ തമ്പിരാനേ
നാങ്കളേം മക്കളേം കാക്കണട്ടോ
നാങ്കളേം മക്കളേം കാക്കണങ്കി
നട്ടതിലായിരം മേനി മാണം....
കൃഷിസംബന്ധമായി പാടുന്ന ഈ വല്യോളം പാട്ട് ചെറിയമ്മ കുഞ്ഞിമാളുവിൽനിന്നാണ് ജയറാം ആദ്യമായി കേൾക്കുന്നത്. തിരണ്ടുകല്യാണത്തിന് (ഋതുമതി വേള) പാടുന്ന മഞ്ഞൾകുളിപ്പാട്ടും ആദ്യം കേൾക്കുന്നത് ചെറിയമ്മയിൽനിന്നുതന്നെ. ഇങ്ങനെ ആചാര അനുഷ്‌ഠാനങ്ങളുടെ ഭാഗമായി വാമൊഴിയായി പകർന്നുകിട്ടിയതാണ് പാട്ടുകളൊക്കെ. ഇവ ക്രോഡീകരിച്ച് പുതിയ തലമുറയ്ക്കായി പകർന്നുനൽകാനുള്ള ഉദ്യമത്തിലാണ്‌ ജയറാം. 
കാളപ്പാട്ട്, കുതിരകളി, മഞ്ഞൾകുളിപ്പാട്ട്, കോളാമ്പിപ്പാട്ട്, പാമ്പാടിപ്പാട്ട് തുടങ്ങി നൂറോളം പാട്ടുകൾ ഗവേഷണത്തിലൂടെ ഭാവിയിലേക്കായി രേഖപ്പെടുത്തിക്കഴിഞ്ഞു. പാട്ടിനൊപ്പം തനതുവാദ്യങ്ങളായ പറച്ചെണ്ട, മരം, തുടി, അരമണി, ചിലമ്പ്, വീക്കുചെണ്ട, കോൽചിലമ്പ് തുടങ്ങിയ പരമ്പരാഗത വാദ്യോപകരണങ്ങളും സംരക്ഷിക്കുന്നുണ്ട്‌. മൂന്ന് പതിറ്റാണ്ടിലേറെയായി നാടൻപാട്ട് രംഗത്ത് സജീവമാണ് മഞ്ചേരി കെഎസ്ഇബിയിലെ ഓവർസിയറായ ജയറാം. ചെമ്പട്ടെന്ന് പേരിലുള്ള ജയറാമിന്റെ നാടൻപാട്ടുസംഘം ഇതിനകം കേരളത്തിലങ്ങോളമിങ്ങോളം പരിപാടികൾ അവതരിപ്പിച്ചു. ജയറാമിന്റെ പാട്ടുപാടി വിദ്യാർഥി സംസ്ഥാന സ്കൂൾ, കോളേജ് കലോത്സവങ്ങളിലും തിളങ്ങി. തൃശൂർ കലാഭവൻ മണി ഫൗണ്ടേഷന്റെ ഓടപ്പഴം പുരസ്കാരം, പാട്ടുകൂട്ടം നാടൻപാട്ട് ഗവേഷണ കേന്ദ്രത്തിന്റെ മണിമുഴക്കം പുരസ്കാരങ്ങളും ലഭിച്ചു. ഭാര്യ: ഷിജിമോൾ. മക്കള്‍: അഭിയ, അമേയ, അവന്തിക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top